ലക്‌നൗ: ചരിത്രവിജയം നേടി യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഇനിയുള്ള അഞ്ച് വര്‍ഷം യു.പിയെ ആര് ഭരിക്കണമെന്നുള്ള സജീവ ചര്‍ച്ചയിലാണ് ബി.ജെ.പി നേതൃത്വം. 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി വരാനിരക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യു.പിയില്‍ നിരവധി കാര്യങ്ങള്‍ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഇവിടെ ബി.ജെ.പിക്ക് പരിഗണിക്കേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റ ഗതി എങ്ങോട്ടായിരിക്കണമെന്ന് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് യു.പിയിലെ ജനങ്ങള്‍. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അത്ര നിസാരക്കാരനാവാന്‍ പാടില്ലെന്ന് ആരെക്കാളും നല്ല രീതിയില്‍ മോദിക്ക് അറിയാമെന്നത് കൊണ്ടുതന്നെ ജനങ്ങളെ കയ്യിലെടുക്കുന്ന ഒരു നേതാവിനെ തന്നെ യു.പിയുടെ ഭരണചക്രം തിരിക്കാന്‍ മോദി ഏല്‍പിക്കുമെന്നാണ് വിലയിരുത്തുന്നത്‌.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാദ്ധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നതെങ്കിലും അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും തന്നെയായിരിക്കും. നോട്ട് നിരോധനമടക്കമുള്ള നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി മോദിക്കെതിരെ ശക്തമായ കരുനീക്കം തന്നെ യു.പിയില്‍ എതിരാളികള്‍ നടത്തിയിരുന്നുവെങ്കിലും ചരിത്രത്തിലില്ലാത്ത വിജയം നേടി ബി.ജെ.പി അധികാരത്തില്‍ ഏറിയത് കുറച്ചൊന്നുമല്ല മോദിക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലായി യു.പി തിരഞ്ഞെടുപ്പിനെ മോദിയും കൂട്ടരും പരിഗണിച്ചതും. 

പിന്നോക്ക യാദവ വിഭാവങ്ങള്‍ ഏറെയുള്ള യു.പിയില്‍ ഒരു പിന്നോക്കക്കാരനെ തന്നെ സംസ്ഥാന ഭരണം ഏല്‍പിക്കുക എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ വരുന്ന അഞ്ച് വര്‍ഷം യു.പിയുടെ ഭരണം ലോക്‌സഭാംഗം കൂടിയായ കേശവപ്രാസദ് മൗര്യയുടെ കയ്യിലായിരിക്കും. യു.പിയിലെ പിന്നോക്ക വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത്ഷായുടെ തന്ത്രമായിരുന്നു കേശവപ്രസാദ് മൗര്യയെ പാര്‍ട്ടിയുടെ സംസ്ഥാന തലപ്പത്തേക്ക് കൊണ്ടുവരിക എന്നത്. അത് വിജയിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാന്‍ കഴിയുന്നത്. ഒപ്പം മൗര്യയുടെ പ്രവര്‍ത്തനപാടവവും അണികളെ കയ്യിലെടുക്കാനുള്ള സാമര്‍ത്ഥ്യവും ഗുണം ചെയ്യും. 

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് മുന്നോക്ക വിഭാഗങ്ങളില്‍ ഒരാള്‍ സംസ്ഥാനത്തെ നയിക്കാന്‍ ആവശ്യമാണെന്ന് ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടിയാല്‍ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമുള്ള ദിനേശ് ശര്‍മ്മയെ മുഖ്യമന്ത്രിയാക്കാനാവും പാര്‍ട്ടി തീരുമാനിക്കുക. നിലവില്‍ ലക്‌നൗ മേയര്‍കൂടിയായ ദിനേശ് ശര്‍മ്മയ്ക്ക് പ്രധാനമന്ത്രിയുമായും അധ്യക്ഷന്‍ അമിത്ഷായുമായുള്ള അടുത്ത ബന്ധവും ഗുണം ചെയ്യും. ഈ രണ്ട് നേതാക്കള്‍ക്കും ടിക്കറ്റ് നല്‍കാതെ ഒരു സര്‍വ്വസമ്മതനെയാണ് യു.പിയുടെ ഭരണം നേതൃത്വം ഏല്‍പിക്കുന്നതെങ്കില്‍ അത് കേന്ദ്ര ടെലികോം മന്ത്രികൂടിയായ മനോജ് ശര്‍മ്മയെ ആയിരിക്കുമെന്നാണ് കരുതുന്നത്. യു.പി രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതലുള്ള വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന പരിചയത്തോടൊപ്പം പാര്‍ട്ടിയില്‍ കാര്യമായ ശത്രുക്കള്‍ മനോജ് ശര്‍മ്മയ്ക്കില്ല എന്നതും സിന്‍ഹയ്ക്ക് മുഖ്യമന്ത്രി സാധ്യതയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.