പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന പി.കെ കുഞ്ഞാലിക്കുട്ടി അടുപ്പമുള്ളവര്‍ക്ക് കുഞ്ഞാപ്പയാണ്. പാണ്ടിക്കടവത്ത് വീട്ടിലും അടുപ്പമുള്ളവര്‍ക്കുമിടയില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ആ വിളിപ്പേര് ഇന്ന് മലപ്പുറത്തുകാര്‍ക്കും കേരളരാഷ്ട്രീയത്തിലും ഒരു പോലെ പ്രശസ്തമാണ്. കുഞ്ഞാപ്പ എന്ന വിളിയില്‍ ചേര്‍ന്ന് കിടക്കുന്ന, അത്രമേല്‍ പ്രിയപ്പെട്ടൊരാള്‍ എന്ന ഈ പ്രതിച്ഛായയാണ് കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിന്റെ ഇന്നത്തെ അടിത്തറ. 

ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതം. പാണക്കാട് തറവാട്ടിലെ വിനീത വിധേയനില്‍ നിന്ന് കേരളരാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയനേതാവായുള്ള ആ വളര്‍ച്ച, ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പേരില്‍ നേരിടേണ്ടി വന്ന വിവാദങ്ങള്‍, വിചാരണങ്ങള്‍..... കുറ്റിപ്പുറത്തെ പരാജയം. പിന്നെ എംഎല്‍എ പോലുമല്ലാതെ അഞ്ച് വര്‍ഷം. 

ശേഷം 2011-ല്‍ വേങ്ങരയില്‍ നേടിയ മിന്നും വിജയത്തിലൂടെയുള്ള തിരിച്ചു വരവ്.  ഇപ്പോള്‍  കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനും ശക്തനുമായ നേതാവായി നില്‍ക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ദേശീയരാഷ്ട്രീയത്തിലേക്കുള്ള വഴിമാറല്‍.... കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു ഫൈറ്ററെ കണ്ടെത്താന്‍ എളുപ്പമല്ല കേരളരാഷ്ട്രീയത്തില്‍. 

kunjalikkutty
നരസിംഹറാവുവിനും കരുണാകരനുമൊപ്പം പികെ കുഞ്ഞാലിക്കുട്ടി

ലീഗിന്റെ ഈറ്റില്ലമായ പാണക്കാടിനടുത്തെ ഊരകം എന്ന ഗ്രാമത്തില്‍ 1951-ലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ജനനം. വ്യവസായിയായ പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും  കെ.പി ഫാത്തിമക്കുട്ടിയുടേയും മകനായിട്ടായിരുന്നു ജനനം. പിന്‍ക്കാലത്ത് കൊമേഴ്‌സില്‍ ബിരുദവും ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും സ്വന്തമാക്കി. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിലൂടെയാണ് കുഞ്ഞാലിക്കുട്ടി സജീവരാഷ്ട്രീയത്തിലെത്തുന്നത്. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സംഘടനയുടെ സംസ്ഥാന ട്രഷററായി കുഞ്ഞാലിക്കുട്ടി. 

1980-ല്‍ മലപ്പുറം മുന്‍സിപ്പാലിറ്റിയുടെ അധ്യക്ഷനായി കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1982-ല്‍ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു ജയിക്കുന്നത്. 1987 ല്‍ വീണ്ടും മലപ്പുറത്തു നിന്ന് വിജയിച്ചു. 1991 ല്‍ കുറ്റിപ്പുറത്തു നിന്നാണ് മത്സരിച്ചത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. 2001 ല്‍ കുറ്റിപ്പുറത്തു നിന്ന് വീണ്ടും വിജയിച്ച കുഞ്ഞാലിക്കുട്ടി എ.കെ ആന്റണി മന്ത്രിസഭയില്‍ വ്യവസായ, ഐടി വകുപ്പ് മന്ത്രിയായി. കേരളത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സജീവ ചര്‍ച്ചയായി മാറുന്നത് അക്കാലത്താണ്. തൊട്ടുപിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വ്യവസായ-ഐടി വകുപ്പ്  മന്ത്രി. 

