ഇത് പാറൂയി; ബി.ജെ.പി.യുടെ ന്യൂനപക്ഷ ഗ്രാമം

തൃണമൂലിന്റെ സമ്പൂര്‍ണ ആധിപത്യമുള്ള ബീര്‍ഭൂം ജില്ലയില്‍ ബി.ജെ.പി.ക്ക് ഒരു തുരുത്ത്. അതും മുസ്‌ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശം. അതാണ് പാറൂയി എന്ന അദ്ഭുതം.ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 17 ശതമാനം വോട്ട് നേടി മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെയാണ് പാറൂയി പ്രദേശത്ത് ബി.ജെ.പി. വേരുറപ്പിച്ചത്. തുടര്‍ന്ന് ബി.ജെ.പി. അണികളും തൃണമൂല്‍പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനവും വെടിവെപ്പും ബോംബേറുമൊക്കെയുണ്ടായി. നാല് ബി.ജെ.പി. പ്രവര്‍ത്തകരും മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. എല്ലാവരും ന്യൂനപക്ഷ സമുദായക്കാര്‍. തൃണമൂല്‍ അനുഭാവികളായ ഏതാനും കുടുംബങ്ങള്‍ക്ക് പാറൂയി വിട്ടുപോകേണ്ട അവസ്ഥയുമുണ്ടായി. 

ബി.ജെ.പി. കേന്ദ്രനേതാക്കളുടെ സംഘങ്ങള്‍ രണ്ടുതവണ ഇവിടം സന്ദര്‍ശിച്ചു. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പാറൂയിയിലേക്ക് അനുമതി നിഷേധിച്ച സംസ്ഥാന പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. അക്രമത്തില്‍ കൊല്ലപ്പട്ട ജസിമുദ്ദീന്‍, ഷേക്ക് തൗസീഫ്, ഷേക്ക് ഇനാമുള്‍, റഹീം ഷേഖ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് കൊല്‍ക്കത്തയില്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ബി.ജെ.പി. നേതൃത്വം സഹായധന വിതരണം നടത്തി. ബോല്‍പുരില്‍ നിന്ന് 15 കി.മീ. അകലെയുള്ള പാറൂയി ഇന്ന് പുറമെയ്ക്ക് ശാന്തമാണ്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷപിന്തുണ പരമാവധി മുതലാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബീര്‍ഭൂം ജില്ലയിലെ ബി.ജെ.പി.യുടെ പ്രവര്‍ത്തനം. പാറൂയി സ്വദേശിനിയായ ഹൈത്തുന്നിഷാ ബീബിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. പക്ഷേ, പാറൂയി ഉള്‍പ്പെടുന്ന ബോല്‍പുരിലല്ല, 70 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള മുറാറായ് മണ്ഡലത്തിലാണ് അവരെ നിര്‍ത്തിയിരിക്കുന്നത്. പാറൂയിലെ സംഘര്‍ഷത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ അവരുടെ ഭര്‍ത്താവ് ഉള്‍പ്പെട്ടിരുന്നു. ഇയാളെ അന്വേഷിച്ച് കിട്ടാതായപ്പോള്‍ പോലീസ് ഭാര്യയായ ഹൈത്തുന്നിഷയെ സ്റ്റേഷനില്‍ കൊണ്ടുപോയി ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ അവര്‍ കൊടുത്ത കേസ് ഇപ്പോഴും നടന്നുവരികയാണ്. തൃണമൂലില്‍ നിന്നും മറ്റും കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെങ്കിലും ഹൈത്തുന്നിഷ അതിന് തയ്യാറായിട്ടില്ല. ഹൈത്തുന്നിഷയടക്കം ആറ് മുസ്‌ലിംകളാണ് പശ്ചിമബംഗാളിലെ ബി.ജെ.പി. സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്.

തൃണമൂലിനോട് പോരാടിനില്‍ക്കാനുള്ള ഒരു വേദിയെന്നതാണ് പാറൂയിയിലെ ന്യൂനപക്ഷസമുദായത്തെ ബി.ജെ.പി.യിലേക്കടുപ്പിച്ചത്. പാറൂയിക്കാരനും ബീര്‍ഭൂം ജില്ലയിലെ ന്യൂനപക്ഷമോര്‍ച്ച കണ്‍വീനറുമായ ഷേക്ക് ഷാജഹാന്‍ മുന്‍പ് സി.പി.എം. പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹത്തെപ്പോലെതന്നെ സി.പി.എമ്മിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ ബി.ജെ.പിയോട് ചേര്‍ന്നുനില്‍ക്കുന്നത്.

ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഈ ബി.ജെ.പി. ബന്ധം ഏറെക്കാലത്തേക്കുണ്ടാകുമെന്ന പ്രതീക്ഷ പക്ഷെ, പാര്‍ട്ടിയുടെ ജില്ലാനേതൃത്വത്തിനില്ലെന്നതാണ് ശ്രദ്ധേയം. ''ഇപ്പോള്‍ അവര്‍ ബി.ജെ.പി.യുടെ ഭാഗമായിരിക്കുന്നത് തൃണമൂലില്‍നിന്നുള്ള അക്രമം തടയാന്‍ വേണ്ടിയാണ്. പഴയ സി.പി.എമ്മുകാരെപ്പോലെതന്നെ ചില മുന്‍ തൃണമൂലുകാരും ഇങ്ങനെ ചേര്‍ന്നിരുന്നു. അവരില്‍ ചിലര്‍ തിരികെപ്പോയിട്ടുണ്ട്. ഇപ്പോള്‍ വന്നവരാരുംതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നില്ല. തൃണമൂല്‍ അക്രമിക്കുമെന്നതായിരുന്നു കാരണം പറഞ്ഞത്. ഇത്തവണ കേന്ദ്രസേനയുണ്ടല്ലോ. അതിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കും. ഈ വോട്ടുകള്‍ ബി.ജെ.പി.യുടെ നില മെച്ചപ്പെടുത്തുമോ എന്ന് അതോടെ അറിയാനാകും'' -ബി.ജെ.പി ബീര്‍ഭൂം ജില്ലാ അധ്യക്ഷന്‍ രാംകൃഷ്ണ റായി പറഞ്ഞു. കാത്തിരുന്നുകാണാം എന്ന മട്ട്.