ബിജെപിയെ തോല്‍പിക്കാന്‍ പര്യാപ്തമായ ചേരുവകള്‍ ചേര്‍ന്നതായിരുന്നു ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് കാമ്പയിനുകള്‍. എന്നാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കടുപ്പിക്കാന്‍ രാഹുലിന് കഴിയാതെ പോയതാണ് ആ പാര്‍ട്ടിയെ ഗുജറാത്തില്‍ തോല്‍പിച്ചത്.

ജിഎസ്ടിയും നോട്ട നിരോധനവും മൂലം ഉഴറിയ ജനങ്ങളുടെ ബിജെപി വിരുദ്ധ വികാരം ഉപയോഗപ്പെടുത്തി വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാതെ പോയി. ബിജെപി വിരുദ്ധത പല മണ്ഡലങ്ങളിലും നോട്ടയോളം എത്തിക്കാന്‍ മാത്രമേ കോണ്‍ഗ്രസ്സിനായുള്ളൂ. അതിനുള്ള വിശ്വാസ്യത നോട്ടയിലേക്ക് ചിന്തിച്ചവരില്‍ നിന്ന്‌ നേടിയെടുക്കാന്‍ കഴിയാതെ പോയി. 

നണ്‍ ഓഫ് ദി എബൊവ് അഥവാ മുകളില്‍ പറഞ്ഞ ആരും ഞങ്ങള്‍ക്ക് സ്വീകാര്യരല്ല എന്ന് അഭിപ്രായമുള്ളവരാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. ബിജെപിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറ്റവും അധികം വോട്ട് ചെയ്തത് നോട്ടയ്ക്കാണ്. അതായത് നോട്ടയ്ക്ക് വോട്ടു ചെയ്തവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയിക്കാമെന്ന് ലളിത വ്യാഖ്യാനം. പോളിങ് ശതമാനം കഴിഞ്ഞതവണത്തേക്കാള്‍ കുറഞ്ഞതും ഓര്‍ക്കേണ്ടതാണ്‌.

29 മണ്ഡലങ്ങളില്‍ ആറിലൊരാള്‍ നോട്ടയ്ക്കാണ് വോട്ട് ചെയ്തത്. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി തോറ്റ വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ കൂടുതലായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്ന വോട്ടുകള്‍. ഗുജറാത്തില്‍ മാത്രം ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം നിര്‍ണയിച്ച പതിനഞ്ചോളം മണ്ഡലങ്ങളുണ്ട്. ഇവിടെയല്ലാം നോട്ട വോട്ടുകള്‍ ആയിരം കടന്നു.

സംസ്ഥാനത്തെ 5.5 ലക്ഷം വോട്ടര്‍മാരാണ് നോട്ടയ്ക്ക വോട്ട് ചെയ്തത്. ആകെ വോട്ട് ഷെയറിന്റെ 1.85 വരും ഇത്.

കോണ്‍ഗ്രസ്സിനോടും ബിജെപിയോടും ഒരു തരത്തിലും പൊരുത്തപ്പെടാന്‍ മനസ്സില്ലാത്ത 5.5 ലക്ഷം വോട്ടര്‍മാര്‍ സംഘടിതരായിരുന്നെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി അവര്‍ രൂപാന്തരപ്പെട്ടേനെ. ബിജെപി ഭരണത്തോട് കടുത്ത വിരോധമുള്ള എന്നാല്‍ കോണ്‍ഗ്രസ്സിനെ ഇനിയും അംഗീകരിക്കാത്ത ജനങ്ങളാണ് നോട്ടയ്ക്കൊപ്പം നിന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 

2013 ലെ തിരഞ്ഞൈടുപ്പിലാണ് നോട്ട വോട്ടുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്ന് മുതല്‍ വോട്ടിങ് ഷെയറിന്റെ 1.8% നോട്ട വോട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ 2015ല്‍ നടന്ന ഇലക്ഷനില്‍ 3.5%മായിരുന്നു നോട്ടയുടെ  പങ്ക്. 2013ല്‍ ചത്തീസ്ഗഢിലാവട്ടെ 3.1 %വും. പക്ഷെ ഈ സംസ്ഥാനങ്ങളിലൊന്നും തിരഞ്ഞെടുപ്പ് വിജയത്തെ മാറ്റി മറിക്കാന്‍ കെല്‍പുള്ളതായിരുന്നില്ല നോട്ട സാന്നിധ്യം.

