മുന്നേറ്റനിരയിൽ കളിച്ചും ഗോളടിച്ചും മാത്രമേ ബൈച്ചുങ് ബൂട്ടിയയ്ക്ക് ശീലമുള്ളൂ. പക്ഷേ, സിലിഗുരി മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയെന്ന നിലയിൽ ബൈച്ചുങ് പ്രതിരോധത്തിലാണ്. കാരണം അർധാവസരങ്ങൾ പോലും മുതലാക്കി ഗോളടിക്കുന്ന എതിരാളിയാണ് അപ്പുറത്തുള്ളത്. സംസ്ഥാനത്ത് കോൺഗ്രസ്-സി.പി.എം. സഖ്യമായി വളർന്ന ‘സിലിഗുരി മോഡലി’ന്റെ ഉപജ്ഞാതാവ് അശോക് ഭട്ടാചാര്യ.

കഴിഞ്ഞ നഗരസഭ, കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ഏക ആശ്വാസം ഇടതുമുന്നണിക്ക് നൽകിയത് സിലിഗുരിയായിരുന്നു. ഇവിടെ വ്യക്തമായ ഭൂരിപക്ഷത്തോടെ സി.പി.എം. ഭരണം നേടി. പിന്നീട് സിലിഗുരി മഹാകുമാ പരിഷത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ്സുമായി സീറ്റ് ധാരണതന്നെ രൂപപ്പെട്ടത്. തൃണമൂൽ ഒഴിച്ച് ആർക്കും വോട്ട് ചെയ്യുക എന്നതായിരുന്നു വോട്ടർമാർക്ക് അശോക് ഭട്ടാചാര്യ നൽകിയ സന്ദേശം. മഹാകുമാ പരിഷത്തിലും തൃണമൂലിനെ പിന്തള്ളി സി.പി.എം. നേതൃത്വത്തിൽ ഭരണം വന്നതോടെ അശോകിന്റെ ‘സിലിഗുരി മോഡലി’ൽ സി.പി.എം. സംസ്ഥാന നേതൃത്വം ആകൃഷ്ടരായി. 

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ അശോക് ഭട്ടാചാര്യ ഇപ്പോൾ സിലിഗുരി മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ കൂടിയാണ്. ബുദ്ധദേബ് സർക്കാറിൽ നഗരവികസനമന്ത്രിയായിരുന്നു.സിലിഗുരി പട്ടണത്തിലെ പ്രധാൻനഗറിൽ അശോക് ഭട്ടാചാര്യയ്ക്കു വേണ്ടി നടന്ന റാലിയിൽ വിവിധ വിഭാഗങ്ങളുടെ മികച്ച പ്രാതിനിധ്യം കണ്ടു. കൂടുതലും സി.പി.എം പതാകകളാണ്. മൂന്നുനാല് കോൺഗ്രസ് കൊടികളുമുണ്ട്. ‘ഇൻക്വിലാബ് സിന്ദാബാദ്, അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടു ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ കോൺഗ്രസ്സുകാർക്കും മടിയൊന്നുമില്ല. ഇടയ്ക്കൊരു ‘വന്ദേ മാതര’വും ഉയർന്നു കേട്ടു.

 നേപ്പാളി വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള 46-ാം വാർഡിലൂടെ കടന്നുപോകുമ്പോൾ പലരും വീടിനു പുറത്തെത്തി സ്ഥാനാർഥിക്ക്‌ പിന്തുണ അറിയിച്ചു. ഒരു വയോധിക ഭട്ടാചാര്യയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. പകൽ വീടുകൾ സന്ദർശിക്കുക, വൈകീട്ട് റാലി എന്നിങ്ങനെയാണ് പരിപാടി. പാർട്ടി ജില്ലാ ഓഫീസായ അനിൽ ബിശ്വാസ് ഭവനിൽ രാത്രി പത്തുമണിയോടെ എത്തി പ്രതിദിനവിശകലനം നടത്തിയ ശേഷമേ ഭട്ടാചാര്യ വീട്ടിലേക്ക് മടങ്ങാറുള്ളൂ.

അശോകിന്റെ മേൽക്കൈ ഇല്ലാതാക്കാൻ ബൈച്ചൂങ് ആശ്രയിക്കുന്നത് തന്റെ താരശോഭയെക്കാൾ മമത സർക്കാർ കൊണ്ടുവന്ന ഉത്തരബംഗാളിലെ മിനി സെക്രട്ടേറിയറ്റടക്കമുള്ള പല നേട്ടങ്ങളെയാണ്. ഇനിയൊരു തവണ അധികാരം കിട്ടിയാൽ കായികഭൂപടത്തിൽ സിലിഗുരിക്ക്‌ കുതിച്ചുചാട്ടം നടത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ബൈച്ചുങ് സിലിഗുരി ഫുട്‌ബോൾ ലവേഴ്‌സ് അസോസിയേഷന്റെ യോഗത്തിൽ സംസാരിക്കവേ  പറഞ്ഞു.

‘ധർമശാല പോലുള്ള കൊച്ചുപട്ടണങ്ങളിൽപ്പോലും ഏകദിനമത്സരങ്ങൾ നടക്കുന്നു. കായികനഗരമായിട്ടും സിലിഗുരി അവഗണിക്കപ്പെടുകയാണ്. മികച്ച ടേബിൾ ടെന്നീസ് കളിക്കാർ ധാരാളമുള്ള ഇവിടെ ഒരു അന്തർദേശീയമത്സരം നടത്താതെ പോയത് എ.സി. സൗകര്യമുള്ള വേദിയില്ലെന്ന കാരണത്താലാണ്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ഭരണകക്ഷിക്ക് മാത്രമേ സാധിക്കൂ. ദീദിയുടെ ആശിർവാദത്തോടെ ഞാനതിന് ശ്രമിക്കും’ -ബൈച്ചുങ് വാഗ്ദാനങ്ങൾ നൽകുന്നു. 

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ബൈച്ചുങ് ബൂട്ടിയ സ്ഥാനാർഥിയായിരുന്നു. എന്നാൽ ഡാർജീലിങ്‌ മണ്ഡലത്തിൽ ജി.ജെ.എം. പിന്തുണയുള്ള ബി.ജെ.പി സ്ഥാനാർഥി അലുവാലിയയോട് രണ്ടു ലക്ഷത്തിൽപ്പരം വോട്ടിനാണ് തോറ്റത്. ഇത്തവണ സമാശ്വാസമായി മമത നൽകിയ സീറ്റിലും വിജയസാധ്യത കമ്മിയാണ്. സിക്കിംകാരനായ ബൈച്ചുങ്ങിനുള്ള ‘വരത്തൻ’ എന്ന പ്രതിച്ഛായ അദ്ദേഹത്തിന് പ്രതികൂലമായി മാറുന്നുണ്ട്.