ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 51 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 608 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകള്‍. കഴിഞ്ഞ തവണ ഈ മേഖലയിലെ 52ല്‍ 37 സീറ്റും എസ്.പി. നേടിയിരുന്നു.

എസ്.പി. സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെത്തുടര്‍ന്ന് അംബേദ്കര്‍ നഗര്‍ ജില്ലയിലെ ആലാപുര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് നീട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധിക്കും അഞ്ചാംഘട്ടം നിര്‍ണായകമാണ്. ഇരുവരുടെയും ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് തിരഞ്ഞെടുപ്പ്.

രാഹുലിന്റെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ നാലു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എസ്.പി.യും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കാതെ പരസ്പരം പോരാടുന്ന മണ്ഡലങ്ങള്‍ കൂടിയാണിത്. വിവാദമന്ത്രിയും എസ്.പി. നേതാവുമായ ഗായത്രിപ്രസാദ് പ്രജാപതി അമേഠിയില്‍നിന്ന് ജനവിധിതേടുന്നുണ്ട്. 

അമേഠിയെക്കൂടാതെ സുല്‍ത്താന്‍പുരാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ജില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള സുല്‍ത്താന്‍പുര്‍ ബി.ജെ.പി. നേതാവ് വരുണ്‍ഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ്.