ബീഹാറിനേക്കാളും ചത്തീസ്ഗഢിനേക്കാളും നോട്ടയുടെ സാന്നിധ്യം ഗുജറാത്തില്‍ കുറവായിരുന്നിട്ടും ചര്‍ച്ചചെയ്യപ്പെടുന്നത് അതിന്റെ അട്ടിമറി സാധ്യത കണക്കാക്കിക്കൊണ്ടാണ്. അല്ലെങ്കില്‍ ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചവര്‍ കൂടുതലുള്ളതുകൊണ്ടാകും.

പോര്‍ബന്ധറില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ സ്ഥാനാര്‍ഥി അര്‍ജുന്‍ഭായ് മോത്തുവാദിയ ബിജെപിയുടെ ബാബുഭായ് ബോക്രിയയോട് തോറ്റത് 1855 വോട്ടുകള്‍ക്കാണ്. ഈ മണ്ഡലത്തില്‍ നോട്ടയ്ക്ക് ലഭിച്ചത് 3433 വോട്ടുകളും. ഈ നോട്ട വോട്ടുകളില്‍ പകുതിയെങ്കിലും വോട്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് വിജയിക്കുമായിരുന്നെന്ന് സാരം.

ഡാങില്‍ ബിജെപിക്കും സമാന അവസ്ഥയുണ്ടായി. ബിജെപിയുടെ വിജയ് പട്ടേല്‍ കോണ്‍ഗ്രസ്സ് എതിരാളിയോട് തോറ്റത് വെറും 768 വോട്ടുകള്‍ക്കാണ്. ഇവിടെ നോട്ടയുടെ സാന്നിധ്യം 2184 ആയിരുന്നു.

2347 പേര്‍ നോട്ടയ്ക്ക് കുത്തിയിട്ടും വെറും  327 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ബിജെപിയുടെ ഭൂപേന്ദ്രസിങിന്റെ മണ്ഡലത്തില്‍ 2347 പേര്‍ വോട്ട് ചെയ്തത് നോട്ടയ്ക്കായിരുന്നു. ബിജെപിയുടെ തന്നെ സികെ റൗള്‍ജി വെറും 258 വോട്ടിന് ജയിച്ച മണ്ഡലത്തിലും നോട്ടയ്ക്ക് 3050 വോട്ടുകള്‍ ലഭിച്ചു. നോട്ട വോട്ടക്കി മാറ്റാന്‍ സാധിച്ചിരുന്നെങ്കില്‍ ഇവിടെയെല്ലാം കോണ്‍ഗ്രസ്സിന് സീറ്റ് ഉറപ്പു വരുത്താമായിരുന്നു.

മാന്ദ്വി, സോമനാഥ്, നാരാണ്‍പുര, ഗാന്ധിധാം പോലുള്ള മണ്ഡലങ്ങളില്‍ പല പ്രമുഖ പാര്‍ട്ടികളേക്കാളും വോട്ട് നേടാന്‍ നോട്ടയ്ക്കായി. എന്‍സിപി, ബിഎസ്പി , തുടങ്ങിയ പാര്‍ട്ടികളേക്കാളും വോട്ട് ഷെയര്‍ ഗുജറാത്തില്‍ നോട്ടയ്ക്കുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച എന്‍സിപി പിടിച്ച വോട്ടും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയത്തിന് കാരണമായി. എന്‍സിപിയുമായും ബിഎസിപിയുമായും ചേര്‍ന്ന് വിശാലമായ ഒരു സഖ്യം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജനവിധി മറിച്ചാകാനും സാധ്യതയുണ്ടായിരുന്നു.

അതേസമയം 29 സീറ്റുകളില്‍ മത്സരിച്ചെങ്കിലും എഎപിക്ക് ഗുജറാത്തില്‍ ഒരു സീറ്റു പോലും നേടാനായില്ല. തന്നെയുമല്ല പല സീറ്റിലും കെട്ടിവച്ച കാശും നഷ് ടമായി.