ന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇന്നൊരു മുഖമുണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെതാണ്. കുറ്റിപ്പുറത്ത് 2006 ല്‍ കെ.ടി. ജലീലിനോട് തോറ്റ കുഞ്ഞാലിക്കുട്ടിയല്ല ഈ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ്. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം എന്ന ലീഗ് കോട്ട കാത്ത് സംരക്ഷിച്ച നേതാവ്. 

ലീഗിന്റെ പരമാത്മാവും ജീവാത്മാവുമായ പാണക്കാട്ട് തങ്ങളുടെ തറവാടിനടുത്തുള്ള വീട്ടിലെ ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പഴയൊരു ഫോട്ടോ. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം മുടി നീട്ടി വളര്‍ത്തി പഴയ ഹിപ്പികളെ ഓര്‍മ്മിപ്പിക്കുന്ന സുസ്‌മേരവദനനായ ചെറുപ്പക്കാരന്‍. ''1974 ലോ 75 ലോ എടുത്ത ഫോട്ടോയാണ്. ഞാന്‍ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രം.''  കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം. ''ഞാനിപ്പോള്‍ പഴയ ചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു ഫോട്ടോ കിട്ടി.'' ഓര്‍മ്മകളില്‍ കയ്പും മധുരവുമുണ്ട്. കാഞ്ഞിരക്കുരുവിന്റെ ചുവയുള്ള ചില ഓര്‍മ്മകള്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി കുഞ്ഞാലിക്കുട്ടി വേങ്ങര ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

Kunhalikutty youth

വേങ്ങര ഉള്ളംകൈയിലെ രേഖകള്‍ പോലെ അറിയാം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിച്ചു കഴിഞ്ഞു. എന്താണു വേങ്ങര പറയുന്നത് ? 

ഫലം സുനിശ്ചിതമാണ്. ആളും അര്‍ത്ഥവുമൊഴുക്കി സി.പി.എമ്മും ബി.ജെ.പിയും പെടാപ്പാടു പെടുന്നുണ്ട്. പക്ഷെ, വേങ്ങര പിടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് അവര്‍ക്കു നന്നായി അറിയാം. ഇതു ഞങ്ങളുടെ ശക്തികേന്ദ്രമാണ്. 

ഭൂരിപക്ഷം കൂടുമോ? കുറഞ്ഞേക്കുമെന്ന സൂചനയാണു പൊതുവെ മണ്ഡലത്തില്‍നിന്ന് ഉയരുന്നത്?

കൂടുമെന്നു തന്നെയാണു ഞങ്ങളുടെ കണക്കുകൂട്ടല്‍. അവസാന ഘട്ടത്തില്‍ ബൂത്തു തലത്തില്‍നിന്നുള്ള വിശകലനങ്ങള്‍വെച്ചാണു ഞാന്‍ പറയുന്നത്. 

എന്താണ് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം ?

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തികഞ്ഞ പരാജയമാണ്. എന്താണ് അവര്‍ക്ക് എടുത്തു കാട്ടാനുള്ളത്. നോട്ടു നിരോധനവും ജി.എസ്.ടിയുമൊക്കെ ചേര്‍ന്നു ജനത്തെ തകര്‍ത്തിരിക്കുകയാണ്. എല്ലാത്തിനും വിലക്കയറ്റമാണ്. യു.ഡി.എഫ്്. സംസ്ഥാനം  ഭരിച്ചപ്പോള്‍ പെട്രോളില്‍നിന്നുള്ള ഉയര്‍ന്ന നികുതി ഞങ്ങള്‍ വേണ്ടെന്നു വെച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിനു തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണു കേന്ദ്രം ജി.എസ്.ടി. നടപ്പാക്കിയത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. നാമമാത്രമായി റേഷന്‍ കിട്ടുന്ന സംസ്ഥാനമായി കേരളം മാറിയിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ ശരിക്കും കഷ്ടപ്പാടിലാണ്. ഇതിന്റെയൊക്കെ പ്രതിഫലനം വേങ്ങരയിലുണ്ടാവും .

