മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസിന് ഒരു നേതാവുണ്ടെങ്കില്‍ അതിപ്പോഴും ആര്യാടന്‍ മുഹമ്മദ് തന്നെയാണ്. 1969 ല്‍ മലപ്പുറം ജില്ല നിലവില്‍ വന്നതു മുതല്‍ 1978 വരെ മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു ആര്യാടന്‍. ഇപ്പോഴും മലപ്പുറം ഡിസിസി ഓഫീസില്‍ ഒരു മുറി ആര്യാടനായി മാറ്റിവെച്ചിട്ടുണ്ട്. മുസ്‌ലിം ലിഗിന്റെ ഉന്നത നേതാവ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളുടെ ചുക്കാന്‍ എണ്‍പത്തൊന്നുകാരനായ ഈ കോണ്‍ഗ്രസ് നേതാവിന്റെ കൈയ്യിലാണ്. ശനിയാഴ്ച മലപ്പുറം ഡിസിസി ഓഫീസില്‍ വെച്ച് ദേശീയ  സംസ്ഥാന രാഷ്ട്രീയ അവസ്ഥാന്തരങ്ങളെക്കുറിച്ച്ആര്യാടന്‍ മാതൃഭൂമി.കോമിനോട് വിശദമായി സംസാരിച്ചു.

കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്നാണ് സിപിഐ പറയുന്നത്. ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വിശാല മതേതര ബദല്‍ വേണമെന്ന അഭിപ്രായത്തെക്കുറിച്ച് എന്ത് പറയുന്നു ?

ഇത്തരമൊരു സംവിധാനം വേണമെന്നു തന്നെയാണ് എനിക്കും തോന്നുന്നത്. ദേശീയതലത്തില്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസിന് യോജിച്ച് നീങ്ങാനാവും. കേരളത്തില്‍ അതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. മാത്രമല്ല കേരളത്തില്‍ ബിജെപി അങ്ങിനെയൊരു ഭീഷണിയല്ലാത്ത സാഹചര്യത്തില്‍ അതിന്റെ ആവശ്യവുമില്ല. പക്ഷെ,ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി നിസ്സാരമല്ല. എല്ലാ അര്‍ത്ഥത്തിലും ഫാസിസ്റ്റ് പ്രവണതകളുള്ള സര്‍ക്കാരാണ് മോദിയുടേത്. ഇന്ത്യയെ വര്‍ഗ്ഗീയമായി വിഭജിച്ച് ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഇതിനുവേണ്ടിയാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കുന്നതും. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന കാര്യത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞത്. ഈ തീരുമാനം സിപിഐ നേതാവ് ഡി.രാജ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും സൂചനയുണ്ട്്്.

മോദി സര്‍ക്കാരിന് ഫാസിസത്തിലേക്ക് നീങ്ങുകയാണെന്ന് ആരോപിക്കുമ്പോള്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അതെന്നും മറക്കാനാവില്ല?

ഇന്ദിരാഗാന്ധി ഫാസിസ്റ്റായിരുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഇന്ദിര ഒരിക്കലും വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തയ്യാറാവുമായിരുന്നില്ല. കള്ളപ്പണക്കാരുടെ ഒരു പാരലല്‍ ഇക്കോണമിയെയും ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ജനാധിപത്യ വിരുദ്ധ ശക്തികളെയും നേരിടുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ജയപ്രകാശ്‌നാരായനെപ്പോലൊരു ജനാധിപത്യവാദി എതിര്‍പക്ഷത്തുണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷെ, ഇന്ദിരയെ എതിര്‍ത്തവരില്‍ ഭൂരിഭാഗവും വര്‍ഗ്ഗീയ, കള്ളപ്പണ ശക്തികളായിരുന്നു.

സഞ്ജയ്ഗാന്ധി എന്ന ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം, തുര്‍ക്ക്മാന്‍ ഗേറ്റിലെ കുടിയൊഴിപ്പിക്കല്‍, നിര്‍ബ്ബന്ധിത വന്ധ്യംകരണം, ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ തുറുങ്കിലടയ്ക്കല്‍  ഇതൊക്കെ തന്നെ ജനാധിപത്യപരമായ നടപടികളായിരുന്നുവെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത് ?

