കൊല്‍ക്കത്ത: അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയജീവിതത്തില്‍ ബിമന്‍ ബോസെന്ന രാഷ്ട്രീയനേതാവ് ഇടതിന് വോട്ടുചെയ്യാനായിട്ടല്ലാതെ വിരലനക്കിയിട്ടില്ല. പക്ഷേ, ഇക്കുറി പതിവുകളൊക്കെ വഴിമാറി. ചിരവൈരിയായിരുന്ന കോണ്‍ഗ്രസ്സിന്റെ പഴയ പടക്കുതിര സോമന്‍ മിത്രയ്ക്കുവേണ്ടി കൈപ്പത്തി ചിഹ്നത്തിലാണ് ബിമന്‍ദാ വോട്ടുകുത്തിയത്.

ഉള്ളിലല്‍പ്പം നൊന്തുകാണണം എഴുപത്തിയഞ്ചുകാരനായ ഈ സി.പി.എം. മുന്‍ സംസ്ഥാനസെക്രട്ടറിക്ക്. ഇടതുമുന്നണിയുടെ അമരക്കാരനെന്ന നിലയില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ വളര്‍ച്ചയുടെ ചുമതലക്കാരനാണ് അദ്ദേഹം. എന്നാല്‍, ആ ലക്ഷ്യം കൈവരിക്കാന്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കേണ്ടിവരുമെന്ന് പി.ബി. അംഗം കൂടിയായ ഈ മുതിര്‍ന്നനേതാവ് ചിന്തിച്ചിരിക്കില്ല. വ്യാഴാഴ്ച അലിമുദ്ദീന്‍ സ്ട്രീറ്റിനടുത്തുള്ള ഫസലുല്‍ ഹഖ് ഗേള്‍സ് സ്‌കൂളില്‍ വോട്ടുചെയ്യാനെത്തുമ്പോള്‍ അസുഖകരമായ ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെട്ട ബിമന്‍ദായെയാണ് കണ്ടത്.
         
 ബിമന്‍ദായ്ക്ക് ചൗരംഗി മണ്ഡലത്തിലാണ് വോട്ട്. കോണ്‍ഗ്രസ്സുമായി രൂപപ്പെട്ട സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷം ഈ മണ്ഡലം സോമന്‍ മിത്രയ്ക്ക് നല്‍കിയത്. ഇടതുപക്ഷത്ത് ബിമന്‍ബോസെന്നപോലെ നഗരത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാക്ഷ്യംവഹിച്ച മുതിര്‍ന്നനേതാവാണ് സോമന്‍മിത്ര. എന്നും തങ്ങളുടെ പാര്‍ട്ടിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയിരുന്ന ബിമന്റെ വോട്ട് തനിക്കനുകൂലമായി ലഭിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെയും പുത്തന്‍ അനുഭവം.

 കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെപ്പറ്റി പല വിമര്‍ശനങ്ങളുമുയരുന്നുണ്ടെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് ബിമന്‍ബോസിന്റെ ന്യായീകരണം. 'മമത ബാനര്‍ജി ഭരിക്കുന്ന സംസ്ഥാനത്ത്, ജനങ്ങള്‍ക്ക് അവരുടെ ജനാധിപത്യാവകാശങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുന്നില്ല. ഇത് സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സീറ്റുധാരണ രൂപപ്പെടുത്തിയത്. ഇത്തരമൊരു ധാരണയുണ്ടാകണമെന്ന് താഴെത്തട്ടിലുള്ള മനുഷ്യര്‍ ആഗ്രഹിക്കുന്നു. അവരുടെ ആ ആഗ്രഹത്തിനെ എതിര്‍ത്ത് മുന്നോട്ടുപോകാന്‍ കഴിയില്ല' -ബിമന്‍ബോസ് പറയുന്നു.