ഗാന്ധിനഗര്‍: അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിര്‍ദ്ദിഷ്ട അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ബറൂച്ചിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാനില്‍നിന്നു ലഭിക്കുന്ന ഒരുലക്ഷം കോടിയുടെ സോഫ്റ്റ് ലോണ്‍ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന പദ്ധതി, വേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടിയിലൂടെ സഞ്ചരിക്കാം. ഞങ്ങളുടെ കഴിവിന് അനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് സാധിക്കുന്നതുപോലെ നിങ്ങളും ചെയ്‌തോളൂ-മോദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പാക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: narendra modi,gujarath election, bullet train, bullock carts, congress, bjp- congress