സെപ്റ്റംബറില്‍  ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഗാന്ധിനഗറിലെത്തിയ മന്ത്രി അരുൺ ജെയ്റ്റ്‌ലി അസ്വസ്ഥനായിരുന്നുവെന്നാണ് ഉപശാലാ വർത്തമാനം. പാർട്ടിയുടെ ഗുജറാത്ത് മാതൃകയെപ്പറ്റിയുള്ള  ‘വികാസ് ഗണ്ഡോ തയോ ഛേ’( വികസനത്തിന് വട്ടായി) എന്ന പരിഹാസത്തിന് സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ച സ്വീകാര്യത അദ്ദേഹത്തെ ഒരുവേള രോഷം കൊള്ളിച്ചു.

‘‘നിങ്ങൾ എന്തിനാണ് ഇതിന് മറുപടി പറയാൻ പോകുന്നത്..? ഇത്തരം സംഗതികളെ അവഗണിക്കുകയാണ് വേണ്ടത്.’’ അദ്ദേഹം അവലോകന യോഗത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെ ഉപദേശിച്ചു. കഴിഞ്ഞ  മഴക്കാലത്ത് കിളുത്തതാണ്  ഈ കൊള്ളിവാക്ക്. മഴയിൽ റോഡെല്ലാം കുത്തിയൊലിച്ചപ്പോൾ  അഴിമതിയുടെ എല്ല് തെളിഞ്ഞു. 22 വർഷമായി ബി.ജെ.പി.യാണല്ലോ ഭരണം. ഗട്ടറിൽ ചാടി ടയർ തകർന്ന ഒരു സർക്കാർ ബസിന്റെ ചിത്രമെടുത്ത് ഒരു വിദ്വാൻ വാട്‌സാപ്പിലിട്ടു, എന്നിട്ട് ഒരു അടിക്കുറിപ്പും ‘സൂക്ഷിക്കണേ,.. ഗുജറാത്തിൽ വികസനത്തിന് വട്ടായി...’ ആദ്യം പട്ടേൽ സംവരണസമരക്കാരിലൂടെ, പിന്നാലെ കോൺഗ്രസിലൂടെ ഇത് പടർന്നു. സർക്കാരിന്റെ പരാജയം കാണിക്കുന്ന വിവിധചിത്രങ്ങൾ ഈ അടിക്കുറിപ്പോടെ സ്മാർട്ട് ഫോണുകളിലേക്ക് പകർന്നു.

വട്ടായത് കോൺഗ്രസുകാർക്കാണെന്ന് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. ബി.ജെ.പി.യുടെ സർവശക്തമായ സോഷ്യൽ മീഡിയ വിഭാഗം ‘വികാസ് ദേഖേ ഛേ, കോൺഗ്രസ് ജവാബ് ആപേ...’(വികസനം കാണൂ,.. കോൺഗ്രസ് മറുപടി പറയൂ) എന്നൊക്കെ മറുകുറികൾ ഇറക്കി. പക്ഷേ, ഏറ്റില്ല. പിന്നെ അമിത്ഷായുടെയും െജയ്റ്റ്‌ലിയുടെയും ഉപദേശപ്രകാരം അവഗണിച്ചു നോക്കി.

അപ്പോഴാണ് അമേരിക്കൻ പര്യടനത്തിന്റെ ആവേശവുമായി രാഹുൽഗാന്ധി സൗരാഷ്ട്രയിൽ പര്യടനത്തിന് വന്നത്. ഖാംഭാലിയ ഗ്രാമത്തിൽ അദ്ദേഹം കേൾവിക്കാരോട് ചോദിച്ചു: ‘‘വികസനത്തിന് എന്തു സംഭവിച്ചു..?. ജനക്കൂട്ടം ആർത്തുവിളിച്ചു പറഞ്ഞു: ‘‘വട്ടായിപ്പോയി...’’ ഈ പ്രചാരണം സാധാരണ ഗ്രാമീണരിൽ വരെ എത്തിയിരിക്കുന്നു.

