ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ദളിത് സമരസമിതി നേതാവ്‌ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് എഴുത്തുകാരി അരുന്ധതി റോയി മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ദളിത് നേതാവിന് അരുന്ധതി റോയ് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഗജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജിഗ്നേഷ് മേവാനി വെബ്‌സൈറ്റിലൂടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ആരംഭിച്ചത്. ഇതിനോടകം ഒമ്പത് ലക്ഷം രൂപ ജിഗ്നേഷ് മേവാനിയും സംഘവും സ്വരൂപിച്ചു കഴിഞ്ഞു. ഇതിനിടെ തനിക്ക് പിന്തുണ നല്‍കിയ അരുന്ധതി റോയിക്ക് ജിഗ്നേഷ് മേവാനി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. 

തന്റെ പ്രചാരണത്തിന് സംഭാവന നല്‍കണമെന്ന് ട്വിറ്ററിലൂടെ ജിഗ്നേഷ് മേവാനി ആഹ്വാനം ചെയ്തിട്ടുണ്ട്. ജാതിയുടേയും സമുദായത്തിന്റേയും പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെയാവും തന്റെ പ്രവര്‍ത്തനങ്ങളെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഞങ്ങള്‍ക്ക് 100 രൂപ വരെ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന പണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു വേണ്ടിയുള്ള നോട്ടീസുകള്‍ അച്ചടിക്കാനും സമൂഹ മാധ്യമ പ്രചരണങ്ങള്‍ നയിക്കാനും ഉപയോഗിക്കുമെന്നും മേവാനി വിശദീകരിച്ചു. 

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് തിങ്കളാഴ്ചയാണ് ജിഗ്നേഷ് പ്രഖ്യാപിച്ചത്. ബനസ്‌കന്ത ജില്ലയിലെ വഡഗാം മണ്ഡലത്തില്‍ നിന്നാവും ജിഗ്നേഷ് ജനവിധി തേടുക. ബിജെപിയുടെ വിജയ് ചക്രവര്‍ത്തിയുമായിട്ടാവും ജിഗ്നേഷ് മേവാനിയുടെ പ്രധാന മത്സരം.