രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനാണ് ഇത്തവണ ഗുജറാത്ത് വേദിയാകുന്നത്. കോട്ട കാക്കാന്‍ ബിജെപിയും പിടിച്ചടക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുമ്പോള്‍ ഇരു പാര്‍ട്ടിയിലെയും പ്രബലരായ നേതാക്കളെയാണ് പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. 

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്ന പ്രധാന വോട്ട് ബാങ്ക് മതവിഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഉയര്‍ന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പാട്ടീദാര്‍ വിഭാഗവും അല്‍പേഷ് താക്കൂറിന്റെ നേതൃത്വത്തില്‍ ഒബിസി വിഭാഗവും ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിത് വിഭാഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് ഇത്തവണ കോണ്‍ഗ്രസിന് കരുത്താവുന്നത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി ലംഘിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കായ പട്ടേല്‍ വിഭാഗത്തിലുള്‍പ്പടെ വിള്ളല്‍ വീണത്. ദളിത് പീഡനവും ബിജെപിയെ ഗുജറാത്തിലെ ജനങ്ങളില്‍ നിന്ന് അകറ്റിയിരുന്നു. 

ജോലിയും സാമ്പത്തിക ഭദ്രതയുമെല്ലാം ഇരു പാര്‍ട്ടികളും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും വിധി നിര്‍ണയിക്കുക ജാതി രാഷ്ട്രീയമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ടാണ് സംസ്ഥാനത്തെ പ്രബല ജാതി വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതും.

പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന വിഭാഗമായിരുന്നു പട്ടേല്‍. സംസ്ഥാന ജനസംഖ്യയുടെ 12 ശതമാനവും പട്ടേല്‍ വിഭാഗമാണെന്നാണ് കണക്ക്. 182 നിയമസഭാ സീറ്റുകളില്‍ 60 സീറ്റുകളിലും വ്യക്തമായി സ്വാധീനവും ഈ വിഭാഗത്തിനുണ്ട്. 

ഗുജറാത്തിലെ 52 നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രത പട്ടേല്‍ വിഭാഗങ്ങള്‍ക്കാണ്. ഇതിന് പുറമെ 68 സീറ്റുകളുടെ വിധി നിര്‍ണയിക്കുന്നത് ഠാക്കൂര്‍, കോളിസ് വീഭാഗങ്ങളാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഒരൂ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുജറാത്തിലെ ജാതി വിഭാഗത്തെ തള്ളിപറായന്‍ കഴിയില്ല. 

ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം എന്നീ വിഭാഗങ്ങളെ കോര്‍ത്തിണക്കി 1980-ല്‍ കോണ്‍ഗ്രസ് മഴവില്‍സഖ്യം രൂപീകരിച്ചിരുന്നു. 141 സീറ്റുകള്‍ നേടി റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മാധവ് സിങ് സോളാങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയും ചെയ്തു. ഈ ചരിത്രം ആവര്‍ത്തിക്കാനാണ്‌ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയം സ്വന്തമാക്കിയെങ്കിലും വ്യക്തമായ മേല്‍കൈ നേടിയെന്ന് അവകാശപ്പെടാന്‍ ബിജെപിക്ക് സാധിക്കില്ല. വോട്ട് ശതമാനത്തില്‍ വലിയവര്‍ധനയൊന്നും ഇക്കാലയളവില്‍ ബിജെപിക്ക് ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1995ല്‍ 42.5 ശതമാനമായിരുന്നു ഗുജറാത്തിലെ ബിജെപിയുടെ വോട്ട് വിഹിതം. 2012-ല്‍  എത്തിയപ്പോള്‍ ഇത് 47.9 ശതമാനമായി. 2012 തിരഞ്ഞെടുപ്പില്‍ 12 ബിജെപി എംഎല്‍എമാരുടെ ലീഡ് അയ്യായിരത്തിലും താഴെയായിരുന്നു എന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മൂന്ന് വിഭാഗങ്ങളുടെ വോട്ട് ഉറപ്പാക്കിയതിന് പുറമെ മുസ്ലീം വിഭാഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്. ഇതും ബിജെപിയ്ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സിന് ബലമേകുന്നു.