ലപ്പുറം ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ ചാരുത കേരളത്തിലെ ഇരുമുന്നണികളുടെയും മതേതര അടിത്തറയ്ക്കു കിട്ടിയ പിന്തുണയാണ്. ബിജെപിയുടെ വര്‍ഗീയ അജണ്ടയെ നേരിടുന്നതില്‍ ഏതു മതേതര മുന്നണിക്കാണു കൂടുതല്‍ മുന്നോട്ടു പോകാനായത് എന്ന വിലയിരുത്തലാണു മലപ്പുറത്തു നടന്നത്. യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ മതേതര അടിത്തറയെ ചോദ്യം ചെയ്തല്ല, പ്രത്യുത ബലപ്പെടുത്തിയാണു മലപ്പുറത്തെ വോട്ടര്‍മാര്‍ അതു കണ്ടെത്തിയത്. അതുകൊണ്ട് 2019-ല്‍ ദേശീയതലത്തില്‍ നിര്‍വഹിക്കേണ്ട വലിയൊരു  ഉത്തരവാദിത്തത്തിന്റെ ഏറ്റെടുക്കല്‍ മലപ്പുറം വിധിക്കുണ്ട്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തി ബിജെപിയെ പ്രതിരോധിക്കുക. പിന്നീടു വേണമെങ്കില്‍ കൈകോര്‍ത്തു നേരിടുക. മലപ്പുറം അതിനുള്ള പച്ചക്കൊടിയാണു കാട്ടിയത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായ സമീപനമാണു മതന്യൂനപക്ഷം ഇക്കുറി മലപ്പുറത്തു സ്വീകരിച്ചത്. ബീഫ് വിവാദം അടക്കമുള്ള വിഷയങ്ങള്‍ വന്നപ്പോള്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്നതില്‍ അറച്ചുനിന്ന കോണ്‍ഗ്രസിനോട് അവര്‍ക്കു തോന്നിയ അവിശ്വാസമാണ് ഇടതുമുന്നണിക്ക് അന്നു ഗുണകരമായത്. പക്ഷെ അതുകൊണ്ടു മാത്രം ബിജെപിയെ പ്രതിരോധിക്കാനാകില്ലെന്ന് അനന്തരഫലം വ്യക്തമാക്കി. മതേതര ചേരികളില്‍ ഒന്നിനെ അപ്രസക്തമാക്കും വിധമുള്ള ആഭിമുഖ്യമാറ്റം ഒരു വശത്തു ബിജെപിയെ കൂടുതല്‍ ഉറപ്പിക്കുന്നതാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ ബോധ്യമാണു മലപ്പുറത്തിനെ യുഡിഎഫ്-എല്‍ഡിഎഫ് ബലാബലത്തിലേക്കു വീണ്ടും കുറുക്കിയെടുപ്പിച്ചത്. ബിജെപിയെ കാഴ്ചക്കാര്‍ മാത്രമാക്കിയത്. 

മലപ്പുറത്തെ എഴുപത് ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍ വലിയൊരു വിഭാഗത്തിനു മാത്രമല്ല ഇത്തരമൊരു ചിന്ത വന്നത്. ഇരുപത്തിയെട്ട് ശതമാനത്തോളം വരുന്ന ഹിന്ദുക്കളില്‍ വലിയൊരു പങ്കും സമാനമായ മട്ടില്‍ തന്നെ ചിന്തിച്ചു. എസ്ഡിപിഐയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍നിന്നു വിലക്കിയതും മതേതര ചേരി ഭിന്നിക്കരുതെന്ന ആ ഉള്‍ബോധം തന്നെയാണ്. രണ്ടു ചേരികളിലായി സ്വന്തം രാഷ്ട്രീയം വേര്‍പെടട്ടെ എന്ന സമ്മതപത്രമുണ്ട് ആ തീരുമാനത്തില്‍. ബിജെപിയെ നിരാകരിക്കാനുള്ള സാധ്യതയെ രണ്ടു ചേരികളിലേക്കാക്കി നടത്തിയ ആറ്റിക്കുറുക്കലുണ്ട് ആ തീരുമാനത്തിന്റെ ആലയില്‍. അതു കാണാതിരുന്നുകൂടാ. ന്യൂനപക്ഷ വോട്ടുകളുടെ ഈ മതനിരപേക്ഷ മാനത്തെയാണു വര്‍ഗീയ ധ്രുവീകരണമെന്ന അധിക്ഷേപത്തിലൂടെ സിപിഎം തള്ളിക്കളയുന്നത്. അതു ജനവിധിയെ ഉള്‍ക്കൊള്ളുന്നതിലും അതിന്റെ സന്ദേശം വായിക്കുന്നതിലുംനിന്ന് അവരെ പിന്തിരിപ്പിക്കുന്നതാണ്. അതവരെ കൊണ്ടെത്തിക്കുന്നതു ബിജെപിയുടെ അതേ വാദഗതികളില്‍ തന്നെയാണ്. 

