മുന്നിൽനിന്ന് പടനയിക്കുകയാണ് ഡോ. സൂര്യകാന്തമിശ്ര. സി.പി.എം. സംസ്ഥാനസെക്രട്ടറി, തിരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്ന പതിവുതെറ്റിച്ചാണ് ബംഗാളിൽ പാർട്ടിയുടെ അമരക്കാരൻ നാരായൺഗഢിൽ പോരിനിറങ്ങിയത്. കടുത്ത പോരാട്ടം നടക്കുന്ന ഈ മണ്ഡലംവിട്ട് കൂടുതൽ സുരക്ഷിതമായ ജാദവ്പുരിലേക്ക് മിശ്രയെ മാറ്റണം എന്നൊരു അഭിപ്രായം വന്നു. എന്നാലദ്ദേഹം വഴങ്ങിയില്ല. 25 കൊല്ലമായി പ്രതിനിധാനം ചെയ്യുന്ന നാരായൺഗഢ് വിട്ടുമാറുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് മിശ്രയ്ക്കറിയാം.

ബംഗാളിൽ അഥവാ അട്ടിമറി നടക്കുകയും ഇടതു-കോൺഗ്രസ് സഖ്യം ഭരണംപിടിക്കുകയും ചെയ്താൽ മുഖ്യമന്ത്രിയാവുക മിശ്രയായിരിക്കും. പക്ഷേ, ‘അഥവാ’ എന്നൊരു ശങ്ക മിശ്രയുടെ വാക്കിലോ ശരീരഭാഷയിലോ ഇല്ല. ഉറപ്പായും ഈ ഭരണം മറിയുമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ചുകൊണ്ടുള്ള പ്രചാരണശൈലിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മൂർച്ചയുള്ളതാണ്. ഇത് മമതയ്ക്ക് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട്. നാരായൺഗഢിൽ പ്രചാരണത്തിനെത്തിയപ്പോൾ മമത ആവശ്യപ്പെട്ടതിതാണ്: ‘സൂര്യബാബു എന്നെ വല്ലാതെ അപമാനിക്കുന്നു.

എങ്ങനെയും അദ്ദേഹത്തെ നിങ്ങൾ തോൽപ്പിക്കണം. എങ്കിൽ നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്തുതരും.’ബെഹാല ജൻകല്യാണിലെ പ്രചാരണയോഗവേദിയിലെത്തുമ്പോൾ ഡോ. മിശ്രയുടെ വരവുകാത്ത് നല്ല ജനക്കൂട്ടം. ബെഹാല കിഴക്ക്, പടിഞ്ഞാറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കുവേണ്ടിയാണ് യോഗം. മേയർ ശോഭൻ ചാറ്റർജിയുടെയും വിദ്യാഭ്യാസമന്ത്രി പാർത്ഥ ചാറ്റർജിയുടെയും സിറ്റിങ് സീറ്റുകൾ. ഇരുവർക്കുമെതിരെ സി.പി.എം. യുവനേതാവായ കൗസ്തുഭ് ചാറ്റർജിയും സ്വതന്ത്രനായ പ്രൊഫ. അംബികേഷ് മഹാപാത്രയുമാണ് സഖ്യസ്ഥാനാർത്ഥികൾ.

മിശ്ര എത്തുന്നതിന് മുമ്പായി കേൾവിക്കാരെ രസിപ്പിച്ചിരുത്തുന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് സോമൻ മിത്ര. വൈകീട്ട് ഏഴരയോടെ സൂര്യകാന്ത് മിശ്രയെത്തി. പത്രസമ്മേളനത്തിൽ തൃണമൂൽ മൂന്നക്കം കടക്കില്ലെന്ന് തറപ്പിച്ചുപറഞ്ഞശേഷമുള്ള വരവാണ്. അതിന്റെ തുടർച്ചയായി പ്രസംഗം. “മുഖ്യമന്ത്രി പറയുന്നു, ഞങ്ങളെ ഇഞ്ചിഞ്ചായി തെറിപ്പിക്കുമെന്ന്. പക്ഷേ, അവരുടെ പാർട്ടിയെ ഇഞ്ചിനല്ല കിലോമീറ്ററുകൾ കണക്കിൽ ദൂരേക്കെറിയും; ഞങ്ങളല്ല, നിങ്ങൾ ജനങ്ങൾ, ജനങ്ങളുടെ ഈ കൂട്ടായ്മ. 210 സീറ്റ് കിട്ടുമെന്ന് മമത പറയുന്നു.

