മലപ്പുറത്ത് നിന്ന് വന്‍ഭൂരിപക്ഷം നേടി പി.കെ.കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് വണ്ടികയറുന്നതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ വേങ്ങരയില്‍ ഇനി ആര് എന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോകുന്നതോടെ ആ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള നേതാക്കളെയാണോ ലീഗ് രംഗത്തിറക്കുകയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. 

താനൂരില്‍ വി.അബ്ദുറഹിമാനോട് അപ്രതീക്ഷിത തിരിച്ചടി നേരിട്ട അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് തന്നെ വേങ്ങരയില്‍ സീറ്റ് നല്‍കണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും അഭിപ്രായം. എന്നാല്‍ ലീഗ് ജനറല്‍ സെക്രട്ടറിയായ കെ.പി.എ.മജീദിനെ വേങ്ങരയില്‍ ജയിപ്പിച്ച് യുഡിഎഫ് നേതൃത്വത്തിലേക്കെത്തിക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. എം.കെ.മുനീര്‍ നേതൃനിരയിലേക്ക് എത്തുന്നത് തടയിടനാണ് ഈ നീക്കം.

അതേ സമയം മജീദിനോട് നേതൃനിരയില്‍ പലര്‍ക്കും അനുകൂല നിലപാടല്ല ഉള്ളത്. ടെലിവിഷന്‍ ചര്‍ച്ചകളിലടക്കം പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായി അവതരിപ്പിക്കുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയെ നിയസഭയിലെത്തിക്കണമെന്ന് തന്നെയാണ് ഇവരുടെ അഭിപ്രായം. ലീഗ് നിയസഭാ കക്ഷി നേതാവാകാന്‍ മജീദിനേക്കാള്‍ യോഗ്യന്‍ മുനീര്‍ തന്നെയാണെന്ന് ഇവര്‍ കരുതുന്നു.

ഇതിനിടെ മറ്റൊരു പാര്‍ട്ടി വക്താവും പ്രാസംഗികനുമായ കെ.എന്‍.എ.ഖാദറിന്റെ പേരും ചില കോണുകളില്‍ നിന്ന്‌ ഉയരുന്നുണ്ട്. സിറ്റിങ് എംഎല്‍എ ആയിരുന്ന തന്നെ കഴിഞ്ഞ തവണ വള്ളിക്കുന്നില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതിലുള്ള അനിഷ്ടം കെ.എന്‍.എ ഖാദര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ നേതൃപദവിയിലേക്ക് കൊണ്ടു വരികയായിരുന്നു.

വേങ്ങരയില്‍ സമയമാകുമ്പോള്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. തന്റെ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തന്നെയാകും നിര്‍ണായകം. 

കെ.എന്‍.എ.ഖാദര്‍ കെ.പി.എ.മജീദ് എന്നിവരേക്കാള്‍ കുഞ്ഞാലിക്കുട്ടിക്ക് താല്‍പര്യം അബ്ദുറഹിമാന്‍ രണ്ടത്താണിയോട് തന്നെയാണ്. 

മുസ്ലിം ലീഗ് ആരെ നിര്‍ത്തിയാലും കാര്യമായ പ്രതീക്ഷയൊന്നും എല്‍ഡിഎഫ് വേങ്ങരയില്‍ വെച്ച് പുലര്‍ത്തുന്നില്ല. കൂടാതെ  കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം  വേങ്ങരയില്‍ ഇത്തവണ ലീഗ്‌ നേടിയിട്ടുമുണ്ട്. 

അതേ സമയം പുതുമുഖമായിട്ടും ഒരു ലക്ഷം വോട്ടുകളുടെ വര്‍ധന എല്‍ഡിഎഫിന് ഉണ്ടാക്കാനായ എംബി ഫൈസലിനെ വേങ്ങരയിലും ഒരു കൈ നോക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. മണ്ഡലം ലീഗിന്റെ കുത്തകയാണെങ്കിലും അടുത്ത് തന്നെ മറ്റൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഫൈസലിന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പരിചയം മണ്ഡലത്തില്‍ ഉപയോഗപ്പെടുത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.

എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ വിജയ ആഹ്ലാദം അവസാനിക്കുന്നതോടെ മലപ്പുറം മറ്റൊരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. ലോക്‌സഭയിലെ വോട്ടിങ് മഷി മായുന്നതിന് മുമ്പ് വേങ്ങരക്കാര്‍ ഒരിക്കല്‍ കൂടി ബൂത്ത് കയറേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുക.