മുംബൈ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അറുപതോളം സീറ്റില്‍ മത്സരിക്കാന്‍ ശിവസേന ഒരുങ്ങുന്നു. ജയസാധ്യതയില്ലെങ്കിലും ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്ക് തലവേദനയുണ്ടാക്കാന്‍ ശിവസേനയുടെ സാന്നിധ്യത്തിനു കഴിയും.

സൂറത്ത്, അഹമ്മദാബാദ് മേഖലകളിലെ 50-60 സീറ്റില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ശിവസേനയുടെ ഗുജറാത്ത് വിങ് കോ-ഓര്‍ഡിനേറ്ററും ഓഷിവാരയില്‍നിന്നുള്ള നഗരസഭാംഗവുമായ രാജു പട്ടേല്‍ പറഞ്ഞു. പട്ടേലിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നത്.

ബി.ജെ.പി.യുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന, മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവിസ് മന്ത്രിസഭ വിടാനൊരുങ്ങുന്നതിനിടയിലാണ് ഗുജറാത്തിലേക്കുകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനു മുമ്പും ശിവസേന ഗുജറാത്ത് തിരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ 2012-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സര രംഗത്തുണ്ടായിരുന്നില്ല. ബി.ജെ.പിക്കു കിട്ടുന്ന വോട്ടുകള്‍ ഭിന്നിക്കുന്നത് തടയുന്നതിനായിരുന്നൂ അന്നത്തെ പിന്‍മാറ്റം.

എന്നാല്‍ ഇത്തവണ ബി.ജെ.പി.യെ ദുര്‍ബലമാക്കുക തന്നെയാണ് ലക്ഷ്യമെന്ന് ശിവസേനാ നേതാക്കള്‍ പറയുന്നു. തനിച്ചു മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പ്രഖ്യാപിക്കുമെന്ന് പട്ടേല്‍ പറഞ്ഞു.

ശിവസേനയെ പിന്തള്ളി മുംബൈ നഗരത്തില്‍ ആധിപത്യമുറപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളാണ് മറ്റു സംസ്ഥാനങ്ങളിലേക്കും കടന്നുചെന്ന് ബി.ജെ.പിയെ ആക്രമിക്കാന്‍ ശിവസേനയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി. മത്സരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തനിച്ചു മത്സരിച്ചു. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പി.ക്ക് നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനായി. നിവൃത്തിയില്ലാതെ ശിവസേന മന്ത്രിസഭയില്‍ പങ്കാളിയാവുകയും ചെയ്തു.