കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 27 സീറ്റുകള്‍ അധികം നേടിയാണ് ബംഗാളിന്റെ ദീദി വീണ്ടും അധികാരത്തിലെത്തുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 184 സീറ്റുകളായിരുന്നു തൃണമൂലിന് കിട്ടിയത്. 

സമ്പൂര്‍ണ പരാജയം എന്നായിരുന്നു സി.പി.എം മമതയെ പരിഹസിച്ചിരുന്നത്. എന്നാല്‍ രണ്ടാം വരവില്‍ 211 സീറ്റകള്‍ നേടി മമത അതിന് മറുപടി നല്‍കി.

മമതയുടെ പ്രഭാവത്തില്‍ അമ്പെ തകര്‍ന്നു പോയിരുന്ന കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. കഴിഞ്ഞ തവണ 42 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 45 സീറ്റുകള്‍ നേടാനായി. എന്നാല്‍ കഴിഞ്ഞ തവണ 40 സീറ്റുകളുണ്ടായിരുന്ന സി.പി.എമ്മിന് ഇക്കുറി 24 സീറ്റകള്‍ മാത്രമെ നേടാനായുള്ളു. 294 സീറ്റിലും മത്സരിച്ച ബി.ജെ.പി ഏഴ് സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ഇത് മൂന്നായിരുന്നു. 

ശാരദാ ചിട്ടി തട്ടിപ്പ്, നാരദ ഒളിക്യാമറ വിവാദം, മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടം എന്നിവയെത്തുടര്‍ന്ന് പ്രതിരോധത്തിലായിരുന്നു മമത ഇക്കുറി. 

ബി.ജെ.പി നാടിളക്കിയുള്ള പ്രചാരണമാണ് ഇത്തവണ നടത്തിയത്. മേല്‍പ്പാലം അപകടത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയെ രൂക്ഷമായി വിമര്‍ശിച്ചു. തൃണമൂലില്‍ നിന്ന് ബംഗാളിലെ ജനങ്ങളെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് അപകടം എന്നു വരെ അദ്ദേഹം പ്രസംഗിച്ചു. 

മമതയ്‌ക്കെതിരെ ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ത്തുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു. 

ഇരുമുന്നണികളിലെയും പ്രവര്‍ത്തകര്‍ സംയുക്തമായാണ് ചുവരെഴുത്തും ജാഥയുമെല്ലാം നടത്തിയത്.. 'ഹാഥും'(കൈ) 'കസ്തേ ഹാത്തൂരി താരാ'യും(അരിവാള്‍ ചുറ്റിക നക്ഷത്രം) തമ്മിലുള്ള സഖ്യം തൃണമൂലിനെ ബംഗാളില്‍നിന്നോടിക്കുമെന്ന ചുവരെഴുത്തുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടു. 
 'കൈ ചിഹ്നത്തില്‍ വോട്ട് ചെയ്യൂ' എന്ന വിളിച്ചുകൊടുക്കുമ്പോള്‍ 'വോട്ടു ചെയ്യൂ, വോട്ട് ചെയ്യൂ' എന്ന് ചെങ്കാടികളേന്തിയ പ്രവര്‍ത്തകരടക്കം ഏറ്റുവിളിക്കുന്ന കാഴ്ചയായിരുന്നു ബംഗാളില്‍ പലയിടത്തും.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ സംയുക്ത ആക്രമണത്തേയും ഭരണവിരുദ്ധ വികാരത്തേയും മമത പുല്ലുപോലെ വലിച്ചെറിഞ്ഞു. രണ്ട് രൂപയ്ക്ക് അരി, പെണ്‍കുട്ടികള്‍ക്ക് വേണ്ടി കന്യാശ്രീ പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ തുടങ്ങി മമതയുടെ ജനപ്രിയ പദ്ധതികള്‍ ഫലം കണ്ടുവെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്.