മലപ്പുറം:  ആദ്യം യുഡിഎഫിനും പിന്നെ എല്‍ഡിഎഫിനും മുന്‍തൂക്കം നല്‍കിയ പ്രചരണ പരമ്പരയ്‌ക്കൊടുവില്‍ മലപ്പുറം മനസ്സ് തുറന്നപ്പോള്‍ പുഞ്ചിരി തൂകുന്നത് യുഡിഎഫും പികെ കുഞ്ഞാലിക്കുട്ടിയും. 

2014-ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000-ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 

Read | അത്ഭുതങ്ങളില്ലാതെ മലപ്പുറം; ബിജെപിക്ക് തിരിച്ചടി

ജയപ്രതീക്ഷ ഇല്ലായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം ആരംഭിക്കുന്നതിന് മിനിട്ടുകള്‍ മുന്‍പ് വരെ യുഡിഎഫ് ഭൂരിപക്ഷം ഒന്നരലക്ഷം കടക്കില്ലെന്ന് വാദിച്ച എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. 

IUML
ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദം. ചിത്രം: കെ.ബി. സതീഷ് കുമാര്‍.

 

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോളം മികച്ച വിജയമല്ല നേടിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പേ വമ്പന്‍ തിരിച്ചു വരവാണ് തങ്ങളുടെ കോട്ടയായ മലപ്പുറത്ത് യുഡിഎഫ് നടത്തിയിരിക്കുന്നത്. 

Read | ബീഫില്‍ വോട്ട് വീണില്ല; മലപ്പുറത്ത് പച്ച തൊടാതെ കാവി

ഏഴ് നിയോജകമണ്ഡലങ്ങളില്‍ മലപ്പുറം ഒഴിച്ച് ബാക്കിയെല്ലാം നിയോജകമണ്ഡലങ്ങളിലും 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് ഇക്കുറി യുഡിഎഫ് സ്വന്തമാക്കിയത്. 

2016-ല്‍ വെറും 579 വോട്ടിന് ജയിച്ച പെരിന്തല്‍മണ്ണയില്‍ ഇക്കുറി 8527 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. 1508 വോട്ടുകള്‍ക്ക് ജയിച്ച മങ്കടയില്‍ ഭൂരിപക്ഷം 19262 ആയി ഉയര്‍ന്നു. കൊണ്ടോട്ടിയില്‍ 10,654, മഞ്ചേരിയില്‍ 3227, വേങ്ങരയില്‍ 2472, വള്ളിക്കുന്നില്‍ 8082 എന്നിങ്ങനെയാണ് പതിനൊന്ന് മാസം കൊണ്ട് യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിച്ചത്. 

Kunjalikkutty
കുഞ്ഞാലിക്കുട്ടിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആശ്ലേഷിക്കുന്നു. ചിത്രം: കെ.ബി. സതീഷ് കുമാര്‍.

 

Read | വിനീത വിധേയന്‍ ഇനി ഇന്ദ്രപ്രസ്ഥത്തിലേക്ക് 

എന്നാല്‍ ഒരു നിയോജകമണ്ഡലത്തിലും 2014-ലേക്കാള്‍ മികച്ച ഭൂരിപക്ഷം നേടുവാനും യുഡിഎഫിന് സാധിച്ചില്ല എന്നതും ശ്രദ്ധേയം. അതേസമയം ഇരുമുന്നണികളും റെക്കോര്‍ഡ് വോട്ടാണ് മണ്ഡലത്തില്‍ നേടിയത്. 2014-ല്‍ അഹമ്മദ് 4.37 ലക്ഷം വോട്ടും, പികെ സൈനബ 2.42 ലക്ഷം വോട്ടും നേടിയപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 5.15 ലക്ഷം വോട്ടുകളും എംബി ഫൈസല്‍ 3.44 ലക്ഷം വോട്ടുമാണ് നേടിയത്. 

ചുരുക്കി പറഞ്ഞാല്‍ 77,000 വോട്ടുകള്‍ യുഡിഎഫിന് അധികം ലഭിച്ചപ്പോള്‍ 1.02 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിനും അധികം ലഭിച്ചു. ഇരുമുന്നണികളും കാര്യമായ രീതിയില്‍ വോട്ട് വിഹിതം വര്‍ധിച്ചപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത് ബിജെപിയാണ്. 

Read | വിലയിരുത്തലല്ലെന്ന് പിണറായി; സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ചെന്നിത്തല

2014-ല്‍ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാര്‍ട്ടിക്ക് വെറും 970 വോട്ടുകളാണ് ഇക്കുറി അധികം പിടിക്കുവാന്‍ സാധിച്ചത്.