ചേളാരി: ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനിപ്പിക്കുമ്പോള്‍   റോഡ് തടസ്സപ്പെടുത്തിയുള്ള കൊട്ടിക്കലാശം വേണ്ടെന്ന പോലീസ് നിര്‍ദേശം രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിച്ചതോടെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. 

മലപ്പുറം ചേളാരിയില്‍ ഐഒസി പ്ലാന്റിനോട് ചേര്‍ന്നുള്ള ദേശീയപാതയിലാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് നിര്‍ദേശം ലംഘിച്ച് റോഡ് കൈയടക്കിയത്. ഇതോടെ മേലെ ചേളാരിയില്‍ നിന്ന് ഇരുവശത്തേക്കും കിലോമീറ്ററുകള്‍ ഗതാഗതം തടസ്സപ്പെട്ടു. 

നാല് മണിയോടെ യുഡിഎഫ് പ്രവര്‍ത്തകരാണ് കൊട്ടും കുരവയും ആര്‍പ്പുവിളികളുമായി റോഡ് കൈയടക്കി ഗതാഗതം ആദ്യം സ്തംഭിപ്പിച്ചത്. പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവിടെയെത്തി ഒരു വശത്ത് നിലയുറപ്പിച്ചു. 

പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പോലീസ് ലാത്തി വീശിയതോടെ പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു. അഞ്ച് മണിക്ക് പരസ്യപ്രചരണം അവസാനിച്ചിട്ടും ഒരുപാട് സമയം കഴിഞ്ഞാണ് ദേശീയപാതയിലെ ഗതാഗതകുരുക്കിന് ശമനമായത്. 

പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നുള്ള കൊട്ടിക്കലാശം  ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലാണ് പോലീസ് ഇടപെട്ട് ഇക്കുറി മണ്ഡലത്തിലെ പ്രധാനനഗരങ്ങളില്‍ നിന്ന് സമാപനപരിപാടികള്‍ ഒഴിവാക്കിയതും ദേശീയപാതയില്‍ കൊട്ടിക്കലാശം വേണ്ടെന്ന് പാര്‍ട്ടികളെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തത്.