തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിപറയാന്‍ കേരളം തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധി തിരഞ്ഞെടുത്തതോടെ ഇവിടത്തെ പ്രചാരണം ദേശീയ ശ്രദ്ധയിലെത്തി.
 
ലോക്‌സഭയിലേക്കാണോ തിരഞ്ഞെടുപ്പെന്ന് സംശയമുണര്‍ത്തുന്ന വിധത്തില്‍ ദേശീയപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദേശീയനേതാക്കളാണ് ഇപ്പോള്‍ കേരളത്തില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇതിന്റെ അലയൊലി പാര്‍ലമെന്റിലും മുഴങ്ങിക്കഴിഞ്ഞു.

അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയാഗാന്ധിയെ ലക്ഷ്യമിട്ട നരേന്ദ്രമോദിക്ക് തിരുവനന്തപുരത്ത് വികാരനിര്‍ഭരമായി സോണിയാഗാന്ധി മറുപടി നല്‍കി. മോദി അഴിച്ചുവിട്ട ആരോപണങ്ങളെ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ത്തന്നെ യു.ഡി.എഫ്. നേരിട്ടുവെങ്കില്‍ സി.പി.എമ്മും മോദിക്കെതിരെ കടന്നാക്രമണത്തിന്റെ പാതയിലായിരുന്നു. ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഇരുമുന്നണികളും ഏതാണ്ട് ഒരേ ഭാഷയില്‍ത്തന്നെ ആഞ്ഞടിക്കുകയാണിപ്പോള്‍.

ജിഷയുടെ കൊലപാതകത്തെ മുന്‍നിര്‍ത്തിയുള്ള ബി.ജെ.പി.യുടെ നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള യുദ്ധമായി മാറിയിട്ടുണ്ട്. ജിഷ വധക്കേസില്‍ വീഴ്ചപറ്റിയെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ്. പ്രതികളെ പിടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇടപെടുമെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കുന്നു. ഇത്തരം സംഭവങ്ങളില്‍ ഇതുവരെയുണ്ടാകാത്ത നടപടികള്‍ക്കാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സാക്ഷ്യംവഹിക്കുന്നത്.

അഴിമതി ആരോപണത്തില്‍ സോണിയാഗാന്ധിയെ ലക്ഷ്യമിട്ട മോദിക്ക് കത്തെഴുതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധിച്ചത്. ഗോദ്ര കലാപം ഉള്‍പ്പെടെയുള്ള കേസുകള്‍ തമസ്‌കരിക്കാന്‍ മോദി നടത്തിയ ശ്രമങ്ങള്‍ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും രൂക്ഷമായി വിമര്‍ശിച്ചു. മോദി എത്രതവണ കേരളത്തില്‍വന്നാലും ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്ന് എ.കെ.ആന്റണി ആവര്‍ത്തിച്ചു.

പിണറായി വിജയനെ കൊലക്കേസ് പ്രതിയായി നരേന്ദ്ര മോദി ചിത്രീകരിച്ചത് സി.പി.എമ്മിനെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട്. എന്തു നുണയും വിളിച്ചുപറയുന്ന മോദി പ്രധാനമന്ത്രി സ്ഥാനത്തിന് അപമാനമാണെന്ന് കോടിയേരി പറഞ്ഞു.

ഹെലികോപ്റ്ററില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ തളിച്ച് ജനങ്ങളെ വലച്ചതിനോടാണ് ബി.ജെ.പി. േനതാക്കളുടെ വിമാനത്തില്‍ കറങ്ങിയുള്ള 'മാലിന്യവര്‍ഷ'ത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉപമിച്ചത്. ഈ മാരകവിഷം താമരയില്‍ വന്നാലും കുടത്തില്‍വന്നാലും കേരളത്തില്‍ ചെലവാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പ്രചാരണത്തിന് ഇനി അഞ്ചുദിവസമേയുള്ളു. നേരിട്ട് പോരാടുന്ന യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരു ചേരിയിലാക്കി അവരുടെ ഊര്‍ജം മുഴുവന്‍ തങ്ങളെ നേരിടുന്നതിലേക്ക് മാറ്റുക എന്ന തന്ത്രമാണ് ഇപ്പോള്‍ ബി.ജെ.പി.യുടേത്. ഇതോടെ പരസ്​പരമുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍നിന്ന് ഇരുമുന്നണികള്‍ക്കും തത്കാലത്തേയ്‌ക്കെങ്കിലും പിന്‍മാറേണ്ടിവന്നിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.