ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഗുജറാത്ത് ഉത്തരം തേടുന്നു' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ ആയുധവുമായാണ് രാഹുല്‍ എത്തിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുപ്രധാന പങ്കാണ് സോഷ്യല്‍ മീഡിയ വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഗുജറാത്ത് ഉത്തരം തേടുന്നു എന്ന രാഹുലിന്റെ പുത്തന്‍ പ്രചാരണത്തിന് വേദിയാകുന്നതും സോഷ്യല്‍ മീഡിയയാണ്. 

2012-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയില്‍ 50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നല്‍കിയത്. ബാക്കി വീടുകള്‍ക്കായി ഇനി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നായിരുന്നു ക്യാംപയിന്റെ ആദ്യ ദിനമായ ഇന്നത്തെ ചോദ്യം. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് രംഗം കൊഴുപ്പിക്കുന്നത്. ബിജെപി കോണ്‍ഗ്രസ് മത്സരം എന്നതിലുപരി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ സോഷ്യല്‍ മീഡിയാ ക്യാംപയിന് തുടക്കം കുറിച്ചിരുന്നു. വികസനത്തിന് വട്ടായി എന്ന ക്യാംപയിന് മികച്ച പ്രതികരണമാണ് സംസ്ഥാനത്തുടനീളം ലഭിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ ക്യാംപയിന്‍ തുടങ്ങിയിരിക്കുന്നത്.