കെ.എന്‍.എ. ഖാദര്‍ സ്ഥാനാര്‍ത്ഥിയായതുമായി ബന്ധപ്പെട്ടു വിവാദമുയര്‍ന്നിരുന്നു. അവസാന നിമിഷമാണ് ഖാദര്‍ സ്ഥാനാര്‍ത്ഥിയായത്. ഇതു ലീഗിലെ ഉള്‍പ്പാര്‍ട്ടി  ജനാധിപത്യത്തിന്റെ പ്രതിസ്ഫുരണമാണോ അതോ ലീഗിനുള്ളിലും ഗ്രൂപ്പിസം ഉടലെടുക്കുകയാണോ ?

വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണു ലീഗില്‍ സ്ഥാനാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. വിമര്‍ശിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ചര്‍ച്ചകളില്‍ ഒരു ടൈ വന്നാല്‍ അതില്‍ സംസ്ഥാന പ്രസിഡന്റ് വിവേചനാധികാരം പ്രയോഗിക്കും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

ബി.ജെ.പി. ഉയര്‍ത്തുന്ന രാഷ്ട്രീയത്തോടുള്ള ലീഗിന്റെ പ്രതികരണം എന്താണ്?

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുകയാണു ലക്ഷ്യം. പക്ഷെ, സിപിഎമ്മില്‍ ഇപ്പോഴും ആശയക്കുഴപ്പമാണ്. മുഖ്യശത്രുആരാണെന്ന കാര്യത്തില്‍ അവര്‍ക്കിപ്പോഴും തീരുമാനമെടുക്കാനായിട്ടില്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരു പോലെ നേരിടുകയെന്ന മണ്ടത്തരമാണ് അവര്‍ കാണിക്കുന്നത്.

കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമല്ലേ ?

ബി.ജെ.പി. കേരളത്തില്‍ ഒരു ശക്തിയല്ല. അഖിലേന്ത്യാ തലത്തിലാണ് ബി.ജെ.പിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പു വേണ്ടത്. അവിടെ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തി സി.പി.എം. എന്തു പോരാട്ടമാണ് നടത്താന്‍ പോവുന്നത്? കേരളത്തില്‍നിന്നു വ്യത്യസ്തമായ സമീപനം അഖിലേന്ത്യാ തലത്തില്‍ എടുക്കാന്‍ സി.പി.എം. തയ്യാറാവണം. മമത ബാനര്‍ജി ഇത്തരമൊരു നിലപാട് എടുക്കുന്നുണ്ടല്ലോ. ബി.ജെ.പിക്കെതിരെ സുശക്തമായ മുന്നണി അഖിലേന്ത്യാ തലത്തില്‍ വേണമെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.
സീതാറാം യെച്ചൂരി തീര്‍ച്ചയായും പാര്‍ലമെന്റിലേക്കു വീണ്ടും വരണമായിരുന്നു. പക്ഷെ, വരട്ടുവാദ സമീപനം ഉയര്‍ത്തി സി.പി.എം. അത് തടഞ്ഞു.

കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ രാജ്യസഭയിലേക്കു കൊണ്ടുവരാതിരുന്നതു പണ്ട് ജ്യോതിബസു വിശേഷിപ്പിച്ച 'ചരിത്രപരമായ വിഡ്ഡിത്ത'ത്തിന്റെ ആവര്‍ത്തനമാണെന്നാണോ?

സംശയമുണ്ടോ? പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിനു മൂര്‍ച്ചകൂട്ടുവാന്‍ യെച്ചൂരിക്കു കഴിയുമായിരുന്നു. കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.ഐക്കു മനസ്സിലായിട്ടുണ്ട്. പക്ഷെ, കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ സി.പി.എം. തയ്യാറാവുന്നില്ല. വാസ്തവത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. കേരളത്തില്‍ ബി.ജെ.പിക്കെതിരെ വന്‍പോരാട്ടമാണു നടത്തുന്നതെന്നാണ് സി.പി.എം. അവകാശപ്പെടുന്നത്. ഞങ്ങളാണു കേരളത്തില്‍ ബി.ജെ.പിക്കെതിരെ പൊരുതുന്നത്. കാസര്‍കോട്ടും മഞ്ചേശ്വരത്തും ഞങ്ങളാണ് ബി.ജെ.പിയെ തോല്‍പിച്ചത്. സി.പി.എം. കടുത്ത പോരാട്ടം നടത്തിയെന്നു പറയുന്ന നേമത്ത് ബി.ജെ.പി. ജയിക്കുകയും ചെയ്തു.

