തിരുവനന്തപുരം: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ  വേങ്ങരക്കാര്യം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന പ്രചാരണം മണ്ടത്തരമാണ്. പത്രത്തില്‍ വരുമ്പോഴാണ് ലീഗ് വിമത സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വേങ്ങരക്കാര്‍ അറിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാറിയ പരിസ്ഥിതിയില്‍ കേന്ദ്ര തലത്തില്‍ പല കാര്യത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അതിനെ സിപിഎമ്മിനോടുള്ള മൃദുസമീപനമെന്ന് പറയാനാവില്ല. ഫലപ്രദമായി തന്നെ പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ സമരം മൂലം ഒട്ടേറെ തിരുത്തലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

 

ബിഡിജെഎസ് വന്നാല്‍ പാര്‍ട്ടി മാത്രം എതിര്‍ക്കില്ല. മാണിയുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്‍കൈയെടുക്കേണ്ട വിഷയം ഇപ്പോഴില്ല. സഹകരിക്കുന്ന കാര്യം മാണി തീരുമാനിക്കണം. ബിജെപിയുടെ ജന പിന്തുണ ദേശീയ തലത്തില്‍ കുറയുകയാണ്. ബിജെപി വിരുദ്ധ വികാരമുണ്ടാക്കുന്നതില്‍ ലീഗിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അധികം മെയ് വഴക്കം ആവശ്യമില്ലെന്നും കേന്ദ്രത്തില്‍ ഇത് വേണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.