ന്യൂഡല്‍ഹി:  യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ വിജയം കൂടുതല്‍ പരിഷ്‌കാര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് നോട്ട് നിരോധനം മൂലമുണ്ടായ നെഗറ്റീവ് ഇമേജ് മറികടക്കാന്‍ ബിജെപിക്കായി എന്നത് കൊണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയുടെ വിധിയെഴുത്താവും യു.പി തിരഞ്ഞെടുപ്പ് എന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ബിജെപിയുടെ ഇപ്പോഴത്തെ വിജയത്തോടെ കൂടുതല്‍ പരിഷ്‌കാര നടപടികളിലേക്ക് കേന്ദ്രം തിരിയുമെന്നാണ് കരുതുന്നത്. 

മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ വലിയ തോതില്‍ പിന്തുണയ്ക്കുന്നു എന്നാണ് വിജയം സൂചിപ്പിക്കുന്നതെന്ന് മുന്‍ എംപിയും റവന്യൂ സെക്രട്ടറിയുമായിരുന്ന എന്‍.കെ.സിങ് പറയുന്നു. ബാങ്കിങ് മേഖല ഉടച്ചുവാര്‍ക്കാന്‍ ഇനി സര്‍ക്കാരിന് കൂടുതല്‍ എളുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കും ആശ്വാസം പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.