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുന്ന കാലത്താണ് കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്  വിവാദങ്ങളില്‍ നിറയുന്നത്. തന്നെ പണം നല്‍കി സ്വാധീനിക്കുവാന്‍ ശ്രമിച്ചെന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷി റജീനയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായി പ്രതിപക്ഷസംഘടനകള്‍ തെരുവിലിറങ്ങി, കോണ്‍ഗ്രസിനുള്ളിലും അദ്ദേഹത്തിന്റെ രാജി ആവശ്യം ശക്തമായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി തുടരട്ടേയെന്ന നിലപാടിലായിരുന്നു അന്നത്തെ ലീഗ് സംസ്ഥാന അധ്യക്ഷന്‍  പാണക്കാട് സയ്യീദലി ശിഹാബ് തങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിക്കനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. 

എന്തായാലും പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായിട്ടും അധികാരത്തില്‍ തുടരുന്ന മന്ത്രിക്കെതിരെ ജനരോക്ഷം ശക്തമായി. എന്നാല്‍ ലീഗ് അണികള്‍ അപ്പോഴും കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് അണികള്‍ അവരുടെ രോക്ഷം മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തതോടെ കരിപ്പൂര്‍ വിമാനത്താവളം സംഘര്‍ഷഭൂമിയായി മാറി. പരസ്യപ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. മുഖ്യമന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുന്ന അവസ്ഥയായി. 

kunjalikkuttyഒരു രീതിയിലും അധികാരത്തില്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞാലിക്കുട്ടി രാജിവച്ചു. അദ്ദേഹത്തിന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞ് വ്യവസായമന്ത്രിയായി. 2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പെത്തി. ജനവിധി നേരിട്ട് അഗ്നിശുദ്ധി വരുത്താനിറങ്ങിയ കുഞ്ഞാലിക്കുട്ടിക്കും മുസ്ലീംലീഗിനും പക്ഷേ അടിതെറ്റി.

യൂത്ത് ലീഗ് വിട്ട് എല്‍ഡിഎഫിലെത്തിയ കെടി ജലീല്‍ എന്ന യുവനേതാവിന് മുന്‍പില്‍ കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടു. 8781 വോട്ടുകള്‍ക്ക് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കെടി ജലീല്‍ തോല്‍പിച്ചു.കുഞ്ഞാലിക്കുട്ടിയില്‍ ഒതുങ്ങിയില്ല ആ പരാജയം, എംകെ മുനീര്‍ അടക്കമുള്ള പ്രമുഖ ലീഗ് നേതാക്കള്‍ ആ തിരഞ്ഞെടുപ്പില്‍ പരാജയം നുണഞ്ഞു. മലപ്പുറത്തെ പന്ത്രണ്ട് സീറ്റുകളില്‍ അഞ്ചും ആ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചടക്കി. 99 സീറ്റുകള്‍ നേടി ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലെത്തി. 

ഐക്യജനാധിപത്യമുന്നണി നേരിട്ട കടുത്ത പരാജയത്തിന് കാരണക്കാരനായി ഐസ്‌ക്രീ പാര്‍ലര്‍ കേസും പികെ കുഞ്ഞാലിക്കുട്ടിയും ചിത്രീകരിക്കപ്പെട്ടു. അതേ വര്‍ഷം  തെളിവുകളുടെ അഭാവത്തില്‍ ഐസ്‌ക്രീ കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തെ അത് തുടര്‍ന്നും വേട്ടയാടിക്കൊണ്ടിരുന്നു.