പക്ഷേ, ഞാൻ പറയാം, 40 കടക്കില്ല നിങ്ങൾ” -പടക്കം പൊട്ടുന്നതുപോലെ കൈയടി.അലോപ്പതിഡോക്ടർകൂടിയായ മിശ്ര 2015-ന്റെ തുടക്കത്തിൽ സംസ്ഥാനസെക്രട്ടറിയായ ശേഷമാണ്, തീവ്രപരിചരണവിഭാഗത്തിലായിരുന്ന പാർട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാക്കാനായത്. ഗ്രാമീണമേഖലകളിൽ പൊതുയോഗങ്ങളിൽ  മിശ്ര സ്ഥിരമായി പ്രസംഗിച്ചുപോന്നു. ക്രമേണ സി.പി.എം. യോഗങ്ങളിൽ ആൾ കൂടിവരുന്ന സ്ഥിതിയുണ്ടായി. 

തിരഞ്ഞെടുപ്പിലെ വ്യാപക അക്രമത്തിനെതിരെ അണികൾക്ക് ആത്മവിശ്വാസം പകരാനും മിശ്ര ശ്രദ്ധിക്കുന്നു. ‘‘തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം നമ്മുടെ നാല് സഖാക്കൾ കൊല്ലപ്പെട്ടു. നിങ്ങളും കരുതലോടെ ഇരിക്കണം. ഭയപ്പെടരുത്. നമ്മുടെ സ്ഥാനാർത്ഥി തൻമയ് ഭട്ടാചാര്യ ആക്രമിക്കപ്പെട്ടു. രക്തംവാർന്ന കൈയുമായി അദ്ദേഹം അവിടെത്തന്നെ നിന്നു. ബെലിയാഘട്ടയിൽ നമ്മുടെ വനിതാ ബൂത്ത് ഏജന്റിനെ തല്ലി. പക്ഷേ, വോട്ടെടുപ്പ്  കഴിഞ്ഞേ അവർ പോയുള്ളൂ. ഈ അക്രമത്തെ ചെറുക്കാൻ തയ്യാറല്ലാത്ത ഒരു നേതാവും നേതാവായി നമ്മുടെ പാർട്ടിയിൽ തുടരില്ല’’ -വാക്കുകളിൽ കാർക്കശ്യം.

ഇതിനിടെ മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രദീപ് ഭട്ടാചാര്യ വേദിയിലെത്തി. അദ്ദേഹത്തെ സ്വാഗതംചെയ്തശേഷം മിശ്ര തുടർന്നു. “വോട്ടിനുവേണ്ടി മാത്രമല്ല, ഈ സഖ്യം. വോട്ടു കഴിഞ്ഞും ഉണ്ടാവും. ഈ കാട്ടുഭരണം തുടച്ചുനീക്കണം. നമ്മുടെ സഖ്യസർക്കാർ മെയ് 19 കഴിഞ്ഞ് അധികാരത്തിൽവന്നാൽ ആദ്യം ചെയ്യുക ശാരദാ ചിട്ടിതട്ടിപ്പിനിരയായവർക്ക് നീതി നൽകുകയെന്നതായിരിക്കും’’ -ഒരു പുത്തൻ ‘സൂര്യോദയ’ത്തിന്റെ പ്രതീക്ഷ ജ്വലിപ്പിച്ച് മിശ്ര പ്രസംഗം മുഴുമിപ്പിക്കുന്നു.