ന്യൂഡല്‍ഹി: ചെയ്ത് കാണിക്കുന്നതിന്റെ രാഷ്ട്രീയം ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പുതിയ വഴിയിലേക്ക് നയിക്കുന്ന ചരിത്ര ശാസനമാണിതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. യുപി, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. പഞ്ചാബില്‍പ്പോലും നല്ല വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. മോദിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വിജയം. യുപി മുഖ്യമന്ത്രിയെ ഞായറാഴ്ച തീരുമാനിക്കും. പാര്‍ട്ടി യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ നേതാവാണ് മോദി. നോട്ട് നിരോധനം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് വിജയം. വികസനത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഷാ അഭിപ്രായപ്പെട്ടു.