പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അന്ത്യഘട്ടത്തിലേക്കെത്തുമ്പോൾ അതിശക്തമായ പോരാട്ടം നടത്തുകയാണ് പ്രതിപക്ഷം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സാകട്ടെ തുടക്കത്തിലെ സുരക്ഷിതത്വബോധത്തിൽനിന്ന് അനിശ്ചിതത്വത്തിലേക്കും ആശങ്കയിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു.

വോട്ടെടുപ്പിന്റെ നാലാംഘട്ടംമുതൽ പ്രതിപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഭരണമാറ്റമുണ്ടായേക്കുമെന്ന വർത്തമാനംവരെ കേട്ടുതുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്പുണ്ടായ കൊൽക്കത്ത മേല്പാലദുരന്തം ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത ആഘാതമായി. 21 പേർ മരിച്ച ദുരന്തത്തിന്റെ ചിത്രം ‘ന്യൂയോർക്ക് ടൈംസി’ന്റെപോലും ഒന്നാംപേജിൽ സ്ഥാനംപിടിച്ചു.

നിലവാരമില്ലാത്ത സാധനസാമഗ്രികൾകൊണ്ടുള്ള നിർമാണം അപകടത്തിന് കാരണമായെന്ന ഗൊരഖ്‌പുർ ഐ.ഐ.ടി. വിദഗ്ധരുടെ പഠനറിപ്പോർട്ടും പുറത്തുവന്നു. പിന്നാലെയാണ് നഗരത്തിലെ തൃണമൂൽ നേതാക്കളുടെ സിൻഡിക്കേറ്റ് രാജിനെപ്പറ്റിയുള്ള ഒരു ഇംഗ്ളീഷ് വാർത്താചാനലിന്റെ ഒളിക്യാമറ വെളിപ്പെടുത്തലെത്തിയത്.

വൻകിട നിർമാണജോലികൾ നടത്തുന്നവർക്ക് തങ്ങളുടെ നിലവാരമില്ലാത്ത  സാധനസാമഗ്രികൾ അടിച്ചേല്പിക്കുന്നുവെന്നാണ് സിൻഡിക്കേറ്റിനെതിരെയുള്ള പ്രധാന ആരോപണം. ഇതെല്ലാം കൂടിച്ചേർന്ന് വലിയ ഭരണവിരുദ്ധവികാരമാണ് സൃഷ്ടിച്ചത്.

തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽനിന്ന്‌ പരിതഃസ്ഥിതികൾ മാറിയെന്നും ഭരണമാറ്റത്തിനുള്ള സാധ്യത ശക്തമായിട്ടുണ്ടെന്നും വോയ്‌സ് ഓഫ് അമേരിക്കയുടെ ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, 190-ൽ കുറയാതെ സീറ്റുകൾ തങ്ങൾ പിടിക്കുമെന്നാണ് തൃണമൂൽനേതാവ് മുകുൾറോയ് ഇപ്പോഴും അവകാശപ്പെടുന്നത്.

സി.പി.എം.-കോൺഗ്രസ് സഖ്യസർക്കാരെന്ന പുത്തൻ സാധ്യത വോട്ടർമാർക്കുമുന്നിൽ അവതരിപ്പിച്ചതാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇറക്കിയ തുറുപ്പുചീട്ട്. ഇരുകക്ഷിയും തമ്മിൽ ഒരു സീറ്റുധാരണ രൂപപ്പെടുമെന്നല്ലാതെ ഇത്രകണ്ട് അത് മുറുകുമെന്ന് മമത ബാനർജിപോലും പ്രതീക്ഷിച്ചിരുന്നില്ല.

ബൂത്തുതലത്തിൽ തൃണമൂൽ അനുകൂലികളുടെ സ്വൈരവിഹാരത്തെ ചെറുക്കാൻ ഇരുകൂട്ടരും താഴെത്തട്ടിൽ സംയുക്തമായി രംഗത്തുവന്നു. അതേ ആവേശമുൾക്കൊണ്ട് മുൻനിര നേതാക്കളും ഒരുമിച്ച് വേദികൾ പങ്കിട്ടു. കേന്ദ്രസേനയുടെ ശക്തമായ ഇടപെടലും വോട്ടെടുപ്പ് ഏറെക്കുറേ സ്വതന്ത്രമായി നടക്കാനുള്ള അന്തരീക്ഷമൊരുക്കി.

Mamata Banerjee
മമത ബാനര്ജി

തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം മുതൽ സംസ്ഥാനപോലീസിന്റെ സമീപനത്തിൽവന്ന മാറ്റവും ഒരു അട്ടിമറിയുണ്ടാകുമെന്നതിന്റെ ലക്ഷണമായി രാഷ്ട്രീയനിരീക്ഷകർ വ്യാഖ്യാനിക്കുന്നു. സാൾട്ട്‌ ലേക്ക് ഉൾപ്പെടുന്ന ബിധാൻനഗർ നഗരസഭയിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അക്രമികൾ അഴിഞ്ഞാടിയിരുന്നു.

