അഹമ്മദാബാദ്: ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആംആദ്മി പാര്‍ട്ടി. മത്സരം നടക്കേണ്ടത് ജിഗ്നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

ജിഗ്നേഷ് മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മേവാനി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മേവാനിയുടെ പ്രഖ്യാപനം.

വാദ്ഗാം എംഎല്‍എയായ മണിഭായി വഗേലയും താന്‍ മത്സരത്തിനില്ലെന്ന് പറഞ്ഞിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് വാദ്ഗാമില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. മേവാനിക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടാവുമെന്നും വഘേല പറഞ്ഞു.

എന്നാല്‍, മേവാനിയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നേരത്തെ ബിജെപിയുമായുള്ള പോരാട്ടത്തില്‍ ്അണിചേരാന്‍ മറ്റ് പാര്‍ട്ടികളോട് മേവാനി ആഹ്വാനം ചെയ്തിരുന്നു. സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള ക്ഷണവും ജിഗ്നേഷ് മേവാനി നിരസിച്ചിരുന്നു. 

content highlights: Gujarat election 2017, vadgam, jignesh mevani, aap, bjp,congress