എന്നാല്‍ 2006-ന് ശേഷം കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിനും വ്യക്തിക്കും സംഭവിച്ച മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നു. സാധാരണഗതിയില്‍ ഒരു രാഷ്ട്രീയനേതാവിന് എളുപ്പം മറികടക്കാന്‍ സാധിക്കാത്ത തിരിച്ചടികളായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വന്നതെങ്കിലും അസാമാന്യമായ മെയ് വഴക്കത്തോടെ അദ്ദേഹം ആ പ്രതിസന്ധിയെ മറികടന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമായും അണികളോട് കൂടുതല്‍ അടുത്ത് പെരുമാറിയും കുഞ്ഞാലിക്കുട്ടി സ്വയം പരിവര്‍ത്തനം നടത്തി.

2011-ല്‍ മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം രൂപം കൊണ്ട വേങ്ങര എന്ന മുസ്ലീംലീഗിന്റെ ഏറ്റവും ശക്തമായ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജനവിധി തേടി. 38237 എന്ന മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ജയിച്ചു കയറിയത്. തുടര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായം-ന്യൂനപക്ഷക്ഷേമം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അദ്ദേഹം അധികാരമേറ്റു. അഞ്ച് വര്‍ഷവും സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹം കാര്യമായ ഒരു വിവാദങ്ങളിലും ഇക്കാലയളവില്‍ ചെന്നു ചാടിയില്ല. വളരെ സൂക്ഷമതയോടെയായിരുന്നു ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 

സര്‍ക്കാരും മുന്നണിയും നേരിട്ട പലപ്രതിസന്ധികളിലും പ്രശ്‌നപരിഹാരകനായും മധ്യസ്ഥനായും കുഞ്ഞാലിക്കുട്ടി വര്‍ത്തിച്ചു. ഇതിനിടെ മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെടുകയും ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷനാവുകയും ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ അധികാരത്തിലോ സ്വാധീനത്തിലോ മാറ്റങ്ങള്‍ സംഭവിച്ചിരുന്നില്ല. 

ഉമ്മന്‍ചാണ്ടിയുമായി കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്ന വ്യക്തിബന്ധവും ശ്രദ്ധേയമായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ച ഉമ്മന്‍ചാണ്ടി പിന്നീട് പല രാഷ്ട്രീയപ്രതിസന്ധികളെ നേരിട്ടപ്പോഴും ഉറച്ച പിന്തുണയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും അദ്ദേഹത്തിന് നല്‍കിയത്. കോണ്‍ഗ്രസ്-ലീഗ് സൗഹൃദത്തിന്റെ ആണിക്കല്ലായിരുന്നു ഇവര്‍ക്കിടയിലെ ആത്മബന്ധം. സോളാര്‍ കേസില്‍ സര്‍ക്കാര്‍ രൂക്ഷപ്രതിസന്ധിയെ നേരിട്ടപ്പോള്‍ മുന്നണിയിലെ പ്രമുഖ കക്ഷി എന്ന നിലയില്‍ ലീഗ് വലിയ പിന്തുണയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. 

kunjalikkutty
ഉമ്മന്‍ചാണ്ടിക്കും കരുണാകരനുമൊപ്പം പികെ കുഞ്ഞാലിക്കുട്ടി

എകെ ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയെ ചൊല്ലിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിയുടെ പേരിലും മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അത് അത് സൗമ്യമായി പരിഹരിക്കാന്‍ പ്രയ്തനിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. തന്റെ കൈവശമിരുന്ന ന്യൂനപക്ഷക്ഷേമവകുപ്പ് നല്‍കിയാണ് മഞ്ഞളാകുഴി അലിക്ക് മന്ത്രിയാവാന്‍ അദ്ദേഹം അവസരമൊരുക്കിയത്. 

