വോട്ടെടുപ്പിന് തലേന്ന് വേങ്ങരയിലെ ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് കണ്ടപ്പോള്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ''ചിലപ്പോള്‍ ഒരട്ടിമറിയുണ്ടായാല്‍ അത്ഭുതപ്പെടേണ്ട.'' വെറും സ്വപ്‌നം മാത്രമാണ് നിഴലിക്കുന്നതെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റാത്ത വാക്കുകളായിരുന്നു അത്. വേങ്ങരയില്‍ സിപിഎം തോല്‍ക്കുന്ന പോരാട്ടത്തിലാണെന്ന് ഉറപ്പായിരുന്നു.

പക്ഷേ, എവിടെയൊക്കെയോ ചില അടിയൊഴുക്കുകള്‍ ഉടലെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് മണ്ഡലത്തിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തില്‍ തോന്നിയത്. സിപിഎമ്മിന്റെ വര്‍ധിത ആവേശം വേങ്ങരയില്‍ പ്രകടമായിരുന്നു. ആദ്യ ദിനങ്ങളില്‍ ആലസ്യത്തിലകപ്പെട്ടതുപോലെയായിരുന്നു ലീഗ്. മലപ്പുറം ലീഗിന്റെ കോട്ടയാണെങ്കില്‍ വേങ്ങര ആ കോട്ടയുടെ ഹൃദയമാണ്. ഇവിടെ ലീഗിനെ പിടിച്ചുകെട്ടാന്‍ സിപിഎം ഇനിയും ഒരു ജന്മം കൂടി എടുക്കേണ്ടി വരുമെന്നാണ് ഒരു ലീഗ് നേതാവ് പറഞ്ഞത്. ഒരു പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമൊക്കെയായിരുന്നെങ്കില്‍ വേങ്ങരയില്‍ കഥ മാറുമായിരുന്നുവെന്ന ഒരു സിപിഎം നേതാവിന്റെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

2004 ല്‍ മഞ്ചേരിയില്‍ ടി കെ ഹംസയും 2006 ല്‍ കുറ്റിപ്പുറത്ത് കെ ടി ജലീലും ലീഗിനെ വിറപ്പിച്ചത് ലീഗിനുള്ളില്‍ നിന്നുള്ള സഹായത്തോടെയാണ്.  മലപ്പുറം ജില്ലയില്‍ ലീഗ് തോല്‍ക്കണമെങ്കില്‍ ലീഗുകാര്‍ തന്നെ വിചാരിക്കണമെന്നര്‍ത്ഥം. വേങ്ങരയില്‍ ലീഗുകാര്‍ അങ്ങിനെ ചിന്തിച്ചിട്ടില്ല. വനിതകള്‍ പതിവുപോലെ കൂട്ടമായെത്തി കോണിക്ക് തന്നെ വോട്ട് ചെയ്ത് ലീഗിനെ നാണക്കേടില്‍ നിന്ന് സംരക്ഷിച്ചു.

പക്ഷേ, ലീഗിന്റെ ഈ കരുത്തുറ്റ കോട്ട ഇപ്പോള്‍ ഒന്ന് കുലുങ്ങിയിരിക്കുന്നു. ഒന്നുമില്ല, ഒന്നുമില്ല എന്ന് കുഞ്ഞാലിക്കുട്ടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ലീഗിന്റെ അടിത്തട്ടില്‍ ഒരു കലങ്ങിമറിച്ചിലുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളില്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വീകാര്യത വര്‍ദ്ധിക്കുന്നുണ്ടെന്നു തന്നെയാണ് വേങ്ങര പറയുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ട്രെന്‍ഡ് ശരിക്കും പ്രകടമായിരുന്നു. ലീഗിന്റെ സ്ഥാനാർഥികളില്ലാത്ത ഇടങ്ങളില്‍ മുസ്ലീങ്ങള്‍ കൂട്ടത്തോടെ അനുകൂലമായി വോട്ടുചെയ്തതാണ് ഇടതുമുന്നണിയെ കാര്യമായി തുണച്ചതെന്നത് രഹസ്യമല്ല.

