ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിയിലേയും ഉത്തരാഖണ്ഡിലേയും ബിജെപിയുടെ വിജയത്തിന് നരേന്ദ്രമോദിയേയും ബിജെപിയേയും അഭിനന്ദിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ട്. പഞ്ചാബിന്റെയും അവിടത്തെ യുവാക്കളുടേയും നല്ല ഭാവിക്ക് ഈ വിജയം ആവശ്യമാണ്. കോണ്‍ഗ്രസിനുവേണ്ടി അശ്രാന്തം പ്രയത്‌നിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. 

ജനമനസുകള്‍ കീഴടക്കുന്നത് വരെ നമ്മുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.