കൊല്‍ക്കത്ത: അവശേഷിക്കുന്ന 25 മണ്ഡലങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളില്‍ ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ 23.46 ശതമാനം പേര്‍ വോട്ടിട്ടു. 58 ലക്ഷത്തിലധികം പേര്‍ക്കായി 6774 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 18 സ്ത്രീകളുള്‍പ്പെടെ 170 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തിലുള്ളത്. 12000 പോലീസുകാരും കേന്ദ്രസേനയുടെ 361 കമ്പനിയും സുരക്ഷയൊരുക്കും.

ബംഗ്ലാദേശിന്റെ ഉള്ളിലുള്ള കൂച്ച്‌ബെഹാറിന്റെ 51 ഭൂഭാഗങ്ങളിലുള്ളവര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വോട്ടിടാനെത്തും. ഇവിടെ ഇതുവരെ 21.59 ശതമാനം പേര്‍ വോട്ടിട്ടു. കിഴക്കന്‍ മിഡ്‌നാപ്പൂരില്‍ 24.45 ശതമാനമാണ് പോളിങ്. മദ്ധ്യ മഷല്‍ദംഗയിലെ 103കാരന്‍ അസ്ഗര്‍ അലി ഉള്‍പ്പെടെ 9776 പേരാണ് ജീവിതത്തിലാദ്യമായി വോട്ടിടുന്നത്.

8 ഭിന്നലിംഗ വോട്ടുകളാണ് ഈ ഘട്ടത്തില്‍ ആകെയുള്ളത്. 27.8 ലക്ഷം സ്ത്രീകളുമുണ്ട്. 15500 ഭിന്നശേഷിക്കാരുള്ള കിഴക്കന്‍ മിഡ്‌നാപ്പൂരിലെ ഓരോ പോളിങ് ബൂത്തിലും ബ്രെയിലിയില്‍ ഒപ്പ് രേഖപ്പെടുത്താനുള്ള സൗകര്യവും വീല്‍ചെയറും റാമ്പും ഒരുക്കിയിട്ടുണ്ട്. ഇടതുസര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇടയാക്കിയ ഭൂമി കയ്യേറ്റ വിരുദ്ധ മുന്നേറ്റം നടന്ന നന്ദിഗ്രാമാണ് അവസാനഘട്ടത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

കോണ്‍ഗ്രസ് പിന്തുണയുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ കബീര്‍ ഷെയ്ഖിനെ നേരിടാന്‍ തൃണമൂലിന്റെ താംലൂക്ക് എം.പി. സുവേന്ദു അധികാരിയാണ് കളത്തില്‍. മഹിസാദല്‍ സീറ്റില്‍ മത്സരിക്കുന്ന പരിസ്ഥിതി മന്ത്രി സുദര്‍ശന്‍ ഘോഷ് ദസ്തിദാറാണ് മറ്റൊരു വി.ഐ.പി. 

കൂച്ച്‌ബെഹാറിലുള്‍പ്പെടെ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. രണ്ടുജില്ലകളില്‍ ഇടിമിന്നലുണ്ടായെങ്കിലും മറ്റിടങ്ങളില്‍ പ്രസന്നമായ കാലാവസ്ഥയാണ്.