സംഘപരിവാറിനെതിരെയുള്ള ചെറുത്തുനില്‍പില്‍ സിപിഎം പുലര്‍ത്തുന്ന സ്ഥിരതയാണ് മുസലിം ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്നത്. വേങ്ങര ഇക്കുറി ഏറ്റവുമധികം ചര്‍ച്ച ചെയ്തത് വി എസ്സിന്റെയോ കുഞ്ഞാലിക്കുട്ടിയുടെയോ ജനരക്ഷായാത്രയുമായി കടന്നുപോയ കുമ്മനം രാജശേഖരന്റെയോ പ്രസംഗമായിരുന്നില്ല. തിരഞ്ഞെടുപ്പിന് രണ്ടു നാള്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണ് വേങ്ങരയെ ഇളക്കി മറിച്ചത്. മംഗലാപുരത്ത് നടത്തിയ പ്രസംഗത്തിന് തത്തുല്ല്യമായ ഒരു പ്രസംഗമാണ് പിണറായി വിജയന്‍ വേങ്ങരയില്‍ നടത്തിയത്. ശത്രുവുമായി ഒരേയൊരു അനുരഞ്ജനം മാത്രമേയുള്ളുവെന്നും അത് അവനെ തകര്‍ക്കുക എന്നുള്ളതാണെന്നും പണ്ട് ലെനിന്‍ നടത്തിയ പ്രസംഗത്തിന്റെ ചുവടു പിടിച്ചുള്ള ഈ പ്രസംഗത്തില്‍ വേങ്ങരയിലെ കടുത്ത ലീഗ് ആരാധകര്‍ പോലും ഒന്ന് ഭ്രമിച്ചുപോയിരുന്നു.

kna khader
കെ. എൻ. എ. ഖാദർ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനത്തിൽ. ഫോട്ടോ: കെ.ബി.സതീഷ് കുമാർ/ മാതൃഭൂമി

പക്ഷേ, ഒരു പ്രസംഗമാണ് വേങ്ങരയിലെ ഷോക്കിന് കാരണമെന്ന് സമര്‍ഥിക്കുന്നത് വിവരക്കേടാവും. കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തെതുടര്‍ന്ന് ലീഗിലുടലെടുത്ത അസ്വാരസ്യങ്ങള്‍ വളരെ പ്രകടമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിയല്ല ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖ് അലി തങ്ങളുടെ സ്ഥാനാര്‍ഥിയാണ് കെ എന്‍ എ ഖാദര്‍ എന്നായിരുന്നു വേങ്ങരയില്‍ പറഞ്ഞുകേട്ടത്.

സംസ്ഥാന പ്രസിഡന്റ് ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ പിന്നെ ലീഗില്‍ അതിനപ്പുറത്ത് മറ്റൊരു വാക്കില്ലെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ഖാദറിന് പിന്നില്‍ അണിനിരന്നെങ്കിലും എവിെടയൊക്കെയോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് തീര്‍ച്ചയായും മണക്കുന്നുണ്ടായിരുന്നു. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ പാര്‍ട്ടിയാണ് ലീഗെങ്കിലും നേതാവിന്റെ അപ്രമാദിത്വത്തിന് പഴയ മൂര്‍ച്ചയും തീര്‍ച്ചയുമുണ്ടോയെന്ന് സംശയിക്കേണ്ട നാളുകളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിനോടുള്ള കടുത്ത അമര്‍ഷമാണ് വേങ്ങരയില്‍ നിറഞ്ഞു നിന്നിരുന്നത്. വേങ്ങര ടൗണിലെ മിനി ട്രക്ക് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളിലിരുന്ന് ഡ്രൈവര്‍മാരായ മുഹമ്മദും അനിലും വല്ലാത്ത രോഷത്തോടെയാണ് സംസാരിച്ചത്. റിയല്‍ എസ്‌റ്റേറ്റ് തളര്‍ന്നതും ചെറുകിട വ്യവസായങ്ങള്‍ അവതാളത്തിലായതും കാരണം പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുകയാണെന്നാണ് ആ ചെറുപ്പക്കാര്‍ പറഞ്ഞത്. പറപ്പൂരിലെ സി ക്ലാസ് കച്ചവടക്കാരന്‍ അഷ്റഫും തടിക്കച്ചവടക്കാരന്‍ അലവിയും ഇതേ രോഷം പങ്കുവെച്ചു. ജനരക്ഷായാത്രയല്ല സ്വന്തം പാര്‍ട്ടിയെ രക്ഷിക്കേണ്ട ഗതികേടിലേക്കാണ് ബിജെപി പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് ഒരു യുവസ്‌നേഹിതന്‍ ക്രോദ്ധത്തോടെ പറഞ്ഞത്.

നോട്ട് നിരോധനവും ജിഎസ്ടിയും ജനവിരുദ്ധ നടപടികളാണെന്ന  ശക്തമായൊരു സന്ദേശം വേങ്ങരയില്‍ നിന്നുയരുന്നുണ്ട്. ഈ രോഷത്തിന്റെ ഗുണഭോക്താവ് സിപിഎമ്മായി എന്നത് സ്വാഭാവികമായിരുന്നു. വേങ്ങരയില്‍ ലീഗിന് കിട്ടുന്ന വോട്ടുകള്‍ യുഡിഎഫ് എന്ന മുന്നണിക്ക് കിട്ടുന്ന വോട്ടല്ല അത് ലീഗിനു മാത്രം കിട്ടുന്ന വോട്ടാണ്. കോണ്‍ഗ്രസിന്റെ ശുഷ്‌കമായികൊണ്ടിരിക്കുന്ന വോട്ട്ബാങ്കിലേക്ക് സിപിഎം പൂര്‍വാധികം ശക്തമായി കടന്നുകയറിയിട്ടുണ്ടെന്നും വേങ്ങര സൂചിപ്പിക്കുന്നുണ്ട്.