വീഴ്ചകളുണ്ടായിട്ടുണ്ടെന്നല്ല, പക്ഷെ, അതൊന്നുമായിരുന്നില്ല ഇന്ദിരയുടെ ലക്ഷ്യങ്ങള്‍. 1976 ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ മതേതര റിപ്പബ്ബ്‌ളിക്കാക്കിയത് ഇന്ദിരയാണെന്ന് മറക്കരുത്. അടിയുറച്ച മതേതരവാദിയായിരുന്നു ഇന്ദിര. ഇന്ത്യയുടെ ബഹുസ്വരതയോടുള്ള അവരുടെ കമ്മിറ്റ്‌മെന്റ് ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. വന്ധ്യംകരണം ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു. ചൈന നിയമപ്രകാരം നടപ്പാക്കിയ സംഗതിയാണിത്. പക്ഷെ, ഇന്ദിരാ സര്‍ക്കാരിന്റെ നടപടികള്‍ ജനാധിപത്യ വിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സോവിയറ്റ് റഷ്യ അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നുവെന്നത് വിസ്മരിക്കരുത്. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സമീപനമാണ് ഇന്ദിരയെ നയിച്ചിരുന്നത്.

കോണ്‍ഗ്രസിനുള്ളില്‍നിന്നു തന്നെ അടിയന്തരാവസ്ഥയ്‌ക്കെതിരെ വിമര്‍ശമുയര്‍ന്നിരുന്നു. ഗോഹട്ടി സമ്മേളനത്തില്‍ എകെ ആന്റണി ഉയര്‍ത്തിയ വിയോജിപ്പുകള്‍  ഓര്‍ക്കുന്നില്ലേ?

ഗോഹട്ടി സമേമളനത്തില്‍ ഞാനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയെയല്ല, തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന്്് ഒരു വിഭാഗം നേതാക്കള്‍ എടുത്ത നിലപാടിനെയാണ് ആന്റണി എതിര്‍ത്തത്. തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വെയ്ക്കാനാവില്ലെന്നും അത് ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുമെന്നും ആന്റണി പറഞ്ഞു. സഞ്ജയ് ഗാന്ധി അധികാരം കൈയ്യാളുന്നതിനെതിരെയും വിമര്‍ശനമുണ്ടായി. പ്രസംഗം കഴിഞ്ഞപ്പോള്‍ പല നേതാക്കളും ആന്റണിയെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിന് ഇന്ദിര എതിരായിരുന്നില്ല. കൂടെയുണ്ടായിരുന്ന ചിലരാണ് ഇന്ദിരയെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. പക്ഷെ, ഇന്ദിര തിരഞ്ഞെടുപ്പ് നടത്തുക തന്നെ ചെയ്തു.

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ശക്തമായ പ്രാദേശിക നേതൃത്വം വേണമെന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് വരികയാണോ?

പ്രാദേശിക നേതൃത്വം ശക്തമാവണമെന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. അതാണ് ശരി. ആന്ധ്രയില്‍ വൈഎസ്ആര്‍ മരിച്ചപ്പോള്‍ മകന്‍ ജഗനും കുടുംബത്തിനുമൊപ്പമായിരുന്നു ജനങ്ങള്‍ എന്നു മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ല. അതിന് കനത്ത വില കൊടുക്കേണ്ടി വന്നു. ജഗനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷെ, ജനവികാരം തിരിച്ചറിയാന്‍ നേതൃത്വത്തിനായില്ല.

ഉമ്മന്‍ചാണ്ടിയെ ഒതുക്കാനാണ് വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത് എന്ന നിരീക്ഷണത്തെക്കുറിച്ച്?

സുധീരന്റെ പ്രതിച്ഛായ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടായിരുന്നു അതിനു പിന്നില്‍. കാര്‍ത്തികേയന്‍ വേണമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെട്ടത്. കാര്‍ത്തികേയനായിരുന്നെങ്കില്‍ കുറെക്കൂടി ഫ്ളെക്‌സിബിലിറ്റി ഉണ്ടാവുമായിരുന്നു. അഡ്ജസ്റ്റ്‌മെന്റുകളില്ലാതെ എങ്ങിനെയാണ് പ്രായോഗിക രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോവാനാവുക? കാര്‍ത്തികേയനായിരു്ന്നു കെപിസിസി പ്രസിഡന്റെങ്കില്‍ പാര്‍ട്ടിയും ഭരണകൂടവും തമ്മില്‍ ഇത്രയധികം സംഘര്‍ഷമുണ്ടാവുമായിരുന്നില്ല. ഈ സംഘര്‍ഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍നിന്നും തടഞ്ഞത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കൂടുതല്‍ കൂടുതല്‍ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. മോദിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന ആരോപണം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

