കൊൽക്കത്ത: കക്ഷിരാഷ്ട്രീയത്തിന്റെ പാഠങ്ങൾ ഈ അധ്യാപകന് വശമില്ല. എന്നാലും പ്രൊഫ. അംബികേഷ് മഹാപാത്ര തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കയാണ്. ലക്ഷ്യം ഒന്നുമാത്രം. അധികാരത്തിലെത്തിക്കഴിഞ്ഞാൽപ്പിന്നെ സാധാരണ പൗരൻമാരോട് എന്തുമാകാമെന്ന ഭരണകർത്താക്കളുടെ ധാർഷ്ട്യത്തിനെതിരെ ശക്തമായ സന്ദേശം നൽകണം.ഈ പോരാട്ടത്തിൽ അദ്ദേഹം ഒറ്റയ്ക്കല്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അധികാരമുഷ്കിനും അസഹിഷ്ണുതയ്ക്കും ഇരകളായ ഒരുകൂട്ടം മനുഷ്യരുമുണ്ട്.

പ്രൊഫ. അംബികേഷ് മഹാപാത്രയെന്ന പേര് വാർത്തകളിൽ ആദ്യമായി വന്നത് 2012-ലാണ്. ജാദവ്പുർ സർവകലാശാല അധ്യാപകനായിരുന്ന ഇദ്ദേഹം മമത സർക്കാറിന്റെ അസഹിഷ്ണുതാപരമായ സമീപനത്തിന്റെ ആദ്യ ഇരയായിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹം ഒരു കാർട്ടൂൺ പോസ്റ്റ്ചെയ്തു. മമതയെയും അപ്പോഴത്തെ തൃണമൂൽ ജനറൽ സെക്രട്ടറി മുകുൾ റോയിയെും  അവഹേളിക്കുന്നതാണ് കാർട്ടൂണെന്ന് ആരോപണമുയർന്നു. പോലീസ് അർധരാത്രിയോടെ മഹാപാത്രയുടെ വീട്ടിലെത്തി അദ്ദേഹത്തെ അറസ്റ്റുചെയ്തു.

കാർട്ടൂൺ ഷെയർചെയ്ത സമീപവാസി സുബ്രത സെൻഗുപ്തയും അറസ്റ്റിലായി. മഹാപാത്രയെയും എഴുപതിലേറെ വയസ്സുള്ള  സെൻഗുപ്തയെയും രാത്രിമുഴുവൻ ലോക്കപ്പിൽ പാർപ്പിച്ചു. അറസ്റ്റിനുമുമ്പ് തൃണമൂൽ അനുകൂലികളുടെ കൈയേറ്റത്തിനും മഹാപാത്ര വിധേയനായി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും മഹാപാത്രയ്ക്കും സെന്നിനും അരലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും ചെയ്തു.

താൻ നേരിട്ട മാനസികപീഡനം അംബികേഷ് മഹാപാത്രയെ ഒരു സംഘടനയ്ക്ക് രൂപംനൽകാൻ പ്രേരിപ്പിച്ചു. സമാനമായ പീഡനങ്ങൾക്കിരയായവരുടെ  ഐക്യവേദിയായ ‘ആംരാ ആക്രാന്തോ’ (ഞങ്ങൾ ഇരകൾ) പിറവിയെടുത്തത് അങ്ങനെയാണ്.

വിശാല സഖ്യത്തിന്റെ ഭാഗമായി ‘ആംരാ ആക്രാന്തോ’യ്ക്ക് ഇടതുപക്ഷം രണ്ട് സീറ്റ്‌ വിട്ടുനൽകി. ഇതിൽ ഒന്നായ ബെഹാല ഈസ്റ്റിലാണ് പ്രൊഫ. മഹാപാത്ര മത്സരിക്കുന്നത്. തൃണമൂൽ ചേരിപ്പോരിനിരയായി കൊല്ലപ്പെട്ട തപൻ ദത്ത എന്ന നേതാവിന്റെ ഭാര്യ പ്രതിമ ദത്തയാണ് മറ്റൊരു സ്ഥാനാർഥി.

പൊതുവേദിയിൽ ചോദ്യങ്ങൾ ഉന്നയിച്ചതിന് മമത ‘മാവോവാദി’ എന്നു വിളിക്കുകയും ഉടൻ പോലീസിനെക്കൊണ്ട് അറസ്റ്റുചെയ്യിക്കുകയും ചെയ്ത കർഷകൻ ശിലാദിത്യ ചൗധരി, കാംദുനിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതികിട്ടാനായി പോരാടിയ തുംപ കോയൽ, മൗഷ്മി കോയൽ തുടങ്ങി ഒട്ടേറെപ്പേർ ഈ സംഘടനയിലുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളൊന്നും പേറാതെയാണ് ഇവരുടെ പ്രചാരണം. 

ഇടത്-കോൺഗ്രസ് സഖ്യത്തിന്റെ മാത്രമല്ല, സി.പി.ഐ.(എം.എൽ-ലിബറേഷൻ), എസ്.യു.സി.ഐ. തുടങ്ങിയ കക്ഷികളുടെയും പിന്തുണ പ്രൊഫ. മഹാപാത്രയ്ക്കുണ്ട്. മുൻ സുപ്രീംകോടതി ജഡ്ജി അശോക് കുമാർ ഗാംഗുലി, മുൻ ചീഫ് സെക്രട്ടറി അർധേന്ദു സെൻ തുടങ്ങിയവരും മഹാപാത്രയ്ക്കുവേണ്ടി രംഗത്തിറങ്ങി. കൊൽക്കത്ത മേയറും മമത ബാനർജിയുടെ വിശ്വസ്തനുമായ ശോഭൻ ചാറ്റർജിക്കെതിരെയാണ് പ്രൊഫ. മഹാപാത്ര മത്സരിക്കുന്നത്.