ഷിംല: കോണ്‍ഗ്രസില്‍നിന്ന് ബിജെപി ഹിമാചല്‍ പ്രദേശില്‍ അധികാരം പിടിച്ചെടുത്തപ്പോഴും ഇടതുപക്ഷത്തെ ആഹ്ലാദിപ്പിച്ച ഒരു വാര്‍ത്ത സിപിഎം സ്ഥാനാര്‍ഥിയുടെ വിജയമാണ്. സിപിഎമ്മിന്റെ ഹിമാചല്‍ പ്രദേശിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. 

പൊതുവെ ഇടതുപക്ഷത്തിന് സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍നിന്ന് ഇടതുപക്ഷത്തിനു കിട്ടിയ ഒരു അപ്രതീക്ഷിത വിജയമായിരുന്നു ഇത്. ബിജെപി സ്ഥാനാര്‍ഥിയെ രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ ഈ വിജയത്തിനു കാരണമായത് കോണ്‍ഗ്രസിന്റെ വലിയൊരു വീഴ്ചയാണെന്നതാണ് സത്യം.

കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്‌സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്‌സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്‌റ്റോക്‌സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തിരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി. 

കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. രാകേഷ് വര്‍മയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഫലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായതോടെയാണ് സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം എളുപ്പമായത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാകേശ് സിന്‍ഹ, ബിജെപിയുടെ രാകേഷ് വര്‍മയെ രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് റാത്തോറാണ്.

രാകേഷ് സിന്‍ഹ 1993-1996 കാലത്തും തിയോഗില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ 14 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നത്. മുന്‍പ് മൂന്നു പ്രാവശ്യമാണ് ഹിമാചല്‍ പ്രദേശില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത്.