മോദിയുടേത് വൻകിടക്കാർക്കു വേണ്ടിയുള്ള ഭരണമാണെന്ന് രാഹുൽഗാന്ധി കുറേനാളായി പറയുന്നുണ്ട്. ഇപ്പോഴാണ് ഗുജറാത്തിൽ അതിനൊരു ഉശിര് കിട്ടിയത്. അഹമദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ് വിജയത്തിനുപിന്നാലെ രാഹുൽഗാന്ധിയുടെ നവസർജൻ യാത്രയുമായപ്പോൾ കോൺഗ്രസിന് നേരേ നിൽക്കാമെന്നായിട്ടുണ്ട്. കോൺഗ്രസ് വിട്ട് പുതിയ ജനവികല്പ്‌ മുന്നണിയുണ്ടാക്കി ശങ്കർസിങ് വഗേല നടത്തിയ യാത്രയൊക്കെ ഇതിൽ മുങ്ങിപ്പോയി.

മോദിയുടെ വാഗ്മിത്വമോ ആളുകളെ അമ്മാനമാടലോ രാഹുലിനില്ല. ഈ യാത്രയിൽ അദ്ദേഹം ഊന്നിയത് ഗ്രാമകേന്ദ്രങ്ങളിലെ അനൗപചാരിക കൂട്ടായ്മകളായ ‘ചൗപ്പാൽസ്’, വീടുകളോട് ചേർന്നുള്ള വനിതകളുടെ കൂട്ടായ്മയായ ‘ഒത്‌ലോ പരിഷത്’ എന്നിവയിലാണ്. ഗ്രാമീണരോട് വിലക്കയറ്റം, വിളകളുടെ വിലയില്ലായ്മ, നോട്ട് അസാധുവാക്കൽ  എന്നിവയെപ്പറ്റി ചോദിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ ലഹരിക്കെട്ട് പൊതുവേ ഇറങ്ങിവരുന്ന സമയമായതിനാൽ ആളുകളിലേക്ക് അനായാസം ഇറങ്ങിച്ചെല്ലാൻ കോൺഗ്രസ് നേതാവിന് കഴിയുന്നു.

നൂറ്റമ്പതിന്റെ ഭാരം....


യു.പി. നിയമസഭാ ഫലം പുറത്തുവന്നപ്പോൾ നൂറ്റമ്പത് സീറ്റ് എന്ന ലക്ഷ്യമാണ് അമിത് ഷാ ഗുജറാത്തിലെ പാർട്ടിക്ക് നൽകിയത്(ആകെ 182). വഗേലയുൾപ്പെടെ 14 എം.എൽ.എ.മാർ പ്രതിപക്ഷമായ കോൺഗ്രസ് വിടുകയും ജില്ലകളിൽ നിന്ന് പല നേതാക്കളും കൂട്ടത്തോടെ ബി.ജെ.പി.യിലേക്ക് ചേക്കേറുകയും ചെയ്തു.

തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈ വർഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊക്കെ നല്ല വിജയമാണ് കിട്ടിയത്. പക്ഷേ, പാർട്ടിയുടെ നട്ടെല്ലായിരുന്ന ചെറുകിട വ്യവസായികളും വ്യാപാരികളും അടങ്ങുന്ന മധ്യവർഗത്തിന് പുതിയ പരിഷ്കാരങ്ങൾ മൂലം നേരിടേണ്ടിവന്ന കഷ്ടപ്പാടുകളും അടിത്തട്ടിലേക്കുള്ള അതിന്റെ വ്യാപനവുമാണ് ബി.ജെ.പി. ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. കൃഷിചെയ്തു കിട്ടുന്ന ലാഭം ബിസിനസിൽ മുടക്കുന്ന ശരാശരി ഗുജറാത്തിക്ക് ഈ പ്രാരബ്ധങ്ങൾ സർവസ്പർശിയായി മാറും.  