ന്യൂനപക്ഷ ധ്രുവീകരണത്തിനു സമാന്തരമായി ഭൂരിപക്ഷ ധ്രുവീകരണവും ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മിന്റെ വാദഗതിക്ക് പിന്നെയും ഒരു നീതീകരണമുണ്ടായിരുന്നു. ഇവിടെ നേരേ തിരിച്ചാണു സംഭവിച്ചത്, ബിജെപിയെ നില്‍ക്കുന്നിടത്തു തന്നെ നിര്‍ത്തി. ചിലയിടത്തെങ്കിലും തളര്‍ത്തി. വള്ളിക്കുന്ന് പോലുള്ള ഇടങ്ങളില്‍ അവര്‍ക്കു മുമ്പുണ്ടായിരുന്ന വോട്ടുകളുടെ എണ്ണം കുറഞ്ഞു. കൊണ്ടോട്ടിയിലും വോട്ടു കുറഞ്ഞു. മഞ്ചേരിയില്‍ സ്റ്റാറ്റസ് കോയും. എന്നുവച്ചാല്‍ എളുപ്പമായിരുന്നില്ല ബിജെപിയുടെ മുന്നേറ്റത്തെ തടയല്‍. അതു കാണാതെ പോകരുത് സിപിഎം.

ബിജെപി വിരുദ്ധതയില്‍ ഊന്നുമ്പോഴും സിപിഎമ്മിനെ ഒരിക്കല്‍പ്പോലും മുസ്ലിം ന്യൂനപക്ഷങ്ങളുടെ ശത്രുപക്ഷത്തു നിര്‍ത്താതെ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുക എന്ന റിസ്‌കാണ് ലീഗ് ഏറ്റെടുത്തത്. കോണ്‍ഗ്രസില്‍നിന്നു നാലു പേര്‍ ബിജെപിയിലേക്കു ചാടാന്‍ തയാറെടുത്തു നില്‍ക്കുന്നെന്ന സിപിഎമ്മിന്റെ അവസാന മണിക്കൂറിലെ അടവില്‍ പോലും പ്രകോപിതരായില്ല ലീഗ്. കോണ്‍ഗ്രസിന്റെ മതേതരത്വത്തെ സംശയിക്കണമെന്ന അപകടകരമായ കളിയാണു സിപിഎം പുറത്തെടുത്തത്. ഇതിനൊക്കെ ബദലായി ബിജെപി വിരുദ്ധതയെന്ന ഒറ്റ ആണിയില്‍ തൂക്കിയിട്ടാല്‍ വികാരപരമായി വശത്താക്കാവുന്ന വോട്ടിംഗ് പാറ്റേണിനെ പൊളിറ്റിക്കല്‍ വോട്ടാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമത്തിലായിരുന്നു ലീഗ് അപ്പോള്‍. അതുകൊണ്ടാണു വിജയിച്ച ഉടന്‍ കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്: കേരളത്തിലെ വോട്ട് പൊളിറ്റിക്കലാണ്. കമ്യൂണല്‍ പോളറൈസേഷന്‍ എന്നു പറയുന്ന ഒന്ന് ഇവിടില്ല. സെക്കുലര്‍ പൊളിറ്റിക്സിനേ ഇവിടെ വിലയുള്ളൂ. Literate Kerala has voted for secular politics.

എന്നുവച്ചാല്‍ അസദുദീന്‍ ഉവൈസിയുടെ മലപ്പുറം പതിപ്പായല്ല കുഞ്ഞാലിക്കുട്ടി ഇനി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന്. യച്ചൂരിക്ക് ആശങ്കയില്ലാതെ സഹകരണത്തിന്റെ കൈ നീട്ടാന്‍ തക്കവണ്ണം കാച്ചിയെടുത്ത മതേതരത്വ മൂല്യമുണ്ടു കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം വിജയത്തിനെന്ന്. മുക്കുപണ്ടമാണോ എന്ന് ഇടയ്ക്കിടെ ഉരച്ചുനോക്കേണ്ട ഗതികേടിലാകില്ല യച്ചൂരി അടക്കമുള്ളവരെന്ന്.   

