കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 79.70 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. ഏഴു ജില്ലകളിലായുള്ള 56 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തിലും ഇവിടെ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. ബീർഭൂം ജില്ലയിൽ തൃണമൂൽ, ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി. എട്ടുപേർക്ക് പരിക്കേറ്റു. 

ഇരുപാർട്ടികളിലെയും മൂന്നുവീതം പ്രവർത്തകരെ അറസ്റ്റുചെയ്തു. മാൽഡയിൽ സി.പി.എം., തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ടി.എം.സി. പോളിങ് ഏജന്റിനെ മാൽഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തിലുള്ള ടി.എം.സി. നേതാവ് അനുബ്രത മണ്ഡൽ വീണ്ടും വിവാദത്തിലായി. കുർത്തയിൽ തിരഞ്ഞെടുപ്പ് ചിഹ്നം കുത്തി വോട്ടുചെയ്യാൻ പോയതാണ് കാരണം. ഇതിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി. ഇതുൾപ്പെടെ രണ്ട്‌ സംഭവങ്ങളിൽ തിരഞ്ഞെടുപ്പുകമ്മീഷൻ അനുബ്രതയ്ക്കെതിരെ കേസെടുത്തു.

 രാഷ്ട്രീയപ്പാർട്ടികളെ എതിർക്കുന്നതിനു പകരം മമതാ ബാനർജി തിരഞ്ഞെടുപ്പ് കമ്മിഷനുമായി കലഹിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷ്ണനഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. എന്നാൽ, ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹത്തെ ഉടൻ നീക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി. കേന്ദ്രസേനയുണ്ടെങ്കിലും ബംഗാളിൽ തൃണമൂലുകാർ വ്യാപകമായി ബൂത്തുപിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു. ഏപ്രിൽ 21-നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്.