മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതൻ സർവകലാശാലയും സ്നേഹസന്ദേശം പാടുന്ന ബാവുൽ ഗായകരുമെല്ലാമുള്ള ജില്ലയാണ് ബീർഭൂം. പക്ഷേ, അശാന്തിയും അന്ധമായ രാഷ്ട്രീയ വൈരവും നാടിനെ ഇന്ന് ഭീകരഭൂമിയാക്കിത്തീർത്തിരിക്കുന്നു. പ്രതിപക്ഷകക്ഷികൾക്ക് പരസ്യമായി പ്രവർത്തിക്കാൻ കഴിയാത്ത മേഖലകൾ പലതുണ്ടിവിടെ. അസഹിഷ്ണുതയുടെ ഈ രാഷ്ട്രീയസംസ്കാരത്തിന് പ്രതിപക്ഷം പ്രധാനമായും പ്രതിക്കൂട്ടിൽ നിർത്തുന്നത് അനുബ്രത മണ്ഡലിനെയാണ്. ബീർഭൂം ജില്ലാ തൃണമൂൽ കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ പേടിച്ച് അനുബ്രത തത്‌കാലം നല്ല കുട്ടിയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് സീസണിൽ ഒരു കാരണംകാണിക്കൽ നോട്ടീസ് കിട്ടിക്കഴിഞ്ഞു. അടുത്തതും റെഡിയായി വരുന്നു. ആദ്യത്തേത് കേന്ദ്രസേനയെ സംബന്ധിച്ച പരാമർശത്തിനായിരുന്നു. ‘കേന്ദ്രസേനയുടെ ബലത്തിൽ പ്രചാരണം നടത്താൻ ധൈര്യപ്പെടുന്ന എതിരാളികൾ ഒരുകാര്യം ഓർക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രസേന തിരിച്ചുപോകും, അതു കഴിഞ്ഞാലും ഇവിടെക്കഴിയണമെന്ന് ഓർത്ത് പ്രവർത്തിച്ചാൽ നന്ന്’ എന്നായിരുന്നു വാക്കുകൾ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. ഇതിന് പിന്നാലെയാണ് ബി.ജെ.പി. സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയ്ക്കെതിരെ നടത്തിയ അപമാനകരമായ പരാമർശം. ഇതേപ്പറ്റിയും കമ്മിഷൻ പ്രാഥമികാന്വേഷണം നടത്തി.ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരിലുള്ള കേസിന്റെ കോടതിനടപടികൾ നടന്നുകൊണ്ടിരിക്കെത്തന്നെയാണ് അനുബ്രതയുടെ വിരട്ടൽ. സുരിയിലെ ജില്ലാ ടി.എം.സി. ഓഫീസിലെത്തുമ്പോൾ അനുബ്രത അവിടെയില്ല. ഒരു അഭിമുഖത്തിന് ശ്രമിച്ചെങ്കിലും താത്പര്യമില്ലെന്ന് മറുപടി. 

ജില്ലയിൽ ആകെ 11 സീറ്റുകളുള്ളതിൽ ഏഴിലും തൃണമൂൽ എം.എൽ.എ.മാരാണ്. മന്ത്രിമാരായ ചന്ദ്രനാഥ് സിൻഹ ബോൽപുരിലും ആശിഷ് ബാനർജി രാംപുർ ഹാട്ടിലും മത്സരിക്കുന്നുണ്ട്. ലാഭ്പുർ മണ്ഡലത്തിൽ അനുബ്രതയ്ക്ക് പൂർണമായ ആധിപത്യമില്ല. പക്ഷെ, ഇതുകൊണ്ട് പ്രതിപക്ഷത്തിന് ആശ്വസിക്കാൻ വകയൊന്നുമില്ല. ‘ഇരുമ്പു വിട്ടാൽ സ്രാങ്ക് പിടിക്കു’ മെന്ന സിനിമാഡയലോഗിനെ ഓർമിപ്പിക്കുന്ന അവസ്ഥയാണിവിടെ. മനിറുൽ ഇസ്‍ലാം എന്ന സിറ്റിങ് ടി.എം.സി. എം.എൽ.എ.യാണ് ലാഭ്പുരിലെ കിരീടംവെക്കാത്ത രാജാവ്. എതിരാളികളോട് കൈക്കരുത്തിന്റെ ഭാഷയിലേ മനിറുലും സംസാരിക്കാറുള്ളൂ.

സറീന ബീവിയെന്ന സ്ത്രീയുടെ മൂന്ന് മക്കൾ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ വീട്ടുപരിസരത്താണ്. പ്രഥമവിവരറിപ്പോർട്ടിൽ മനിറുലിന്റെ പേരുണ്ടായിരുന്നെങ്കിലും കുറ്റപത്രം വന്നപ്പോൾ ഒഴിവായി. മയൂരേശ്വറാണ് തൃണമൂലിതരരായ പാർട്ടിക്കാരുടെ മറ്റൊരു പീഡനകേന്ദ്രം. രണ്ടുതവണ എം.എൽ.എ.യായ മുതിർന്ന സി.പി.എം. നേതാവ് ധീരേൻ ലേഠിനെ കഴിഞ്ഞ നവംബറിൽ ഇവിടെ തൃണമൂൽ പ്രവർത്തകർ വളഞ്ഞുവെച്ച് തല്ലിച്ചതച്ചിരുന്നു.

‘ഞാൻ ഇനി പാർട്ടിപ്രവർത്തനം നടത്തില്ല’ എന്നുപറഞ്ഞ് പത്തുതവണ ഏത്തമിടീച്ച ശേഷമാണ് ലേഠിനെ വിട്ടയച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പിലും മറ്റും പ്രചരിച്ചിരുന്നു. മുൻ എം.എൽ.എ.യുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണ പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഏതാനും ദിവസങ്ങൾക്ക് മുൻപ് മയൂരേശ്വറിലെ ബി.ജെ.പി. സ്ഥാനാർഥിയായ ലോക്കറ്റ് ചാറ്റർജിക്ക് വേണ്ടി പ്രവർത്തിച്ചതിന് ഒരു ഗ്രാമവാസിയുടെ കുളത്തിൽ വിഷം കലക്കിയതായും പരാതിയുയർന്നിട്ടുണ്ട്.

ചേരിപ്പോര് രൂക്ഷമാണ് ബീർഭൂം ജില്ലയിലെ തൃണമൂലിൽ.  അഞ്ചുവർഷമായി സി.പി.എമ്മിന്റെ പാർട്ടി ഓഫീസ് പൂട്ടിക്കിടക്കുന്ന സ്ഥലമാണ് നാനൂർ. എന്നാൽ കഴിഞ്ഞയാഴ്ച സി.പി.എം. അണികളെത്തി ഓഫീസ് തുറന്നു. ഒരു വിഭാഗം തൃണമൂൽ അണികളുടെ സഹായത്തോടെയായിരുന്നു ഇത്. തമ്മിലടി മുതലെടുത്ത് നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് നാനൂരിലെ സി.പി.എം. പ്രവർത്തകർ. അക്രമം ഭയന്ന് ഇവിടെ നിന്നോടിപ്പോയ എൺപതോളം സി.പി.എം. കുടുംബങ്ങളെ  തിരിച്ചുകൊണ്ടുവരാൻ നടപടി വേണമെന്ന് സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിഷനോടാവശ്യപ്പെട്ടിട്ടുണ്ട്.