ദേശീയത, ഗുജറാത്തി വികാരം, വികസനം എന്നിവ ചാലിച്ചും കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ശക്തമായ പ്രചാരണത്തിന് തുടക്കമിട്ടു. ''ഞാന്‍ ചായ വിറ്റിട്ടുണ്ട്; പക്ഷേ, രാജ്യത്തെ വിറ്റില്ല...'' -വികാരാധീനനായി അദ്ദേഹം പറഞ്ഞു.

പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. ''ഒരു ചെറിയ കുടുംബത്തില്‍ പിറന്നയാള്‍ പ്രധാനമന്ത്രിയായി. അവരതില്‍ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് പൊതുജീവിതത്തില്‍ കളങ്കമില്ല. മണ്ണിന്റെ മകനെതിരേ നിങ്ങള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജനം നിങ്ങള്‍ക്ക് മാപ്പുനല്‍കില്ല. ഗുജറാത്ത് എന്റെ ആത്മാവാണ്'' -ഭുജ്, ജസ്ഡന്‍ എന്നിവിടങ്ങളിലെ പ്രചാരണയോഗങ്ങളില്‍ മോദി പറഞ്ഞു.

തീവ്രവാദിയായ ഹാഫിസ് സയീദിനെ പാക് ജയിലില്‍നിന്ന് വിട്ടയച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പിടിച്ചാണ് മോദി ദേശീയതയിലേക്ക് കത്തിക്കയറിയത്. ''ഒരു പാക് തീവ്രവാദിയെ പാക് കോടതി മോചിപ്പിച്ചപ്പോള്‍ നിങ്ങള്‍ കൈയടിക്കുന്നു. അതേസമയം നമ്മുടെ സൈന്യം അവരുടെ രാജ്യത്ത് മിന്നലാക്രമണം നടത്തിയതിന് നിങ്ങള്‍ തെളിവുചോദിച്ചു. മുംബൈ ആക്രമണം ഉണ്ടായിട്ട് നിങ്ങള്‍ എന്തെങ്കിലും ചെയ്‌തോ...? ചൈനയുടെ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ 70 ദിവസം മുഖാമുഖം നിന്നപ്പോള്‍ നിങ്ങള്‍ അവരുടെ സ്ഥാനപതിയെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ നിരാശയും നിഷേധവുമാണ് പ്രചരിപ്പിക്കുന്നത്'' -അദ്ദേഹം പറഞ്ഞു.

പട്ടേലുമാരെ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ബി.ജെ.പി.യാണെന്ന് മോദി സൗരാഷ്ട്രയിലെ പൊതുയോഗങ്ങളില്‍ ഓര്‍മിപ്പിച്ചു. ''ജനസംഘത്തിന്റെ പിന്തുണയോടെയാണ് ബാബുഭായ് പട്ടേല്‍ ഇവിടെ മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസ് എന്നും പട്ടേല്‍ നേതാക്കളെ അവഗണിച്ചിട്ടേയുള്ളൂ. സര്‍ദാര്‍ പട്ടേലിനെയും ചിമന്‍ഭായ് പട്ടേലിനെയും ആനന്ദിബെന്‍ പട്ടേലിനെയും ഒക്കെ അവര്‍ എങ്ങനെയാണ് കണ്ടതെന്ന് നമുക്കറിയാം. മൊറാര്‍ജി ദേശായിയോട് എന്താണ് ചെയ്തത്? അവര്‍ ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരേ തിരിച്ച്, ഗുജറാത്തിന്റെ ഐക്യം തകര്‍ക്കുകയാണ്. ഇത് കുടുംബവാദവും വികസനവാദവും തമ്മിലുള്ള പോരാട്ടമാണ്. 151 സീറ്റിലും ബി.ജെ.പി. ജയിക്കും'' -മോദി പറഞ്ഞു. ഓരോ സ്ഥലത്തും ആ മേഖലയില്‍ ബി.ജെ.പി. സര്‍ക്കാരുകള്‍ കൊണ്ടുവന്ന വികസനപരിപാടികള്‍ വിശദമായി വിവരിക്കാനും പ്രധാനമന്ത്രി മറന്നില്ല. അമ്രേലിയിലെ ധരി, സൂറത്തിലെ കാകോദര എന്നിവിടങ്ങളിലും പ്രസംഗിച്ചു. നവംബര്‍ 29-ന് മോദി വീണ്ടും പ്രചാരണത്തിനെത്തും.