നേമത്ത് ബി.ജെ.പി. സ്ഥാനാര്‍തഥി ജയിച്ചത് യു.ഡി.എഫിന്റെ വീഴ്ച മൂലമല്ലേ? എന്തുകൊണ്ടാണു നേമത്തെ പരാജയത്തില്‍ യു.ഡി.എഫ്. ആത്മവിമര്‍ശം നടത്താത്തത്?

ഞങ്ങള്‍ തോറ്റ തിരഞ്ഞെടുപ്പാണ് 2016 ലേത്. കേരളത്തില്‍ ബി.ജെ.പിയെ ഫലപ്രദമായി ചെറുക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ബി.ജെ.പിക്കെതിരെ അഖിലേന്ത്യാ തലത്തിലുള്ള പോരാട്ടമാണു ശക്തിപ്പെടേണ്ടത്. അവിടെയാണ് സി.പി.എം. നിലപാടു പ്രതികൂലമാവുന്നത്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് നേരത്തെ മോദിയും കൂട്ടരും സംസാരിച്ചിരുന്നത്. 2019-ല്‍ തങ്ങളുടെ വിജയം ഉറപ്പിച്ച മട്ടിലായിരുന്നു ബി.ജെ.പി. നേതൃത്വത്തിന്റെ സംസാരം. പക്ഷെ, ബി.ജെ.പിയുടെ ഈ ആത്മവിശ്വാസത്തിന് ഇപ്പോള്‍ ഇളക്കം തട്ടുകയാണെന്ന് കരുതുന്നുണ്ടോ?

ബി.ജെ.പിക്ക് ഇപ്പോള്‍ കാര്യങ്ങള്‍ തീരെ അനുകൂലമല്ല. സാമ്പത്തിക മേഖലയിലെ തകര്‍ച്ച ഇന്ത്യന്‍ ജനതയെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍മ്മിത മാന്ദ്യമാണിപ്പോള്‍ ഇന്ത്യയിലുള്ളത്. നോട്ടു നിരോധനത്തെതുടര്‍ന്ന് മന്‍മോഹന്‍സിങ് നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ഇതിനെ വര്‍ഗ്ഗീയതകൊണ്ടു നേരിടാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് മോദിയുടേത്. 2004-ലും ഇതേ അവസ്ഥയായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു പ്രചാരണം. തിളങ്ങിയതു കുറച്ചു ബഹുരാഷ്ട്ര കമ്പനികള്‍ മാത്രമായിരുന്നു. ജനങ്ങള്‍ അന്ന് വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കി. മോദിയുടെ കാര്യത്തിലും അതുതന്നെയാണു സംഭവിക്കാന്‍ പോവുന്നത്.

രാഹുല്‍ ഗാന്ധിയായിരിക്കും കോണ്‍ഗ്രസിനെയും യു.പി.എയെയും നയിക്കാന്‍ പോവുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. രാഹുലിന്റെ നേതൃശേഷിയെക്കുറിച്ചുള്ള ലീഗിന്റെ വിലയിരുത്തല്‍?
രാഹുല്‍ ഗാന്ധി കാര്യപ്രാപ്തിയുള്ള നേതാവാണെന്നാണു ഞങ്ങള്‍ കരുതുന്നത്. അടുത്തിടെ ഗുജറാത്തില്‍ രാഹുല്‍ നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണു കിട്ടിയത്. ഗുജറാത്തില്‍ ഇക്കുറി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. സംശുദ്ധനായ, അഴിമതിയുടെ കറപുരളാത്ത നേതാവാണ് രാഹുല്‍.

മതേതര പാര്‍ട്ടിയാണെന്നവകാശപ്പെടുമ്പോള്‍ തന്നെ മറ്റു മതസ്ഥര്‍ ലിഗിന്റെ നേതൃതനിരയില്‍ ഇല്ലെന്നാണ് ലിഗിനെതിരെ ഉയരുന്ന വലിയൊരു വിമര്‍ശം?
അത് പരമ്പരാഗതമായി സംഭവിച്ചു പോയതാണ്. ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്. ഇതര മതവിഭാഗങ്ങളില്‍നിന്നു ധാരാളം പേര്‍ ലീഗിലേക്കു വരുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യു.സി. രാമനെ ഞങ്ങള്‍ ജനറല്‍ സീറ്റിലാണു മത്സരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇതര മതവിഭാഗങ്ങളില്‍നിന്നുള്ള നിരവധിപേര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളായിരുന്നു.