മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാത്തവരുടെ എണ്ണം നാലായിരത്തിലേറെ. ആകെ 4098 പേരാണ് എല്ലാ സ്ഥാര്‍ത്ഥികളെയും നിഷേധിച്ച് വോട്ട് ചെയ്തത്. ഇതോടെ പ്രധാന മുന്നണികള്‍ക്ക് പിന്നില്‍ നാലാംസ്ഥാനം നേടാനും നോട്ടയ്ക്കായി. 

നോട്ടയ്ക്ക് പുറമെ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുണ്ടായത്. മുന്നണി സ്ഥാനാര്‍ത്ഥികളായ പി.കെ. കുഞ്ഞാലിക്കുട്ടി (5.15 ലക്ഷം), എം.ബി. ഫൈസല്‍ (3.44 ലക്ഷം), എന്‍. ശ്രീപ്രകാശ് (65675) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. മുന്നണി സ്ഥാനാര്‍ഥികളെ കൂടാതെ ഉള്ളവരെല്ലാം സ്വതന്ത്രരായിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കും എം.ബി. ഫൈസലിനും അപരന്‍മാരായി എത്തിയവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപരനായ കുഞ്ഞാലിക്കുട്ടി കെ.ആര്‍. നേടിയത് 720 വോട്ടുകള്‍. എം.ബി. ഫൈസലിന്റെ അപരന്‍ മുഹമ്മദ് ഫൈസല്‍ 1698 വോട്ടുകള്‍ നേടി.

പി.പി.എ. സഗീര്‍ (1469), കെ. ഷാജിമോന്‍ (1027) എന്നിവര്‍ ആയിരത്തിലേറെ വോട്ടുകള്‍ നേടി. എ.കെ. ഷാജി (565), മുഹമ്മദ് മുസ്ലിയാര്‍ എന്‍. (445) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍. പോള്‍ ചെയ്തതില്‍ 657 വോട്ടുകള്‍ അസാധുവായി.