രാഷ്ട്രീയം വിചിത്രമായ കിടപ്പറബന്ധങ്ങൾ സൃഷ്ടിക്കുമെന്ന ചൊല്ല് ആവർത്തിച്ചുറപ്പിക്കുകയാണ് പശ്ചിമബംഗാളിലെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. താത്ത്വിക കടുംപിടിത്തം വിട്ട് ഇടതുപക്ഷം പ്രായോഗികസമീപനം മുന്നോട്ടുവെക്കുന്നു. പതിവുകൾ തെറ്റിക്കുന്ന ഇടത്-കോൺഗ്രസ് ബാന്ധവം അതാണ് തെളിയിക്കുന്നത്.കോൺഗ്രസ് ബന്ധം പാടില്ലെന്ന വിശാഖപട്ടണം പാർട്ടി കോൺഗ്രസ്സിന്റെ  രാഷ്ട്രീയ-അടവുനയരേഖയൊക്കെ തത്‌കാലം മാറ്റിവെച്ചിരിക്കുകയാണ് ബംഗാൾ സഖാക്കൾ. കേന്ദ്രീകൃതജനാധിപത്യവും അവധിയിലാണ്.

ബുദ്ധദേബ് മനസ്സിൽ കണ്ടതും ഗൗതം ദേബ് ആദ്യം സൂചന നൽകിയതുമായ കോൺഗ്രസ് സഖ്യം രൂപപ്പെടുത്തിയേ സി.പി.എം. ബംഗാൾ ഘടകം അടങ്ങിയുള്ളൂ.കോൺഗ്രസ്സാണെങ്കിൽ ഇടതുസഖ്യമെന്ന ആശയത്തെ രണ്ടുകൈയും നീട്ടിയാണ് സ്വാഗതംചെയ്തത്. രണ്ടു തരം രാഷ്ട്രീയവും നയപരിപാടികളുമാണ് തങ്ങളുടേതെന്ന് ഇരുകൂട്ടർക്കും അറിയായ്കയല്ല. പക്ഷേ, തൃണമൂൽ നിലത്തുനിർത്തിയാലല്ലേ രാഷ്ട്രീയം കളിക്കാൻപറ്റൂ. അതുകൊണ്ടുതന്നെ നിലനിൽപ്പാണ് പരമപ്രധാനം. വോട്ടുകൾ ഭിന്നിച്ച് കൂടുതൽ ക്ഷീണിക്കുന്നതിനെക്കാൾ പൊതുശത്രുവിനെതിരെ ഒന്നിച്ചുനിന്ന് തത്‌കാലം നില മെച്ചപ്പെടുത്തുകയെന്നതാണ് കോൺഗ്രസ്സും ഇടതും ലക്ഷ്യമിടുന്നത്. 

ബംഗാളിൽ ധാരണയ്ക്കു മാത്രമാണ് കേന്ദ്രകമ്മിറ്റി അനുമതിനൽകിയതെങ്കിലും എല്ലാ അർഥത്തിലും ധാരണ സഖ്യമായി വളർന്നുകഴിഞ്ഞു. കോൺഗ്രസ്സുമായി സഖ്യമില്ലെന്നും ഒരുമിച്ച് പ്രചാരണമില്ലെന്നും ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞതിന്റെ പിറ്റേന്നുതന്നെ പി.ബി. അംഗം മുഹമ്മദ് സലീം പത്രസമ്മേളനത്തിൽ ആ നിലപാട് മയപ്പെടുത്തി. കോൺഗ്രസ് അണികളുടെയിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനായിരുന്നു ഇത്. 

സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ്സ് നേതാക്കൾ ആദ്യമായി സി.പി.എം. ഓഫീസായ മുസഫർ അഹമ്മദ് ഭവനിലെത്തി. പാർട്ടി മുഖപത്രമായ ‘ഗണശക്തി’യുടെ ഓഫീസും ചർച്ചകൾക്ക് വേദിയായി. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ട അന്നുതന്നെ ദീപാ ദാസ് മുൻഷി പോയത് കാളിഘട്ടിലെ സി.പി.എം. മേഖലാ ഓഫീസിലേക്കാണ്. ദീപയുടെ പ്രചാരണത്തിനായി നടത്തിയ ജാഥയിൽ സി.പി.എം. രാജ്യസഭാ എം.പി. ഋതബ്രത ബാനർജിയും പങ്കെടുത്തു.