മോദി കൂടുതല്‍ കൂടുതല്‍ ഏകാധിപതിയായി കൊണ്ടിരിക്കുകയാണ്. ഇതിനായി പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും മോദിക്ക് പലരെയും ഒതുക്കേണ്ടി വരും. പാര്‍ട്ടിക്കുള്ളില്‍ നേരത്തെ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയേയും ഒതുക്കി. തനിക്ക് ഭീഷണിയാവാനിടയുള്ള ഒരാളെയും പാര്‍ട്ടിയില്‍ മോദി വളര്‍ത്തില്ല. സ്വാഭാവികമായും ബിജെപിക്കുള്ളില്‍നിന്നു തന്നെ മോദിയോടുള്ള എതിര്‍പ്പ് ശക്തമാവും. ബിജെപിയുടെ ഉള്ളില്‍നിന്നു തന്നെയുള്ള കലാപത്തിലായിരിക്കും മോദി വീഴുക.

വാജ്‌പേയി ആര്‍എസ്എസ്സുകാരനായിരുന്നെങ്കിലും ഇന്ത്യയുടെ അടിസ്ഥാന സ്വഭാവ സവിശേഷതകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നില്ല. മതേതരത്വവും ബഹുസ്വരതയും ഇന്ത്യയുടെ രക്തത്തിലുള്ളതാണ്. മുഗള്‍ സാമ്രാജ്യം എത്രയോ പതിറ്റാണ്ടുകള്‍ ഇന്ത്യയിലുണ്ടായിരുന്നു. ഹിന്ദു മതത്തിന്റെ സഹിഷ്ണുതയാണ് മുഗള്‍ സാമ്രാജ്യമൊക്കെ ഇത്രയും കാലം ഇന്ത്യയില്‍ തുടരാന്‍ സഹായകരമായത്.

ഇസ്ലാം പോലെയല്ല ഹിന്ദുമതം.അതൊരു ജീവിത രിതിയാണ്, സംസ്‌കാരമാണ്. എത്രയോ ഹിന്ദുക്കള്‍ ഇതര മതങ്ങളിലേക്ക്  മാറിയിരിക്കുന്നു. എന്നാല്‍ ഒരു മുസ്ലിം ഹിന്ദുവായാല്‍ എന്തൊരു ബഹളമായിരിക്കും. സഹിഷ്ണുതയാണ് ഹിന്ദുമതത്തിന്റെ സവിശേഷത. ഗാന്ധിജിയുടെ വധമാണ് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിച്ചുനിര്‍ത്തിയത്. ഗാന്ധിജിയുടെ ചോരയിലാണ് ഇന്ത്യന്‍ ജനാധിപത്യം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. മതമൗലികവാദികള്‍ ഗാന്ധിജിയെ കൊന്നത് ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു. ഇന്ത്യ ഒരു മതരാഷ്ട്രമാവാതിരുന്നത് അതുകൊണ്ടാണ്. ആര്‍എസ്എസ്സിനെ ആദ്യം നിരോധിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലായിരുന്നുവെന്നതും നമ്മള്‍ മറക്കരുത്. ഈ ഇന്ത്യയെയാണ് ഇന്നിപ്പോള്‍ മോദിയും ആര്‍എസ്എസും തകര്‍ക്കാന്‍ നോക്കുന്നത്. അതത്ര എളുപ്പമല്ല.

പട്ടേലിനു പകരം നെഹ്‌റുവിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കിയത് ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണമായിരുന്നു. വാസ്തവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടാമന്‍ പട്ടേലായിരുന്നുവെന്നു വേണം പറയാന്‍. പട്ടേലിന്റെ മിടുക്കും സാമര്‍ത്ഥ്യവും ഒരിക്കലും കുറച്ചുകാണാനുമാവില്ല. പക്ഷെ, ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താനും മുന്നോട്ടു നയിക്കാനും നെഹ്‌റുവാണ് കൂടുതല്‍ നല്ലതെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സില്ലാതെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനിവില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

യുപിയില്‍ മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നൊരു നിരീക്ഷണത്തെക്കുറിച്ച്?

