ബിമൽ ഗുരുങ്, ഹർക്കാ ബഹാദൂർ ഛേത്രി
ബിമൽ ഗുരുങ്, ഹർക്കാ ബഹാദൂർ ഛേത്രി

കോൺഗ്രസ്സുമായോ ബി.ജെ.പി.യുമായോ ഒരു ബന്ധവും പാടില്ലെന്ന വിശാഖപട്ടണം സി.പി.എം. പാർട്ടികോൺഗ്രസ്സിന്റെ ആദ്യഘട്ടലംഘനം ബംഗാളിൽ വ്യാപകമായിത്തന്നെ കാണാം. ഡാർജിലിങ് കുന്നുകളിലെത്തിയാൽ കൂടുതൽ ഗുരുതരമായ രണ്ടാംഘട്ട ലംഘനത്തിനും സാക്ഷിയാകാം. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജി.ജെ.എമ്മിന് നിരുപാധിക പിന്തുണ നൽകിയിരിക്കുകയാണ് സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി ഇവിടെ.കുന്നുകളിലെ രണ്ട് പ്രമുഖ പാർട്ടികളാണ് ബിമൽ ഗുരുങ് നേതൃത്വം നൽകുന്ന ഗൂർഖാ ജനമുക്തി മോർച്ചയും (ജി.ജെ.എം.) സുഭാഷ് ഗീഷിങ് രൂപവത്കരിച്ച പഴയ ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ടും.

ഗൂർഖാ ജനതയ്ക്ക് ഇവ യഥാക്രമം ‘ഗോജാമു’വും ‘ഗോരാമു’വുമാണ്. ‘ഗോജാമു’ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ബി.ജെ.പി.ക്കൊപ്പം പ്രവർത്തിക്കുന്നു. ‘ഗോരാമു’വിന്റെ പിന്തുണ തൃണമൂൽ കോൺഗ്രസ്സിനും.ഇത്തവണ കുന്നുകളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളായ ഡാർജിലിങ്, കലിംപോങ്, കർസിയോങ് എന്നിവിടങ്ങളിൽ ഇടതിന് സ്ഥാനാർഥികളില്ല. പകരം ‘ഗോജാമു’വിന്  കുത്തിക്കോളാനാണ് നിർദേശം. തൃണമൂലിനെതിരെങ്കിൽ ബി.ജെ.പി. ബന്ധം കണ്ടില്ലെന്നു നടിക്കാനും തയ്യാറാണെന്നർഥം.

ഇടതുപിന്തുണ കിട്ടിയതിൽ പ്രത്യേകിച്ച് ആഹ്ളാദമൊന്നും ‘ഗോജാമു’ നേതാക്കൾക്കുമില്ല. ‘‘ഞങ്ങൾ അവരോട് പിന്തുണയൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അവർ ഇങ്ങോട്ടു വരികയായിരുന്നു. മമതയെപ്പോലെത്തന്നെ ഇടതിനോടും ഞങ്ങൾക്ക് യാതൊരു യോജിപ്പുമില്ല. ഗൂർഖകൾക്ക് പ്രത്യേക സംസ്ഥാനമെന്ന ആശയത്തെ പണ്ടുമുതലേ എതിർത്തുവരുന്നവരാണ് ഇടതുകാർ’’ -ഗോജാമു ജനറൽ സെക്രട്ടറി ബിനയ് തമാങ് ‘മാതൃഭൂമി’യോട് പറഞ്ഞു. ബി.ജെ.പി.യോടൊപ്പമാണ് തങ്ങളെന്നും തമാങ് വ്യക്തമാക്കി.കൂടാതെ ജി.ജെ.എമ്മുകാരനായ ബിശാൽ ലാമ ഡാർജിലിങ് ജില്ലയിലെ കാൽച്ചീനി മണ്ഡലത്തിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കുന്നുമുണ്ട്. 
                          
‘ഗോജാമു’വിന് ആധിപത്യമുള്ള കുന്നുകളിൽ ഇത്തവണ അവർക്ക് ശക്തമായ വെല്ലുവിളി കലിംപോങ് മണ്ഡലത്തിലാണ്. ഗുരുങ്ങിനോടിടഞ്ഞ ജൻ ആന്ദോളൻ പാർട്ടി എന്ന പുതിയ സംഘടനയുണ്ടാക്കിയ ഡോ. ഹർക്കാ ബഹാദൂർ ഛേത്രിയാണ് ഇവിടെ തൃണമൂൽ പിന്തുണയോടെ ‘ഗോജാമു’വിനെ എതിർക്കുന്നത്. അദ്ദേഹത്തെ വീഴ്ത്താനായി ഇക്കുറി സർവശ്രദ്ധയും ബിമൽ ഗുരുങ് കലിംപോങ്ങിലാണ് കേന്ദ്രീകരിച്ചിരുന്നത്.