ഇടതുസഖ്യത്തിനോട് ആദ്യം മുഖംതിരിച്ചുനിന്ന മുതിർന്ന കോൺഗ്രസ് നേതാവ് മാനസ് ഭുനിയയും ദീപയെപ്പോലെതന്നെ ഇപ്പോൾ പ്രചാരണം നടത്തുന്നത് സി.പി.എം. അണികളോടൊപ്പമാണ്. ലാൽസലാം വിളികളോടെയാണ് സബംഗ് മണ്ഡലത്തിലെ ഇടത് അണികൾ ഭുനിയയെ വരവേറ്റത്. സഖ്യം കണ്ടുള്ള അമ്പരപ്പ് മാറുംമുമ്പ് സംയുക്തസർക്കാറെന്ന സാധ്യത മുന്നോട്ടുവെച്ച് വീണ്ടും അമ്പരപ്പിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര ഇപ്പോൾ.

എന്തുകൊണ്ട് അത്തരമൊരു സർക്കാർ പാടില്ലെന്നാണ് കോൺഗ്രസ് നേതാക്കളും ചോദിക്കുന്നത്.പതിനഞ്ചോളം സീറ്റുകളിൽ ഇരുകൂട്ടരും സൗഹൃദമത്സരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ പ്രശ്നവും ഏതാണ്ട് പരിഹരിക്കപ്പെട്ടുകഴിഞ്ഞു. പരസ്പരം പോരടിച്ചിരുന്ന നാളുകളെ ഓർമിപ്പിക്കുന്ന വിഷയങ്ങളൊന്നും ചർച്ചയാകാതിരിക്കാനാണ് ഇരുകൂട്ടരും ഇപ്പോൾ ശ്രദ്ധിക്കുന്നത്. സി.പി.എമ്മുകാരാൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സായിബാഡിയിൽ പതിവ് അനുസ്മരണദിനത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ രാവിലെ നടന്നില്ല. സംഭവം ചർച്ചയായതോടെ വൈകീട്ട് ഏതാനും കോൺഗ്രസ് നേതാക്കളെത്തി ഒരു പുഷ്പാർച്ചന നടത്തി.

സിലിഗുഡി-ജൽപായ്ഗുഡി വികസന അതോറിറ്റിയിലെ അഴിമതിയെ ശക്തമായി വിമർശിച്ചുപോന്ന ഇടതുമുന്നണി ഇപ്പോൾ അക്കാര്യം പരാമർശിക്കുന്നേയില്ല. അതോറിറ്റിയുടെ ബോർഡംഗം കൂടിയായ കോൺഗ്രസ് നേതാവ് ശങ്കർ മാലാക്കർ മാട്ടിഗാര-നക്സൽബാരി മണ്ഡലത്തിലെ സംയുക്ത സ്ഥാനാർഥിയായതാണ് കാരണം. ഇരുമുന്നണികളിലെയും പ്രവർത്തകർ സംയുക്തമായാണ് ചുവരെഴുത്തും ജാഥയുമെല്ലാം. 'ഹാഥും'(കൈ) 'കസ്തേ ഹാത്തൂരി താരാ'യും(അരിവാൾ ചുറ്റിക നക്ഷത്രം) തമ്മിലുള്ള സഖ്യം തൃണമൂലിനെ ബംഗാളിൽനിന്നോടിക്കുമെന്ന ചുവരെഴുത്തുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ്സും ചുവരുകളിൽ ചിത്രങ്ങൾവരച്ച് പ്രചാരണം നടത്തുന്നു. ബി.ജെ.പി.യും സഖ്യത്തെ എല്ലാ വേദികളിലും കളിയാക്കുന്നുണ്ട്.പാനിഹട്ടി മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ ഇടത്-കോൺഗ്രസ് പ്രവർത്തകരുടെ ഒരു സംയുക്തപ്രകടനം കണ്ടു. അത്യാവശ്യം നല്ല ആളുണ്ട്. ഒരു പോയിന്റ് കഴിയാൻ ഇരുപത് മിനിറ്റെടുത്തു. സ്ഥാനാർഥി കോൺഗ്രസ്സുകാരനായ തൻമയ് ബന്ദോപാധ്യായയാണ്. 'കൈ ചിഹ്നത്തിൽ വോട്ട് ചെയ്യൂ' എന്ന് ഒരു പ്രവർത്തകൻ വിളിച്ചുകൊടുക്കുമ്പോൾ 'വോട്ടു ചെയ്യൂ, വോട്ട് ചെയ്യൂ' എന്ന് ചെെങ്കാടികളേന്തിയ പ്രവർത്തകരടക്കം ഏറ്റുവിളിക്കുന്നു. മാറിയ പശ്ചിമബംഗാളിന്റെ നേർക്കാഴ്ച.