വാരാണസി: ഉത്തര്‍പ്രദേശില്‍ അന്തിമഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന വാരാണസി ഉള്‍പ്പെട്ട മേഖലയില്‍ പ്രചാരണം കൊഴുപ്പിച്ച് നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയില്‍ ശനിയാഴ്ച നടന്നത് മൂന്ന് പ്രധാന റാലികളാണ്. മോദി നയിച്ച പ്രചാരണറാലിക്കു പുറമേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ്!വാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ്, ഡിംപിള്‍ യാദവ് എന്നിവര്‍ സംയുക്തമായി റോഡ് ഷോ നടത്തി. ബി.എസ്.പി. നേതാവ് മായാവതിയുടെ റാലിക്കും കാശിയുടെ മണ്ണ് സാക്ഷ്യംവഹിച്ചു.
 

സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പിടിച്ച് മോദി

രാവിലെ വാരാണസിയില്‍ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി ഏഴ് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയത്. പിന്നീട് ജൗന്‍പൂരില്‍ നടന്ന റാലിയില്‍ അദ്ദേഹം പ്രസംഗിച്ചു. ജൗന്‍പൂരിന്റെ മണ്ണ് തീവ്രവാദികളോട് ഏറ്റുമുട്ടി മരിച്ചവരുടെതാണെന്ന് പറഞ്ഞായിരുന്നു തുടക്കം. സര്‍ജിക്കല്‍ സ്ട്രൈക്കും ദേശാഭിമാനവും ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രസംഗം. ചിലര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെ രാഷ്ട്രീയവത്കരിച്ചെന്ന് മോദി പറഞ്ഞു. കാര്‍ഷികവായ്പയുടെ കാലതാമസം അധികാരത്തിലെത്തിയാല്‍ ഉടന്‍ ഇല്ലാതാക്കുമെന്ന വാഗ്ദാനം മോദി ആവര്‍ത്തിച്ചു. യു.പിയുടെ ദയനീയസ്ഥിതിക്കുകാരണം സമാജ് വാദി പാര്‍ട്ടിയാണെന്നും മോദി ആരോപിച്ചു.
 
ഗംഗാശുചീകരണം വിഷയമാക്കി മായാവതി

നാടിന്റെ അമ്മയായ ഗംഗാനദിയെ പരിശുദ്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് അത് ചെയ്യാത്തവരോട് ജനങ്ങളും ഗംഗയുംചേര്‍ന്ന് പ്രതികാരം നടപ്പാക്കുമെന്ന് മായാവതി പറഞ്ഞു. എസ്.പി.-കോണ്‍ഗ്രസ് റാലിയ്‌ക്കെത്തുന്ന ജനം വോട്ട് ചെയ്യാനുള്ളവരല്ല, കാഴ്ചക്കാര്‍ മാത്രമാണ്. വാരാണസിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഗംഗാനദീ ശുചീകരണം വിഷയമാക്കി പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. മോദിയുടെ മുഖംരക്ഷിക്കാന്‍ ബി.ജെ.പി. പുറത്തുനിന്ന് ആളുകളെ എത്തിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുപോലും ആളെ ഇറക്കിയിട്ടുണ്ട്. രണ്ടുംമൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് എസ്.പി.യും ബി.ജെ.പിയും മത്സരിക്കുന്നതെന്നും എസ്.പിക്കുവേണ്ടി വോട്ട് പാഴാക്കരുതെന്നും അവര്‍ പറഞ്ഞു.
 
മോദിക്കെതിരെ അഖിലേഷ്

തനിക്ക് പറയാന്‍ സര്‍ക്കാര്‍ ചെയ്ത പ്രധാനപ്പെട്ട പത്ത് കാര്യങ്ങളെങ്കിലും ഉണ്ട്. മോദി സര്‍ക്കാരിന് എന്താണ് മൂന്ന് വര്‍ഷംകൊണ്ട് ഉള്ളതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് താങ്കള്‍ക്ക് നല്‍കാന്‍ തയ്യാറാണ്. താങ്കള്‍ നടത്തിയ വികസനം എന്തെന്ന് ഒന്നു പറയാമോ എന്നായിരുന്നു മോദിയോടുള്ള അഖിലേഷിന്റെ ചോദ്യം. ഏഴാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മേഖല ഉള്‍പ്പെട്ട ബദോവിയിലായിരുന്നു അഖിലേഷിന്റെ റാലി. ജീവിച്ചിരിക്കെതന്നെ സ്വന്തം സ്മരണയ്ക്കായി സ്മാരകം പണിത വ്യക്തിയാണ് മായാവതിയെന്ന് അഖിലേഷ് വിമര്‍ശിച്ചു. മായാവതിയെ ആന്റിയെന്ന് വിളിച്ച അഖിലേഷ് ബി.ജെ.പി.യുമായി തിരഞ്ഞെടുപ്പിനുശേഷം രക്ഷാബന്ധന്‍ കെട്ടാന്‍ പോകുന്ന ബി.എസ്.പിയ്ക്ക് വോട്ടുചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന് അണികളോട് അഭ്യര്‍ഥിച്ചു.