അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ പട്ടേല്‍ സംവരണ വാഗ്ദാനത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി. വ്യാജ വാഗ്ദാനം നല്‍കി കോണ്‍ഗ്രസ് പട്ടേല്‍ സമുദായത്തെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംവരണം വാഗ്ദാനംചെയ്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം സമുദായത്തെ കോണ്‍ഗ്രസ് കബളിപ്പിച്ചുകൊണ്ടിരിക്കുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.

'കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ഒന്നുകില്‍ അവര്‍ കള്ളം പറഞ്ഞ് നിങ്ങളെ പറ്റിക്കുന്നു. അല്ലങ്കില്‍ സംവരണാനുകൂല്യം ലഭിക്കുന്ന മറ്റ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ പങ്കില്‍ നിന്ന് പിടിച്ചുപറിച്ച് നിങ്ങള്‍ക്ക് തരാമെന്ന് പറയുന്നു' - മോദി ആരോപിച്ചു.

പട്ടേല്‍ സംവരണ വിഷയത്തില്‍ ഇത് ആദ്യമായാണ് മോദി നേരിട്ട് കോണ്‍ഗ്രസിനെതിരെ ശബ്ദമുയര്‍ത്തുന്നത്. മഹിസാഗര്‍ ജില്ലയിലെ ലുനാവാഡയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആയിരുന്നു മോദിയുടെ വിമര്‍ശം.

'കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കുകയാണ്, മുസ്‌ലിം വിഭാഗക്കാര്‍ക്കും ഇതുപോലെ ഒരു വാഗ്ദാനം നിങ്ങള്‍ നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സംവരണം ഉറപ്പാക്കുമെന്ന്. എന്നിട്ടെന്തായി? മുസ്ലീം സഹോദരങ്ങളെ നിങ്ങളോട് ഞാന്‍ ചോദിക്കുകയാണ് പറഞ്ഞതുപോലെ എവിടെയെങ്കിലും നിങ്ങള്‍ക്ക് അവര്‍ സംവരണം ഉറപ്പാക്കിത്തന്നോ. അതില്‍നിന്ന് തന്നെ വ്യക്തമല്ലേ കോണ്‍ഗ്രസ് നല്‍കുന്നതൊക്കെ വ്യാജവാഗ്ദാനങ്ങളാണെന്ന്.' മോദി ചോദിച്ചു.

അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗക്കാര്‍ക്ക് പ്രത്യേക സംവരണാനുകൂല്യം ഉറപ്പ് നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പാട്ടിദാര്‍ ആന്തോളന്‍ സമിതി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.