ഷിയാ വിഭാഗത്തില്‍ പെട്ടവര്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്‌തെന്നാണറിയുന്നത്. സുന്നികളുടെ അധീശത്വത്തിനെതിരെ നിലകൊള്ളുന്ന ഷിയാകളെ പാട്ടിലാക്കാന്‍ ബിജെപിക്കായിട്ടുണ്ട്. ഷിയാകളുടെ മുസലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടുത്തിടെ യോഗം ചേര്‍ന്ന്  ഗോവധത്തിനെതിരെയും മുത്തലാക്കിനെതിരെയും ശക്തമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടയെ സ്്ഥാനാര്‍ത്ഥിയാക്കിയതിലൂടെ എല്ലാ രീതിയിലും ഇ അഹമ്മദിന്റെ പകരക്കാരനാണ് കുഞ്ഞാലിക്കുട്ടി എന്ന് മുസ്‌ലിം ലീഗ് പറയുകയാണോ?

മുസ്‌ലിം ലീഗിന് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ അഹമ്മദ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അഹമ്മദ് പോയതോടെ ആ തലത്തില്‍ മുസ്‌ലിം ലീഗിലൊരു ശൂന്യതയുണ്ട്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും അഹമ്മദിനെ യുഎന്നിലേക്ക് പ്രതിനിധിയായി അയച്ചിരുന്നുവെന്ന കാര്യം മറക്കരുത്.

ബിജെപിയുമായി ഒരു പാലമുണ്ടാക്കാന്‍ കുഞ്ഞാലിക്കുട്ടിക്കാവുമെന്നാണോ?

അതല്ല ഞാന്‍ ഉദ്ദേശിച്ചത്. കേരളത്തിലെ സാഹചര്യം വെച്ച് നോക്കിയാല്‍ ബിജെപിയുമായി ഒരു പാലമുണ്ടാക്കാന്‍ ലീഗിനാവില്ല. ലീഗിന് ദേശീയ തലത്തില്‍ ഒരു നേതാവ് വേണം. അതിന് കുഞ്ഞാലിക്കുട്ടിായെപ്പോലെ പറ്റിയൊരാള്‍ വേറെയില്ല എന്നായിരിക്കണം ലീഗ് നേതൃത്വം കരുതുന്നത്.

എപി വിഭാഗം ഇത്തവണം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാവുമോ?

അവരുടെ നിലപാട് വ്യക്തമായിട്ടില്ല. ചുരുങ്ങിയത് 60,000 വോട്ടുകളെങ്കിലും അവര്‍ക്ക് മലപ്പുറത്തുണ്ട്. ഇടതുപക്ഷവുമായി അടുപ്പമുണ്ടെങ്കിലും ഇക്കുറി അവര്‍ ലിഗിനെ പ്രത്യക്ഷമായി എതിര്‍ക്കാനിടയില്ലെന്നാണ് സൂചന. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അവര്‍ യിഎഫിനെ അനുകൂലിച്ചില്ല. നിലമ്പൂരില്‍ മാത്രമല്ല  കേരളത്തില്‍ മൊത്തം എപി വിഭാഗം ഇടതുമുന്നണിക്കാണ് വോട്ട് ചെയ്തത്. പക്ഷെ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി അവര്‍ നീങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷമാവുകയാണ്. എന്തു പറയുന്നു?

അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് അധികമൊന്നും അദ്ധ്വാനിക്കേണ്ടി വരില്ല. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ഞാനും നല്ല പ്രതീക്ഷയിലായിരുന്നു. പക്ഷെ, എല്ലാം തകര്‍ന്നു. കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും തല്ലിപ്പൊളി സര്‍ക്കാര്‍ ഇതുവരെ അച്ച്യുതാനന്ദന്റേതായിരുന്നു. എന്നാലിപ്പോള്‍ അതിനെയും മറികടക്കുന്ന രീതിയിലാണ് പിണറായിയുടെ പോക്ക്. ഏകാധിപത്യ പ്രവണതയാണ് പിണറായിയുടെ മൈനസ് പോയിന്റ്. ജനങ്ങളെ അറിഞ്ഞ് ഭരിക്കാനാവുന്നില്ലെങ്കില്‍ പിന്നെ ഒരു സര്‍ക്കാരിനും വിജയിക്കാനാവില്ല.