വില്ലൻമാരെക്കണ്ട് പേടിക്കുന്നവളല്ല ഈ നായിക... അതുകൊണ്ടാകാം തൃണമൂലിലെ താപ്പാനകൾ വിലസുന്ന ബീർഭൂം ജില്ലയിലെ മയൂരേശ്വറിൽ ലോക്കറ്റ് ചാറ്റർജിയെന്ന അഭിനേത്രിയെ ബി.ജെ.പി. രംഗത്തിറക്കിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ബംഗാളി പ്രേക്ഷകസമൂഹത്തിന്റെ ഇഷ്ടതാരമാണ് ലോക്കറ്റ്. ഈ താരത്തിളക്കം മയൂരേശ്വറിൽ തങ്ങൾക്ക് അട്ടിമറിജയം നേടിത്തരുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു.

ബീർഭൂം ജില്ലയുടെ ആസ്ഥാനമായ സുരിയിൽ നിന്ന്‌ 35 കിലോമീറ്ററോളം സഞ്ചരിച്ചാൽ മയൂരേശ്വർ മണ്ഡലത്തിന്റെ തുടക്കമായി. പ്രധാനപാതയിലെ കോട്ടാസുർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഘോഷ്ഗ്രാം എന്ന ഗ്രാമത്തിൽ ലോക്കറ്റ് എത്തുന്നതായി അറിഞ്ഞത്. അവിടെ നിന്ന് 15 കിലോമീറ്റർ കൂടി സഞ്ചരിക്കണം. വൈകിട്ട് ആറ്്‌  കഴിഞ്ഞതേയുള്ളൂവെങ്കിലും വഴിയിൽ കൂറ്റാക്കുറ്റിരുട്ടാണ്. നെൽപ്പാടങ്ങളുടെ നടുവിലൂടെ നേർരേഖ പോലുള്ള റോഡാണ്. വഴിവിളക്കുകളില്ല. വാഹനങ്ങളുടെ വെളിച്ചം മാത്രം. മൂന്നു നാലു കിലോമീറ്റർ കൂടുമ്പോൾ ഏതാനും വീടുകളടങ്ങുന്ന കൊച്ചുഗ്രാമങ്ങൾ.

വഴി കാണിക്കാൻ വന്ന ബ്രജഗോപാൽ മണ്ഡൽ എന്ന പ്രാദേശിക ബി.ജെ.പി. നേതാവ് പറയുന്നത് ബീർഭൂമിലെ വാശിയേറിയ പോരാട്ടം മയൂരേശ്വറിലേതാണെന്നാണ്. “സി.പി.എം.-കോൺഗ്രസ് സഖ്യത്തിൽ അതൃപ്തിയുള്ള  പ്രവർത്തകർ തങ്ങൾക്ക് വോട്ടുതരും. മറ്റൊന്ന്, തൊഴിലുറപ്പ് പദ്ധതിയിൽ തൃണമൂലുകാരെ മാത്രമേ എടുക്കുന്നുള്ളൂ. ഇതിനെതിരെയും വികാരമുണ്ട്.”-മണ്ഡൽ പറഞ്ഞു.
രൂപാഗാംഗുലിയെപ്പോലെ തന്നെ ബി.ജെ.പി.യുടെ പ്രചാരണത്തിന് പൊലിമ നൽകുന്ന സാന്നിധ്യമാണ് ലോക്കറ്റിന്റേതും.

പണ്ട് തൃണമൂലിലായിരുന്നു. 2014-ലാണ് ബി.ജെ.പി.യിലെത്തിയത്. ഇതിനെ പരാമർശിച്ച് ടി.എം.സി. ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡൽ ലോക്കറ്റിനെതിരെ അപമാനകരമായ പരാമർശം നടത്തി. ഉടൻ തന്നെ ലോക്കറ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി. കമ്മിഷൻ അനുബ്രതയോട് വിശദീകരണം തേടുകയും ചെയ്തു. 2014-ൽ ഒരു തൃണമൂൽ നേതാവിന്റെ പട്ടിക്ക് എസ്.എസ്.കെ.എം. ആസ്പത്രിയിൽ ഡയാലിസിസ് നടത്തിയ വിവാദ സംഭവത്തിൽ ഭരണകക്ഷിക്കെതിരെ ലോക്കറ്റ് ആഞ്ഞടിച്ചിരുന്നു.

