rahul gandhiഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക ഞായറാഴ്ച്ച രാത്രി കോണ്‍ഗ്രസ് പുറത്തു വിട്ടു. 77 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ പാട്ടിദാര്‍മാരുടെ പ്രാതിനിധ്യം 20 ആണ്. 11 പേര്‍ എസ് സി വിഭാഗത്തില്‍ നിന്നും 7 പേര്‍ എസ്ടി വിഭാഗത്തില്‍ നിന്നും മത്സരിക്കും.

പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ പാര്‍ട്ടിയിലെ 20 പേരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒബിസി വിഭാഗനേതാവ് അല്‍പേഷ് താക്കൂര്‍ 12 സീറ്റുകളുടെ പ്രാതിനിധ്യമാണ് കോണ്‍ഗ്രസ്സിനു മുന്നില്‍ വെച്ചത്. 

അബ്ദാസയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എ ശക്തിസിങ് ഗോഹിലാണ്  മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് മുന്നോട്ട് വെക്കുന്ന സ്ഥാനാര്‍ഥി. കച്ചിലെ മാന്ദ്വിയില്‍ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം പ്രതീക്ഷിക്കുന്നത് രാജ്‌കോട്ട് വെസ്റ്റിലാണ്. ഇന്ദ്രാണി രാജ്യഗുരുവും നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിയുമാണ് ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ്, ബിജെപി സ്ഥാനാര്‍ഥികള്‍. 2004 മുതല്‍ 2007 വരെ പ്രതിപക്ഷ നേതാവായിരുന്ന അര്‍ജുന്‍ മോദ് വാഡിയ നിലവിലെ മന്ത്രിയായ ബാബു ബോഖിരിയക്കെതിരെ പോര്‍ബന്ദര്‍  സീററില്‍ മത്സരിക്കും.
 
നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവെയാണ് കോണ്‍ഗ്രസ്സ് ആദ്യഘട്ട സ്ഥാനാര്‍ഥിക പട്ടിക പുറത്ത് വിട്ടത്.

പട്ടേല്‍ സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുമായി ധാരണയിലെത്തിയട്ടുണ്ടെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് കോണ്‍ഗ്രസ്സ് അറിയിച്ചിരുന്നു.കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ധാരണ നടപ്പിലാവുമെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു.

പാട്ടീദാര്‍ വിഭാഗത്തിലെ 20 പേര്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെങ്കിലും ഹാര്‍ദ്ദിക് പട്ടേലിന്റെ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമേ പുറത്ത് വിട്ട പട്ടികയില്‍ ഇടം നേടിയിട്ടുള്ളൂ. ബാക്കി 18 പേരും പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ല. ഇത് ഹാര്‍ദ്ദിക് വിഭാഗത്തിന്റെ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

തങ്ങളുടെ സമുദായ അംഗങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം പ്രഖ്യാപിക്കപ്പെട്ട പുതിയ പട്ടികയില്‍ നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ്സ് ഓഫീസുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പാട്ടീദാര്‍ അനാമത്ആന്ദോളന്‍ സമിതി കണ്‍വീനര്‍ ദിനേശ് ഭംബാനിയ അറിയിച്ചു.

കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകെയുള്ള 182 സീറ്റുകളില്‍ 106 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. 89 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 93 സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 14നും നടക്കും.