ദീര്‍ഘകാലം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രധാന ഭരണനേട്ടങ്ങളായി പറയപ്പെടുന്ന ഐടി രംഗത്ത് അദ്ദേഹം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങളാണ്. അക്ഷയ പദ്ധതി കേരളത്തില്‍ ആരംഭം കുറിക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭരണത്തിലാണ്. സ്മാര്‍ട്ട് സിറ്റി ആശയം മുള പൊട്ടുന്നതും അത് പ്രാവര്‍ത്തികമാക്കിയതും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ്. കേരളത്തിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാനായി ഗ്ലോബല്‍ ഇന്‍വസ്റ്റ്‌മെന്റ് മീറ്റ്, എമര്‍ജിംഗ് കേരള എന്നീ നിക്ഷേപകപദ്ധതികള്‍ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയെങ്കിലും കേരളത്തിലെ വ്യത്യസ്തമായ തൊഴില്‍-രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവ പരാജയപ്പെടുകയാണുണ്ടായത്. 

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് തന്നെ മത്സരിച്ച കുഞ്ഞാലിക്കുട്ടി മികച്ച വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ് കുഞ്ഞാലിക്കുട്ടി ഇവിടെ മത്സരിക്കാനെത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലേക്ക് കളംമാറാന്‍ തീരുമാനിച്ചത് എതിരാളികളെ പോലും അമ്പരിപ്പിച്ചെങ്കിലും ബിജെപി ശക്തിപ്പെടുന്ന ഈ കാലത്ത് തനിക്ക് ഡല്‍ഹിയില്‍ ചിലത് ചെയ്യാനുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.

kunjalikutty with family
പത്‌നി കെഎം കുല്‍സുവിനും മക്കളായ പികെ ആഷികിനും ലസിദ സുല്‍ഫിക്കും മറ്റു കുടുംബാഗംങ്ങള്‍ക്കുമൊപ്പം പികെ കുഞ്ഞാലിക്കുട്ടി

എന്തായാലും കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും മികച്ച രീതിയില്‍ വോട്ട് നേടി വന്ന ബിജെപിയെ ഒതുക്കി കൊണ്ടാണ് മലപ്പുറത്ത് നിന്ന് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയിരിക്കുന്നത്. എസ്പിയുടെ അസംഖാനും, ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്താഹുദല്‍ മുസ്ലീമിനിന്റെ അധ്യക്ഷനുമായ അസാദുദ്ദീന്‍ ഒവൈസിയുമാണ് ഇന്ന് ന്യൂനപക്ഷവിഭാഗങ്ങളുടെ മുഖമായി ദേശീയരാഷ്ട്രീയത്തില്‍ തിളങ്ങുന്നത്. ഈ രണ്ട് പേരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതികളും ശൈലിയുമാണ് കുഞ്ഞാലിക്കുട്ടിയുടേതും മുസ്ലീംലീഗിന്റേതും.

അതിശക്തനായ പ്രധാനമന്ത്രിക്കും ശക്തിയേറി കൊണ്ടിരിക്കുന്ന ബിജെപിക്കുമെതിരെ ഒരു ജനാധിപത്യസഖ്യം രൂപപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി കഴിഞ്ഞു. കേരളത്തിനപ്പുറം ശക്തമായ സ്വാധീനമില്ലാത്ത മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുടെ പ്രതിനിധിയായി ഡല്‍ഹിക്ക് പോകുന്ന കുഞ്ഞാലിക്കുട്ടിക്ക് അത് എത്ര കണ്ട് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും എന്നത്  കണ്ടറിയേണ്ട കാര്യമാണ് പ്രത്യേകിച്ച് പ്രധാനപ്രതിപക്ഷവും ലീഗിന്റെ സഖ്യകക്ഷിയുമായ കോണ്‍ഗ്രസ് തന്നെ വലിയ പ്രതിസന്ധികളെ നേരിടുന്ന ഈ കാലത്ത്. എന്നാല്‍ അണികള്‍ക്ക് കുഞ്ഞാലിക്കുട്ടിയില്‍ വിശ്വാസമുണ്ട്. തന്റെ അസാധാരണമായ നയവൈഭവം കൊണ്ട് കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.