pinarayi at vengara
പിണറായി വിജയൻ വേങ്ങരയിൽ എൽ.ഡി. എഫ് സ്ഥാനാർഥി പി.പി.ബഷീറിനൊപ്പ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ. ഫോട്ടോ കടപ്പാട്: facebook/ppbasheer

എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുക മാത്രമല്ല ശരിക്കും പ്രവര്‍ത്തിക്കുകയും ചെയ്തു. ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനും എസ്ഡിപിഐക്കായി. പക്ഷേ, കേരള രാഷ്ട്രീയത്തിന്റെ പൊതുധാരയ്ക്ക് പുറത്തു തന്നെയാണ് എസ്ഡിപിഐ ഇപ്പോഴുമെന്നാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ലീഗിന്റെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്താനുള്ള കോപ്പുകളൊന്നും തന്നെ ഇനിയും സ്വായത്തമാക്കാന്‍ എസ്ഡിപിഐക്കായിട്ടില്ല. എ പി വിഭാഗം ഇത്തവണ പരസ്യ നിലപാടെടുത്തില്ലെങ്കിലും വോട്ട് ആര്‍ക്കാണ് പോവേണ്ടതെന്ന സന്ദേശം വ്യക്തമായിരുന്നു. സിപിഎമ്മിന്റെ വോട്ട് കൂടിയതില്‍ ഈ ഘടകത്തിനുള്ള പ്രാധാന്യവും കുറച്ചുകാണേണ്ടതില്ല.

വേങ്ങരയില്‍ നിന്നൊരു നിലവിളി ഉയരുന്നുണ്ടെങ്കില്‍ അത് ബിജെപിയുടേതാണ്. ബിജെപി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന് തലവെച്ചുകൊടുക്കാന്‍ തങ്ങളില്ലെന്ന വേങ്ങരക്കാരുടെ നിലപാട് ഈ വിധിയെഴുത്തിലുണ്ട്. 2019ല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കഴിയുന്നത്ര സീറ്റുകള്‍ പിടിക്കുകയെന്ന ലക്ഷ്യം ഇനിയും എത്രയോ അകലെയാണെന്ന് ബിജെപി നേതൃത്വത്തോട് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

vengara bjp
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര വേങ്ങര മണ്ഡലത്തിൽ എത്തിയപ്പോൾ. ഫോട്ടോ കടപ്പാട്: facebook/bjpkeralam

വോട്ട്  നോക്കിയല്ല ലീഗ് നേതൃത്വം നിലപാടെടുക്കുന്നതെന്ന് വേങ്ങരയിലെ വീട്ടില്‍ വെച്ച് സാദിഖ് അലി തങ്ങള്‍ പറയുകയുണ്ടായി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം ലീഗ് നേതൃത്വം സ്വീകരിച്ച മിതവാദനയം ഉദാഹരിച്ചാണ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. തൊട്ടടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഈ നയം ലീഗിന് വലിയ തിരിച്ചടി നല്‍കിയെന്നും എന്നാല്‍ ആത്യന്തികമായി വോട്ടുകളല്ല സമൂഹ നന്മയാണ് ലീഗിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, ഫാസിസത്തിന്റെ മണിമുഴക്കം ശക്തമായിക്കൊണ്ടിരിക്കെ ലീഗ് ആലസ്യം വിട്ടെഴുന്നേല്‍ക്കേണ്ടതുണ്ടെന്ന വിചാരധാര ലീഗിന്റെ താഴേത്തട്ടില്‍ ഉറവപൊട്ടിയൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. വേങ്ങരയിലും മലപ്പുറത്തും ലീഗിനെ വെല്ലുവിളിക്കാന്‍ ഇടതുപക്ഷത്തിനാവില്ലെന്നും എന്നാല്‍ മറ്റു ജില്ലകളില്‍ ഇതല്ല അവസ്ഥയെന്നും ലീഗിന്റെ ഒരു സമുന്നത നേതാവ് ഒരു സൗഹൃദസംഭാഷണത്തില്‍ സമ്മതിച്ചു തന്നു. വേങ്ങരയില്‍ ആഹ്ലാദിക്കാന്‍ ആര്‍ക്കെങ്കിലും വകയുണ്ടെങ്കില്‍ അത് സിപിഎമ്മിനാണ്. 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ എന്‍ എ ഖാദര്‍ നിയമസഭയിലേക്ക് പോവുമ്പോഴും അവസാന ചിരി ചിരിക്കുന്നത് പിണറായി വിജയനാണെന്നത് നമുക്ക് കാണാതിരിക്കാനാവില്ല.