കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 

സംസ്ഥാനത്തെ വികസനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മമത പങ്കെടുത്തില്ലെന്ന് പറഞ്ഞ മോദി സംസ്ഥാനത്ത് മാറ്റം കൊണ്ടു വരുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. 

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളില്‍ എത്തിയ മോദി, ഉത്തരബംഗാളിലെ ബിപ്പാരയില്‍ ഒരു പ്രചരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മമതയെ രൂക്ഷമായി വിമര്‍ശിച്ചത്. 

അവരെന്ത് മുഖ്യമന്ത്രിയാണ്, എപ്പോഴൊക്കെ ബംഗാളിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം അവരെ വിളിച്ചുവോ അപ്പോഴൊക്കെ അവരത് ബഹിഷ്‌കരിച്ചു. 

മോദി വിളിച്ചു കൂട്ടിയ യോഗമായത് കൊണ്ട് മാത്രമാണ് അവരിത് ചെയ്തത്. എന്നാല്‍ എല്ലാ തവണ ഡല്‍ഹിയില്‍ വരുമ്പോഴും, സോണിയ ഗാന്ധിയെ പോയി കാണുവാനും അനുഗ്രഹം വാങ്ങാനും മമത മറന്നില്ല മമതയ്‌ക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് മോദി പറഞ്ഞു. 

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്ന സംഭവവത്തിലും മമതയെ മോദി രൂക്ഷമായി വിമര്‍ശിച്ചു.

മേല്‍പ്പാലം തകര്‍ന്നപ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.

പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്ത്വം നിര്‍മ്മാണകരാര്‍ അനുവദിച്ച ഇടതുസര്‍ക്കാരിനാണെന്നാണ് മമത പറഞ്ഞത്, പൊളിഞ്ഞു പോയ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നല്ല രീതിയില്‍ പൂര്‍ത്തിയായിരുന്നുവെങ്കില്‍ അവര്‍ ഇടതുപക്ഷത്തെ അഭിനന്ദിക്കുമായിരുന്നോ, ഇല്ല പകരം അതിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാനേ ദീദി (മമതാ ബാനര്‍ജി) ശ്രമിക്കുമായിരുന്നുള്ളൂ 

ഇടത് ഭരണത്തില്‍ തകര്‍ന്നടിഞ്ഞ ബംഗാളിനെ ദീദി നേരേയാക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിച്ചത്, പക്ഷേ മറ്റൊരു ദുരന്തത്തിലേക്കാണ് അഞ്ച് വര്‍ഷത്തെ തൃണമൂല്‍ ഭരണം ബംഗാളിനെ കൊണ്ടെത്തിച്ചത്. 

വികസനത്തെക്കുറിച്ച് സംസാരിക്കാനല്ല, പരസ്പരം ചളി വാരിയെറിയാനാണ് ഇക്കാലമത്രയും ഭരണപക്ഷവും ഇടതുപക്ഷവും ബംഗാളില്‍ സമയം ചിലവാക്കിയത്. നിങ്ങളുടെ ഭാവി തൃണമൂലിന്റേയോ ഇടതിന്റേയോ കൈകളില്‍ ഭദ്രമല്ല'' എതിരാളികളെ വിമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിനിടെ ശാരദ ചിട്ടിഫണ്ട് അഴിമതിയെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി അഴിമതിയില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ ദീദി ശ്രമിച്ചെങ്കില്‍ അവരെ ജനം തിരിച്ചു വിളിക്കുമെന്നും പറഞ്ഞു. 

ബംഗാളില്‍ വികസനം കൊണ്ടു വരാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച മോദി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം കൊണ്ടു വരാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ടെന്നും ഓര്‍മ്മപ്പെടുത്തി.