എന്നാൽ, ഇത്തവണ അങ്ങേയറ്റം ശാന്തമായാണ് വോട്ടെടുപ്പ് നടന്നത്. അനുകൂലികളുമായി ബൂത്തിലെത്തി വിലസാൻ നോക്കിയ തൃണമൂൽ പ്രാദേശികനേതാവിനെ കൈവെക്കാനും സംസ്ഥാനപോലീസ് മടിച്ചില്ല. കേവലഭൂരിപക്ഷത്തിലേക്കെത്താനുള്ള സീറ്റുകൾ തൃണമൂലിന് ലഭിക്കില്ലെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ വിലയിരുത്തലുണ്ടെന്നാണ് കേൾവി.

പോലീസിന്റെ നിർഭയമായ പെരുമാറ്റം അതിന്റെകൂടി അടിസ്ഥാനത്തിലാണെന്ന് കരുതപ്പെടുന്നു. നാരദ കോഴക്കേസാണ് ഭരണകക്ഷിനേതൃത്വത്തിന്റെ ആത്മവീര്യം പാടേ കെടുത്തിയ മറ്റൊരു സംഭവം. ശാരദ കുംഭകോണം തിരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്ന ആത്മവിശ്വാസം മമതയ്ക്കും കൂട്ടർക്കും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ നാരദയും അത്രതന്നെ ബാധിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവർ. പക്ഷേ, ശാരദയിൽനിന്ന് വ്യത്യസ്തമായി നേതാക്കൾ നോട്ടുകെട്ട് നേരിട്ട്‌ കൈപ്പറ്റുന്ന ദൃശ്യം ചാനലുകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടത് പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് മൂർച്ചകൂട്ടി.

തന്നെയുമല്ല, ‘നാരദ’യെ പ്രതിരോധിക്കാൻ ന്യായങ്ങളൊന്നുംതന്നെ തൃണമൂലിന് ഉണ്ടായിരുന്നില്ല. പല നേതാക്കളും പല അഭിപ്രായമാണ് പറഞ്ഞത്. എൻ.ആർ.ഐ. ഗൂഢാലോചനയെന്ന് ഡെറിക് ഒബ്രയനും കുതന്ത്രമെന്ന് മമതയും ആദ്യഘട്ടത്തിൽ വാദിച്ചു. കോഴയല്ല, സംഭാവനയാണെന്നായിരുന്നു  കല്യാൺ ബാനർജി എം.പി.യുടെ മറുപടി.

താനായിരുന്നു പാർട്ടി നേതൃത്വത്തിലെങ്കിൽ കളങ്കിതരെ മത്സരിക്കാൻ അനുവദിക്കില്ലെന്ന് ദിനേശ് ത്രിവേദി തുറന്നടിച്ചു. അത് പാർട്ടിക്ക് ക്ഷീണമായി. സംഗതി തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് സൂചന കിട്ടിയതോടെ മമത നാടകീയമായി നിലപാട് മാറ്റി. നാരദ കേസ് തിരഞ്ഞെടുപ്പിനുമുമ്പ് പുറത്തുവന്നിരുന്നെങ്കിൽ കളങ്കിതരെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് അവർ ഒടുവിൽ പറഞ്ഞത്.

ഇതും പ്രതിപക്ഷം ആയുധമാക്കി. ദീദിക്കുപോലും വേണ്ടാത്തവരെ നാട്ടുകാർക്ക് വേണോ എന്ന ചോദ്യമാണ് പ്രതിപക്ഷമുയർത്തിയത്. കളങ്കിതരിൽനിന്ന് വേറിട്ടാണ് താൻ നിൽക്കുന്നതെന്ന സൂചന നൽകിയ ശേഷവും അവരിൽ പലരുടെയും പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങി.

ഏറ്റവുമൊടുവിൽ അതിവൈകാരികമായ അപേക്ഷകളാണ് മമത ജനത്തിനുമുമ്പാകെ വെക്കുന്നത്. ‘ഞാൻ പണം വാങ്ങുന്നുവെന്ന് തോന്നുന്നുവെങ്കിൽ വോട്ട് നിങ്ങൾ ചെയ്യേണ്ട, ചെരിപ്പൂരി തല്ലിക്കോളൂ, പക്ഷേ, മോഷ്ടിച്ചുവെന്നുമാത്രം പറയരുത്’ തുടങ്ങിയ വാചകക്കസർത്തുകൾ.