ബാബുസോന
ബാബുസോന ചായക്കടയിലെ 
ജോലിയിൽ

ബാലി/റാണാഘട്ട് (പശ്ചിമബംഗാൾ): തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനുള്ള പ്രധാന ഇന്ധനം പണം തന്നെയാണ്. പണം കൂടുതലുള്ളത് ചിലർക്ക് സ്ഥാനാർഥിത്വം കിട്ടാൻ സഹായകമാവും. എന്നാൽ, മുണ്ട് മുറുക്കിയുടുക്കുന്നവർക്കും അരക്കൈ നോക്കാൻ തിരഞ്ഞെടുപ്പ് അവസരമൊരുക്കാറുണ്ട്. ബംഗാളിൽ മത്സരരംഗത്തുള്ള കോടീശ്വരി ബൈശാലി ഡാൽമിയയും ചായക്കടക്കാരൻ ബാബുസോന സർക്കാറും ഈ രണ്ടറ്റങ്ങളെ പ്രതിനിധാനംചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ സാർവഭൗമനായിരുന്ന ജഗ്‍മോഹൻ ഡാൽമിയയുടെ മകളാണ് ബൈശാലി. കഴിഞ്ഞ ഫിബ്രവരിയിലാണ് മമത അവരെ തൃണമൂൽ കോൺഗ്രസ്സിലുൾപ്പെടുത്തിയത്. ഒരു മാസം കഴിഞ്ഞപ്പോഴേക്കും സ്ഥാനാർഥിയുമാക്കി. അതും സുൽത്താൻസിങ് എന്ന നേതാവിന്റെ സിറ്റിങ് സീറ്റായ ബാലിയിൽ. “വ്യവസായമേഖലയായ ബാലിയിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും.  ബാലി കേന്ദ്രമാക്കി ഒരു സ്പോർട്‌സ് അക്കാദമി വേണം” -ഷേക്‌സ്പിയർ സരണിയിൽ പുതുതായി സജ്ജമാക്കിയ ഓഫീസ് മുറിയിലിരുന്ന് ബൈശാലി വികസന ആശയങ്ങൾ പങ്കുവെച്ചു.

 20 തോണികളിൽ,  സ്ഥാനാർഥിയും പ്രവർത്തകരുമായി നടത്തിയ ‘ഗംഗാ പരിക്രമ’മടക്കം പല നൂതനശൈലിയും ബൈശാലി പയറ്റുന്നുണ്ട്. സൂപ്പർതാരം ദേബും ബെഹാലയിൽ ബൈശാലിയുടെ അയൽവാസിയായ സൗരവ് ഗാംഗുലിയുമെല്ലാം പ്രചാരണരംഗത്ത് പിന്തുണയുമായെത്തി.ബൈശാലിയുടെ പകിട്ടോ പൊലിമയോ ബാബുസോന സർക്കാറിനില്ല. പക്ഷേ, ബംഗാളിൽ സി.പി.എമ്മിന് അഭിമാനിക്കാവുന്ന സ്ഥാനാർഥിത്വമാണ് ഈ ഇരുപത്തിയേഴുകാരന്റേത്.

ബൈശാലി ഡാൽമിയ
ബൈശാലി ഡാൽമിയ

തീർത്തും അടിസ്ഥാനവർഗത്തിന്റെ പ്രതിനിധി എന്നു വിശേഷിപ്പിക്കാം, റാണാഘട്ട്-ഉത്തർ പൂർബ മണ്ഡലത്തിലെ ഇടത്-കോൺഗ്രസ് സ്ഥാനാർഥിയായ ബാബുസോനയെ. കുടുംബത്തിന്റെ വരുമാനമാർഗം കൊച്ചു ചായക്കടയാണ്. ദിവസവരുമാനം കഷ്ടിച്ച് 200 രൂപ.

രാവിലെ 11 വരെ അച്ഛനെ ചായക്കടയിൽ സഹായിച്ചശേഷമാണ് ബാബുസോന രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങുന്നത്. റാണാഘട്ട് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനായാണ് ചുവടുവെച്ചത്. 2013-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചുവെന്ന് മാത്രമല്ല ആരംഘട്ട പഞ്ചായത്തിന്റെ പ്രതിപക്ഷനേതാവാകുകയും ചെയ്തു. 

ബംഗാളി എം.എ.യും അധ്യാപകയോഗ്യതയായ ‘ടെറ്റു’മുള്ള ബാബുസോനയ്ക്ക് ഇതുവരെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ യുവതലമുറയുടെ പ്രശ്നങ്ങൾ പ്രത്യേകിച്ച് ആരും പഠിപ്പിക്കേണ്ട ആവശ്യവും വരുന്നില്ല.