കുച്ച്ബിഹാർ (പശ്ചിമബംഗാൾ): ഇത്തവണത്തെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ചരിത്രം കുറിക്കുകയാണ് കുച്ച്ബിഹാറിലെ 9,840 കന്നിവോട്ടർമാർ. രാജ്യത്ത് ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പിൽ ഇവരുടെ ആദ്യ വോട്ടാണിത്. ഇന്ത്യൻ അതിർത്തിക്കുള്ളിലെ ബംഗ്ളാദേശ് പ്രദേശങ്ങളുടെയും ബംഗ്ലാദേശ് അതിർത്തിക്കുള്ളിലെ ഇന്ത്യൻ പ്രദേശങ്ങളുടെയും അധീശത്വം ഇരുരാജ്യങ്ങളും വെച്ചുമാറിയത് 2015 ജൂലായ് 31-ന് അർധരാത്രിയാണ്. 

ഇന്ത്യൻ അതിർത്തിയിൽ ബംഗ്ളാദേശികളായി കഴിഞ്ഞിരുന്നവരും ബംഗ്ളാദേശിൽനിന്ന് പുതുതായി ഇന്ത്യൻ പൗരത്വം സ്വീകരിച്ച് വന്നവരുമായ കുടുംബങ്ങളിലെ വോട്ടർമാരാണ് മെയ് അഞ്ചിന് സമ്മതിദാനാവകാശം വിനിയോഗിക്കുക.

മെഖ്‌ലിഗഞ്ച്, സിതാഗുഡി, സിതായ്, ദിൻഹാട്ട തുടങ്ങിയ മണ്ഡലങ്ങളിലായാണ് ഇവർക്ക് വോട്ട്. പുതിയ വോട്ടർമാരെക്കൂടി ഉൾപ്പെടുത്തി അവസാനപട്ടിക തയ്യാറാക്കാൻ വൈകിയതിനാലാണ് ഉത്തരബംഗാളിലെ മറ്റുജില്ലകൾക്കൊപ്പം കുച്ച് ബിഹാർ ജില്ലയിൽ വോട്ടെടുപ്പ് നടക്കാതിരുന്നത്.      

‘ചിറ്റ്മഹലുകൾ’ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ താമസക്കാർക്ക് പരമ്പരാഗതമായി ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്ന് സി.പി.എം. കുച്ച് ബിഹാർ ജില്ലാ സെക്രട്ടറിയും മുൻ രാജ്യസഭാ എം.പി.യുമായ തരിണികാന്ത റോയ് അവകാശപ്പെട്ടു. അവരുടെ അവകാശങ്ങൾക്കുവേണ്ടി ഇടതുപക്ഷം ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, രാഷ്ട്രീയമൊന്നും സംസാരിക്കാൻ പുതിയ വോട്ടർമാർക്ക് താത്പര്യമില്ല. കന്നിവോട്ടിന്റെ ആവേശമൊന്നും കാണാനുമില്ല. കുടിവെള്ളമില്ല, വൈദ്യുതിയില്ല. സ്ഥിരമായി ഒരു ജോലിക്കുള്ള സാധ്യത തെളിയുന്നില്ല. ഇത്തരം ജീവൽപ്രശ്നങ്ങളെക്കുറിച്ചാണ് അധികപേരും ചിന്തിക്കുന്നതും സംസാരിക്കുന്നതും.

പൗരത്വരേഖകളോ  റേഷൻ കാർഡോ ഒന്നും ഇതുവരെ കിട്ടാത്തതിനാൽ ആകെ വലഞ്ഞിരിക്കുകയാണ് ഇവർ. പക്ഷേ, വോട്ടുചെയ്യാൻ തന്നെയാണ് തീരുമാനം.കുച്ച്ബിഹാർ ജില്ലയിൽ ആകെ ഒൻപത് മണ്ഡലങ്ങളാണുള്ളത്. പട്ടികജാതി വോട്ടർമാർ 51 ശതമാനമുള്ള ജില്ലയാണിവിടം.

ഇടതുമുന്നണി ഏഴുസീറ്റുകളിൽ മത്സരിക്കുന്നുണ്ട്. നാലിടത്ത് ഫോർവേഡ് ബ്ളോക്കും മൂന്നിടത്ത് സി.പി.എമ്മും സ്ഥാനാർഥികളെ നിർത്തി. സിതായി, തൂഫാൻഗഞ്ച് മണ്ഡലങ്ങൾ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സിന് വിട്ടുകൊടുത്തിട്ടുണ്ട്. ദിൻഹാട്ട മണ്ഡലത്തിൽ വാശിയേറിയ പോരാട്ടം നടക്കും.

ഏതാനും മാസങ്ങൾ മുമ്പുമാത്രം ഫോർവേഡ് ബ്ളോക്കിൽനിന്ന്‌ കൂറുമാറി തൃണമൂലിലെത്തിയ മുതിർന്ന നേതാവ് ഉദയൻ ഗുഹയാണ് ഇവിടെ ഭരണകക്ഷിസ്ഥാനാർഥി. ഗുഹ പോയതോടെ നാല് സിറ്റിങ് സീറ്റുകളിൽ ഒന്ന് ഇടതുമുന്നണിക്ക് നഷ്ടമായി. ഈ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഇടതുമുന്നണിയുടെ അഭിമാനപ്രശ്നമാണ്.

കുച്ച്ബിഹാർ രാജാവിന്റെ പ്രജകളായിരുന്ന രാജ്ബംശി വിഭാഗക്കാരാണ് വോട്ടർമാരിൽ അധികവും. കൃഷിയാണ് പ്രധാന ഉപജീവനമാർഗം. ചണം, പുകയില, കിഴങ്ങ് എന്നിവകൂടാതെ അടുത്തകാലത്തായി ചോളവും കൃഷിചെയ്യുന്നുണ്ട്. കിഴങ്ങിന് വില കുറഞ്ഞതുമൂലം ഒട്ടേറെ കർഷകർ കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തിരുന്നു. അത് തിരഞ്ഞെടുപ്പിൽ ബാധിച്ചാൽ തൃണമൂലിന് ദോഷം ചെയ്യും.-2