കേരള യുഡിഎഫിന്റെ കരുത്തുറ്റ മുഖമാണല്ലോ കാലങ്ങളായി കുഞ്ഞാലിക്കുട്ടി. സിപിഎമ്മിനെ ആക്രമിക്കാതെ തന്നെ യുഡിഎഫിനെ തകര്‍ച്ചകളില്‍നിന്നു കരകയറ്റുന്നതില്‍ കുഞ്ഞാലിക്കുട്ടിയോളം മെയ്‌വഴക്കം കാട്ടിയിട്ടുള്ള മറ്റൊരു രാഷ്ട്രീയക്കാരനില്ല. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി പയറ്റിയതും അതേ രാഷ്ട്രീയക്കളി തന്നെ. സ്വയം സ്ഥാനാര്‍ത്ഥിയാവുക വഴി രണ്ടു സന്ദേശമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം അല്ല ലീഗിന്റെ മുഖ്യശത്രു എന്ന പ്രഖ്യാപനമാണ് ഒന്നാമത്തെ സന്ദേശം. അങ്ങനെയാണെങ്കില്‍ കേരളം എന്ന തട്ടകം ഉപേക്ഷിച്ചു പോകില്ലല്ലോ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ കെട്ടുറപ്പ് വീണ്ടെടുക്കുക എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം. മലപ്പുറത്തു കാലങ്ങളായി ലീഗിന്റെ പ്രതിപക്ഷം കോണ്‍ഗ്രസാണ്. ആ മട്ടു മാറിയാലേ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനു വീറോടെ വളരാനാകൂ.

തനിക്കു പകരം മറ്റാരു വന്നാലും രാഷ്ട്രീയ ഡിപ്ലോമസിയിലൂടെ കോണ്‍ഗ്രസ്-ലീഗ് ബന്ധം ഇപ്പോഴത്തെപ്പോലെ ഊട്ടിയുറപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം കുഞ്ഞാലിക്കുട്ടിക്ക് ഇല്ലായിരുന്നു. അതുകൊണ്ടെന്താ. കോണ്‍ഗ്രസ് നേതൃത്വം അടിപടലെ വന്നു കിടക്കുകയല്ലായിരുന്നോ മലപ്പുറത്തിന്റെ മുക്കിലും മൂലയിലും. മാണിയെ കൊണ്ടുവന്നതും പിന്തുണ ഉറപ്പിച്ചതും തോല്‍വിയെ കുറിച്ചുള്ള ഭയം കൊണ്ടല്ല. താന്‍ വിചാരിച്ചാല്‍ മലപ്പുറത്ത് യുഡിഎഫിനെ പഴയ യുഡിഎഫായി അവതരിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടാണ്. ബിജെപിയെ മുന്നണി രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ഉറപ്പിച്ചു വേണം നേരിടാനെന്ന പാഠം കോണ്‍ഗ്രസിനെ പഠിപ്പിക്കുകയും ചെയ്തു ആ ഒറ്റ നീക്കത്തിലൂടെ കുഞ്ഞാലിക്കുട്ടി. അതുകൊണ്ടു പല വഴികളും തിരിവുകളുമുള്ള വിജയമാണ് ഒറ്റ ഉപതിരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി കൈവരിച്ചിരിക്കുന്നത്. അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കണം എന്ന ആഗ്രഹപ്രകടനം ഐക്യത്തിന്റെ മാറ്റ് കൂട്ടിക്കാന്‍ വേണ്ടി കുഞ്ഞാപ്പ ചാരിവെച്ച ഒരു കോണി മാത്രം!

സിപിഎമ്മിനെ സംബന്ധിച്ച് എന്താണ് ഈ ജനവിധി എന്നുകൂടി സൂചിപ്പിച്ച ശേഷം ഉപസംഹരിക്കാം. പരമപ്രധാനമായുള്ളതു നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട വിശ്വാസ്യത മതന്യൂനപക്ഷങ്ങളില്‍നിന്ന് ചോര്‍ന്നു പോയി എന്നതാണ്. ഇടതുഭരണത്തില്‍ കേന്ദ്ര ഇടപെടലിനെ പ്രതിരോധിക്കാന്‍ കഴിയാത്ത ഒരു മുസ്ലിം വിരുദ്ധത വന്നിരിക്കുന്നു എന്നത് അവരുടെ നേരനുഭവമായിട്ടുണ്ട്. വേങ്ങര അതു കൂടുതല്‍ ഉറക്കെ പറയാനിരിക്കുക കൂടിയാണ്. ബിജെപി വിരുദ്ധ ജനവിധിയും ന്യൂനപക്ഷ സംരക്ഷണവും പരസ്പര പൂരകങ്ങളല്ല. ഉദാഹരണം യുപി തന്നെ. അഖിലേഷിന് മികച്ച വിജയം കിട്ടിയിട്ടും ദാദ്രിയും മുസഫര്‍നഗറും എല്ലാം അവിടെ അരങ്ങേറിയല്ലോ. 