നർമദ അണക്കെട്ടിന്റെ പൂർണസംഭരണ ശേഷി കൈവരിച്ചതാണ് ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിൽ ഒരു മുഖ്യവിഷയമായി ഉയർത്തിക്കാട്ടുന്നത്. ഗുജറാത്തിൽ മാത്രം 18.5 ലക്ഷം ഹെക്ടറിൽ ജലസേചനസൗകര്യമൊരുക്കുന്ന ഈ പദ്ധതിയുടെ വിജയത്തിൽ നരേന്ദ്രമോദിയുടെ ‘വെട്ടൊന്ന് മുറി രണ്ട്’  ശൈലി സഹായകരമായിട്ടുണ്ട്. നർമദ വികസന അതോറിറ്റിയുടെ സ്തംഭനാവസ്ഥ മാറിയതും പുനരധിവാസത്തെച്ചൊല്ലിയുള്ള നിയമക്കുരുക്ക് പൊട്ടിയതും അദ്ദേഹം പ്രധാനമന്ത്രിയായ ശേഷമാണ്.

നർമദാദേവിയുടെ വിഗ്രഹവുമായുള്ള യാത്രകളും മോദിശൈലിയിലുള്ള ഉദ്ഘാടനവും നാടെങ്ങും അതിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ഹോർഡിങ്ങുകളും വോട്ടൊഴുകുമെന്ന പ്രതീക്ഷയിലുള്ളതാണ്. പക്ഷേ, അണകെട്ടിയിട്ട് മാത്രം കാര്യമില്ല, വെള്ളം വയലിലെത്താൻ കനാൽ വേണം. 532 കിലോമീറ്റർ വരുന്ന മുഖ്യകനാൽ പത്തുവർഷം മുമ്പേ പൂർത്തിയായതാണ്.

ഉപകനാലുകൾ കണക്കാക്കിയാൽ ആകെ 43000 കിലോമീറ്ററിൽ  18000 മാത്രമേ തീർന്നിട്ടുള്ളൂ. സുരേന്ദ്രനഗർ, രാജ്‌കോട്ട്, ബനസ്‌ക്കന്ധ തുടങ്ങിയ കാർഷികമേഖലകളിൽ നർമദയിലെ വെള്ളം നേരിട്ടെത്താത്ത വയലുകളേറെയാണ്. ഇവ പൂർത്തിയാക്കാതെ നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം ഉദ്ഘാടനം നടത്തിയത് തിരഞ്ഞെടുപ്പുമാത്രം മുൻനിർത്തിയാണെന്ന് മേധാപട്കർ ആരോപിച്ചത് അതിനാലാണ്.  എല്ലായിടത്തും വോട്ടു ചുരത്തുന്ന കാമധേനുവാകില്ല നർമദ.

തലപൊക്കിയ കോൺഗ്രസ്


രാഹുൽഗാന്ധിയുടെ നവസർജൻയാത്രയുടെ ആദ്യഘട്ടം ബുധനാഴ്ച സമാപിച്ചുകഴിഞ്ഞു. ഒക്ടോബറിൽ വടക്ക്-തെക്ക്  മേഖലകളിലും സംബന്ധിക്കും. പക്ഷേ, ഈ യാത്രകളുടെ നനവൊക്കെ ഒരു വെയിലിൽ വറ്റുന്നത്ര ശുഷ്കമായ സംഘടനാസംവിധാനമാണ് പാർട്ടിക്ക് താഴെത്തട്ടിലുള്ളത്. അമുൽ ചെയർമാൻ കൂടിയായ രാംസിങ് പർമാറിനേപ്പോലെ സ്വാധീനമുള്ള എം.എൽ.എ.മാരാണ് അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയത്.