ഘോഷ് ഗ്രാമിലെത്തുമ്പോൾ അവിടെ ആഘോഷത്തിമിർപ്പാണ്. താരത്തെക്കാണാൻ കണ്ണും നട്ടിരിക്കുകയാണ് നാട്ടുകാർ. വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോൾ ലോക്കറ്റാണെന്ന് കരുതി കുട്ടികൾ കൂട്ടമായി പൊതിഞ്ഞു. ചിലർ കാറിനുള്ളിലേക്ക് ടോർച്ചടിച്ച് നോക്കുന്നു. പുറത്തിറങ്ങിയത് പത്രപ്രവർത്തകനാണെന്ന് കണ്ടപ്പോൾ ‘അയ്യേ’ എന്ന മട്ടിൽ എല്ലാവരും വന്നപോലെ തിരിച്ചുപോയി.
കുറേ കുട്ടികൾ സമീപത്തെ മണൽക്കൂനയിൽ തലകുത്തി മറിയുന്നു. മറ്റ് ചിലർ അടുത്തുള്ള പ്ലാവിന്റെ ചില്ലകളിൽ ഊഞ്ഞാലാടുന്നു. അര മണിക്കൂർകൂടി കഴിഞ്ഞ് ഏഴരയോടെ ലോക്കറ്റിന്റെ വാഹനവ്യൂഹം എത്തി. പോലീസും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരും ഒപ്പമുണ്ട്.

പ്രസംഗം തുടങ്ങിയതോടെ അഭിനയം മാത്രമല്ല ലോക്കറ്റിന് വശമുള്ളതെന്ന് മനസ്സിലായി. സദസ്സിൽ അധികവും സ്ത്രീകളാണ്. അതു മനസ്സിൽ വെച്ചുകൊണ്ടാണ് സംസാരം. ‘‘ഞാൻ ജയിച്ചാൽ ഇവിടെ ആദ്യം കൊണ്ടുവരുന്നത് ഒരു നല്ല ആസ്പത്രിയായിരിക്കും. ചികിത്സയ്ക്കായാലും പ്രസവത്തിനായാലും 25 കി.മീ. പോകേണ്ട സ്ഥിതി ഒഴിവാക്കണം. ഇവിടെയിപ്പോൾ നല്ല വഴികളില്ല, വൈദ്യുതിയില്ല, കുടിവെള്ളമില്ല. ഭരണകക്ഷി നേതാക്കൾക്ക് ഇതൊന്നും വിഷയമല്ല.

അവർ ലക്ഷങ്ങൾ കൈനീട്ടി വാങ്ങുന്നത് കാണുന്നില്ലേ. നിങ്ങൾ ഇതെല്ലാം മിണ്ടാതെ സഹിക്കണോ? വോട്ടിലൂടെ പ്രതിഷേധിക്കണം.”-ലോക്കറ്റ് ഗ്രാമവാസികളെ ഇളക്കുന്നു. മകളായി കണ്ട് കൂടെ നിൽക്കില്ലേ എന്ന ചോദ്യത്തിന് കൈയടിയോടെ വീട്ടമ്മമാരുടെ പ്രതികരണം. സദസ്സിലേക്കിറങ്ങി വോട്ടുതേടുന്ന താരത്തിനെ അടുത്തുകണ്ട അദ്‌ഭുതം ഗ്രാമവാസികളുടെ മുഖങ്ങളിൽ. ലോക്കറ്റിന്റെ കണ്ണുകളിൽ പ്രതീക്ഷയും.