അഖ്ലാഖ് മലപ്പുറത്തെ മുസ്ലീമിനെ സംബന്ധിച്ച് ഒരു വിദൂരാനുഭവമല്ല. കൊടിഞ്ഞിയില്‍ ഫൈസലും കാസര്‍കോട് റിയാസ് മൗലവിയും വേട്ടയാടി കൊല്ലപ്പെട്ടതു മലപ്പുറത്തും അഖ്ലാഖുമാരുണ്ടാകുന്നെന്ന തിരിച്ചറിവ് അവര്‍ക്കു നല്‍കി. ചെറിയ ചെറിയ പ്രതിഷേധങ്ങള്‍ക്കു പോലും യുഎപിഎ ചുമത്തപ്പെടുമ്പോള്‍ ഈ രണ്ട് അതിനിഷ്ഠൂര കൊലപാതകങ്ങളിലും പ്രതികളാക്കപ്പെട്ട ആര്‍എസ്എസുകാര്‍ക്കെതിരെ യുഎപിഎ ചുമത്തപ്പെടാതെ പോയതിലെ യാദൃശ്ചികതയും അവര്‍ക്ക് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബീഫ് വിവാദത്തിലടക്കം മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി ഇടതുപക്ഷം ഇറങ്ങിയതു മലപ്പുറം മറന്നെന്ന അര്‍ത്ഥം ഈ പറഞ്ഞതിനില്ല. പക്ഷെ അന്ന് ആ വിഭാഗങ്ങളില്‍ കണ്ടത് ഇടതുരാഷ്ട്രീയത്തോടുള്ള സാന്ദര്‍ഭികമായ ഐക്യപ്പെടലാണെന്ന് ഇടതുപക്ഷമാണ് മനസിലാക്കേണ്ടത്. അതു ന്യൂനപക്ഷത്തിന്റെ പരിമിതിയോ അവസരവാദമോ തടി കേടാകാതെ നോക്കലോ അല്ല. ഇടതിനെ സംബന്ധിച്ച ഭൗതികമായ രാഷ്ട്രീയാനുഭവം അവര്‍ക്ക് അത്രകണ്ടേ കിട്ടുന്നുള്ളൂ എന്നതുകൊണ്ടാണ്. 

നേരേ മറിച്ചാണു യുഡിഎഫിനോടുള്ള ന്യൂനപക്ഷങ്ങളുടെ സമീപനം. ന്യൂനപക്ഷത്തിന് മേല്‍ക്കൈ എന്നാല്‍ ചില മേഖലകളിലെ കേന്ദ്രീകരണം എന്നു തന്നെയാണ് അര്‍ത്ഥം. മലപ്പുറത്തു മുസ്ലീങ്ങള്‍ അധികമായതുകൊണ്ടും മധ്യകേരളത്തില്‍ ക്രിസ്ത്യാനികള്‍ ഉള്ളതുകൊണ്ടും കിട്ടുന്ന വിജയങ്ങളെന്നു പുതിയ രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ യുഡിഎഫിന്റെ ഘടനയെ വിലയിരുത്തരുത്. ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ ചട്ടക്കൂടാണ് അത്.  ഭൂരിപക്ഷ വികാരത്തെ വ്രണപ്പെടുത്തുന്ന കുറ്റവാളി മുന്നണിയല്ല. ആ അര്‍ത്ഥത്തില്‍ ഭൂരിപക്ഷത്തിന്റെ ഇരവാദത്തെ നേരിട്ട് അതിനു നിരന്തരം മതേതരക്കൂറു തെളിയിച്ചു കൊണ്ടേയിരിക്കണം. എല്‍ഡിഎഫിന് അതുവേണ്ടെന്ന ഒരു വലിയ ആനുകൂല്യമുണ്ട്. എന്നാല്‍ ഇതിന്റെ മറുവശം ഇടതുമുന്നണിയെ, പ്രത്യേകിച്ചു സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഭരണതലത്തില്‍ തെളിയിക്കപ്പെടാതെ പോകുന്ന ന്യൂനപക്ഷ സംരക്ഷണത്തിന്റെ പത്തു മാസങ്ങളാണു കടന്നുപോകുന്നത്. തുടര്‍ന്നും ഇതാണു ഗതിയെങ്കില്‍ ഇടതു ഭരണത്തിന്റെ ദൗര്‍ബല്യങ്ങളാകും 2019-ല്‍ ബിജെപിക്ക് സഹായകരമാകുക.