പലയിടത്തും എം.എൽ.എ.മാരുടെ തണലിലാണ് പാർട്ടിയെന്നതിനാൽ 14 പേർ വിട്ടുപോയത് കോൺഗ്രസിന് കടുത്തവെല്ലുവിളി ഉയർത്തുന്നു. എംപ്ളോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 30 ലക്ഷം യുവാക്കൾക്കും അഞ്ച് വർഷം കൊണ്ട് തൊഴിൽ, അതുവരെ തൊഴിൽരഹിതവേതനം തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസ് നിരത്തുന്നുണ്ട്.

പക്ഷേ, ബി.ജെ.പി.യുടെ തുടർച്ചയായ ഭരണത്തോടുള്ള എതിർവികാരത്തെ വോട്ടുകളായി മാറ്റാൻ കോൺഗ്രസിന് ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ജനതാദൾ (യു) ശരദ്‌ യാദവ് വിഭാഗത്തിന്റെ വർക്കിങ് പ്രസിഡന്റും എം.എൽ.എ.യുമായ ഛോട്ടുവാസവ കോൺഗ്രസിനോട് ഐക്യനിർദേശം ഉന്നയിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടിന് 27 സംവരണസീറ്റുകളുള്ള ആദിവാസി മേഖലകളിൽ മുന്നേറ്റം നടത്താനാകും.

ഇനിയും മുന തേയാത്ത നേതാവാണ് താനെന്ന് പട്ടേൽ സംവരണ സമരസിമിതിയുടെ ഹർദിക് പട്ടേൽ തെളിയിക്കുന്നുണ്ട്. ഈ 24-കാരൻ സെപ്റ്റംബർ 14-16 തീയതികളിൽ അഹമ്മദാബാദിൽ നിന്ന് സോംനാഥിലേക്ക് നടത്തിയ സങ്കല്പ്‌ യാത്ര നല്ല വിജയമായി. സഹനേതാക്കളെ പലരെയും ബി.ജെ.പി. ഭിന്നിപ്പിച്ചെങ്കിലും പട്ടേൽ യുവാക്കളിൽ ഒരു വിഭാഗത്തിന് ഹർദിക് ഇന്നും ഹരമാണ്. കോൺഗ്രസിനോട് ചായ്‌വ് കാട്ടുന്നുണ്ടെങ്കിലും ഇതുവരെ സഖ്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞദിവസം സംവരണേതരസമുദായങ്ങൾക്കായി പ്രത്യേക കമ്മിഷനെ പ്രഖ്യാപിച്ച സർക്കാർ പരമാവധി പട്ടേൽ വിഭാഗക്കാരെ കൂടെനിർത്താൻ നോക്കുകയാണ്. എക്കാലവും പട്ടേലുമാർ വോട്ടുചെയ്തത് ബി.ജെ.പി.ക്കാണ്. അതിനാൽ ചെറിയ ചോർച്ചപോലും അവർക്കാണ് ദോഷം. ഒ.ബി.സി. ഏകതാമഞ്ച് നേതാവ് അൽപ്പേഷ് ഠാക്കൂർ അടുത്തമാസം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഠാക്കൂർ വിഭാഗത്തിൽ വലിയ സ്വാധീനമാണ് ഇവർക്കുള്ളത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി ബി.ജെ.പി. വിരുദ്ധ നിലപാടിലാണെങ്കിലും തിരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന് പറഞ്ഞിട്ടില്ല.

ഇതുവരെയുള്ള രംഗം ഇങ്ങനെ സംഗ്രഹിക്കാം: 2015-ലെ തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാണ് ബി.ജെ.പി. മുഖ്യമന്ത്രിയെ മാറ്റിയത്. കോൺഗ്രസ് ഗ്രൂപ്പു വഴക്കുകളിൽ മുങ്ങുകയും ബി.ജെ.പി.നില മെച്ചപ്പെടുത്തുകയും ചെയ്തു. വികസനം മുഖ്യ അജൻഡയാക്കി തിരഞ്ഞെടുപ്പിനിറങ്ങാൻ ഉദ്ദേശിക്കുന്നു. പക്ഷേ, സാമ്പത്തിക പരിഷ്കാരങ്ങൾ ജനങ്ങളിൽ പരത്തിയ അസംതൃപ്തിയുടെ ആഴം അളക്കാനാവുന്നില്ല. 

