കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വരാനിരിക്കുന്നത് കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാറാണെന്ന് രാഹുല്‍ ഗാന്ധി. കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍, മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയിലായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രസംഗം. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിനുവേണ്ടി വോട്ടുചോദിച്ച ഇരുവരും മമത സര്‍ക്കാറിനെ തൂത്തെറിയാന്‍ ആഹ്വാനവും ചെയ്തു.

ബംഗാളിലെ ശ്രീരാംപുരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സഖ്യത്തിനായി വോട്ടുതേടി. ചരിത്രപരമായ ഉത്തരവാദിത്വമാണ് ബംഗാള്‍ വോട്ടര്‍മാര്‍ക്കുള്ളതെന്നും അത് ഏറ്റെടുത്ത് കോണ്‍ഗ്രസ്സിനും 'ചെങ്കൊടിക്കാര്‍ക്കും' വോട്ടുനല്‍കണമെന്നും അവര്‍ പറഞ്ഞു. ആദ്യഘട്ടപ്രചാരണത്തില്‍ സോണിയ ഇടതുപക്ഷത്തിനുവേണ്ടി പരസ്യമായി വോട്ടുതേടിയിരുന്നില്ല. ഇത് മുതലെടുത്ത് സോണിയയ്ക്ക് സഖ്യത്തിനോട് താത്പര്യമില്ലെന്ന് തൃണമൂല്‍ പ്രചാരണം നടത്തിയിരുന്നു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായ സംഭവമാണിതെന്ന് പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ നടന്ന റാലിയില്‍ ആദ്യം സംസാരിച്ച ബുദ്ധദേവ് ഭട്ടാചാര്യതന്നെ സമ്മതിച്ചു. ഇത്തരത്തിലൊരു സഖ്യം ഇവിടത്തെ ജനങ്ങള്‍ ആദ്യമായാണ് കാണുന്നത്. ഒരു വശത്ത് കോണ്‍ഗ്രസ് പതാകകള്‍, മറുവശത്ത് ചെങ്കൊടികള്‍. തൃണമൂല്‍ ഭീകരതയാണ് ഈ സ്ഥിതിയുണ്ടാക്കിയത്.
 
തൃണമൂല്‍ഭരണം നിലനില്‍ക്കുന്നിടത്തോളം കാലം സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. ഒരു ഫാക്ടറിയും തുറക്കാന്‍ പോകുന്നില്ല. ചെറുപ്പക്കാര്‍ക്ക് തൊഴിലും കിട്ടില്ല. ഇതിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നീങ്ങണം -ബുദ്ധദേബ് പറഞ്ഞു.

ശാരദ കുംഭകോണം നടന്നപ്പോള്‍ കര്‍ക്കശനടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി മമത പറഞ്ഞതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 'എന്നാല്‍ ഒന്നും ചെയ്തില്ല. നാരദാ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മാത്രമല്ല, നമ്മുടെയെല്ലാം മുന്നിലാണ് എം.എല്‍.എ.മാരും എം.പി.മാരും ലക്ഷങ്ങള്‍ വാങ്ങിയത്. എന്നിട്ടും നടപടിയൊന്നുമില്ല. ഇനി നിങ്ങള്‍ നടപടിയെടുക്കണമെന്നില്ല. ഞങ്ങളുടെ സഖ്യസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും' - രാഹുല്‍ പറഞ്ഞു.

വേദിയിലെത്തിയ രാഹുലിനെ ഹസ്തദാനം നല്‍കി ബുദ്ധദേവ് സ്വീകരിച്ചു. ഇരുവരെയും കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാലയണിയിച്ചു. പി.സി.സി. അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ബുദ്ധയെ ത്രിവര്‍ണഷാള്‍ അണിയിച്ച് ഉപഹാരം നല്‍കി.