ബാവ്‌നഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പ് വികസനവും വര്‍ഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ ഇറക്കുമതി സ്ഥാനര്‍ഥികളെയാണ് കോണ്‍ഗ്രസ് കൊണ്ടുവന്നിട്ടുള്ളത്. ഇത് വികസന മുരടിപ്പിന് വഴിവെക്കുമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ  ബാവ്‌നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.

ബി.ജെ.പി നിരവധി വികസന പരിപാടികളാണ് ഗുജറാത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. ജനങ്ങള്‍ക്കെല്ലാം വൈദ്യുതിയും വെള്ളവുമെത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിയെ ഒരിക്കല്‍കൂടി ഭരണത്തിലേറ്റണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് തിരിച്ച് വരുന്നത് വലിയ തിരിച്ചടിയാണ് സംസ്ഥാനത്തിനുണ്ടാക്കുക. അക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നഷ്ടങ്ങള്‍ ആവര്‍ത്തിക്കരുത്. കര്‍ഫ്യൂ രഹിത സംസ്ഥാനം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കണം. അതിന് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മാത്രമേ കഴിയൂവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.