ഹിന്ദുത്വ അജൻഡ ആവനാഴി വിട്ടിറങ്ങുമോയെന്ന ആശങ്ക ഇത് ഉയർത്തുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം സംഘടനാപരമായി ഉയരാൻ കഴിയുമോയെന്നതാണ് കോൺഗ്രസിനുള്ള വെല്ലുവിളി. വാരിക്കുഴികളൊരുക്കിയാണ് സമുദായസംഘടനകൾ ഇരുവരെയും കാത്തിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. പൂർണമായും കേന്ദ്രനേതാക്കൾ നയിക്കുന്നതാവും ഈ വർഷാവസാനം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ്. കാരണം എല്ലാ ഭാഗത്തും ആളെക്കൂട്ടാൻ കഴിയുന്ന ഒരു സംസ്ഥാനനേതാവും ഇപ്പോൾ ഗുജറാത്തിലെ ഒരു പാർട്ടിയിലുമില്ല.

പ്രതിപക്ഷം പല തട്ടിൽ


പ്രതിപക്ഷഐക്യം തകർക്കാനായതാണ് ബി.ജെ.പി.യുടെ നേട്ടം. വഗേല ബി.ജെ.പി.യിൽ ചേരാതെ മൂന്നാംമുന്നണി ഉണ്ടാക്കിയത് ബി.ജെ.പി. വിരുദ്ധവോട്ടുകളുടെ ഏകീകരണം തടയും.  2012-ൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയ എൻ.സി.പി., അഹമദ് പട്ടേലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കംമൂലം ഇപ്പോൾ ഒറ്റയ്ക്ക് നിൽക്കുകയാണ്. കഴിഞ്ഞദിവസം വഡോദരയിലെത്തിയ മായാവതി, ബി.എസ്.പി. എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ചു. 

വിജയസാധ്യതയുള്ളയിടങ്ങളിൽ മത്സരിക്കാൻ എ.എ.പി.യും നിശ്ചയിച്ചു. കിസാൻ ഖേദുത് സമാജ്, മുൻ പോലീസ് ഉദ്യോഗസ്ഥൻ രാഹുൽ ശർമയുടെ സ്മാർട്ട്‌ പാർട്ടി തുടങ്ങി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെല്ലാം തനിച്ച് രംഗത്തിറങ്ങുന്നത് ബി.ജെ.പി.യെ പരോക്ഷമായെങ്കിലും സഹായിക്കും. എന്നാൽ, കോൺഗ്രസ് വിട്ടുവന്ന എം.എൽ.എമാർക്കെല്ലാം സീറ്റ് നൽകുന്നത് ബി.ജെ.പി.യുടെ പരമ്പരാഗത അണികളിൽ എതിർപ്പുണ്ടാക്കും. 

എന്നാൽ, നരേന്ദ്രമോദിയും അമിത് ഷായും രംഗത്തിറങ്ങുമ്പോൾ ഇത്തരം പിണക്കങ്ങളെല്ലാം ആവിയാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഗൗരവ്‌യാത്ര വടക്കുനിന്ന് ഉപമുഖ്യമന്ത്രി നിതിൻപട്ടേലും തെക്കുനിന്ന് സംസ്ഥാനപ്രസിഡന്റ് ജീത്തുവഘാണിയും നയിക്കും. 16-ന് ഗാന്ധിനഗറിൽ മോദിയും ഷായും സംബന്ധിക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.  രാഹുൽഗാന്ധി ഉയർത്തുന്ന ഓളമൊക്കെ അതിൽ അലിഞ്ഞുപോകുമെന്ന് ബി.ജെ.പി. കണക്കാക്കുന്നു.