അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിവരെ 39 ശതമാനം വോട്ട്‌ രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ റാണിപില്‍ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. 12.15 ഓടെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്നാണ് മോദി തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചത്. 

സബര്‍മതി മണ്ഡലത്തില്‍ ബിജെപി സിറ്റിങ് എംഎല്‍എ അരവിന്ദ് പട്ടേലിനെതിരെ ജിത്തുഭായ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതിനിടെ വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

മുംബൈയില്‍ നാവികസേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി വോട്ട് ചെയ്യാനായി ഗുജറാത്തിലെത്തിയത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദിലെ നാരാണ്‍പുരയിലും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത്സിങ് സോളങ്കി ആനന്ദിലും പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ വീരംഗത്തും വോട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ ഗാന്ധിനഗറിലാണ് വോട്ട് ചെയ്തത്.

പരിശോധനക്ക് ശേഷം മൊത്തം 1.63 ശതമാനം വിവിപാറ്റുകളും 0.88 ശതമാനം വോട്ടിങ് മെഷീനുകളും 0.86 കണ്‍ട്രോള്‍ യൂണിറ്റുകളും മാറ്റി സ്ഥാപിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ് ജനവിധി നിര്‍ണയിക്കപ്പെടുക. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ഡിസംബര്‍ 18നാണ്‌.