അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് ആരംഭിച്ചു. 89 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ബാക്കി 93 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 14ന് നടക്കും.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെയുള്ളവരുടെ മണ്ഡലത്തില്‍ ഇന്നാണ് തിരഞ്ഞെടുപ്പ്. കച്ച്, സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് തുടങ്ങിയ മേഖലകളില്‍ ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
19 ജില്ലകളിലായി 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 67 മണ്ഡലങ്ങള്‍ ബിജെപിയുടെയും 16 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളാണ്. ബാക്കി ആറ് മണ്ഡലങ്ങള്‍ പ്രദേശിക പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളാണ്. പക്ഷേ ഇത്തവണ ഇഞ്ചോടിച്ച് മത്സരമാണ് നടക്കുന്നത്.
ബിജെപി-കോണ്‍ഗ്രസ് മത്സരം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചിരുന്നത്.
പാട്ടിദാര്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കിയ കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പരിഷ്കാരങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പിന് തലേനാള്‍ പട്ടേല്‍ സമര സമിതി നേതാവും ഹര്‍ദിക് പട്ടേലിന്റെ അനുയായിയുമായ ദിനേഷ് ബാംഭാണി കോണ്‍ഗ്രസിനെതിരേ രംഗത്ത് വന്നത് ശുഭവാര്‍ത്തയായി ബിജെപി കരുതുന്നു. ഇതിന് പുറമെ മണി ശങ്കര്‍ അയ്യരുടെ മോദിയെക്കുറിച്ചുള്ള പരാമര്‍ശം വോട്ടാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.
ഡിസംബര്‍ 18നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.