ബ്രിട്ടീഷുകാർ അധികാരം പിടിക്കുംമുമ്പ് ബംഗാൾ ഭരിച്ച നവാബുമാരുടെ തലസ്ഥാനമായിരുന്നു മുർഷിദാബാദ്. ഇന്ന് ബംഗാളിലെ ശോഷിച്ചുപോയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലസ്ഥാനവും ഇതേ മുർഷിദാബാദ് തന്നെ. സി.പി.എമ്മിന്റെയോ തൃണമൂലിന്റെയോ പൂർണ ആധിപത്യത്തിന് ഇടംകൊടുക്കാതെ മുർഷിദാബാദ് ‘കൈ’പ്പിടിയിലാക്കിയതിനുള്ള പ്രധാന ക്രെഡിറ്റ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി എം.പി.ക്കുള്ളതാണ്. മുൻപിൻ നോക്കാതെയുള്ള അദ്ദേഹത്തിന്റെ സംഘാടനശൈലിയാണ് ജില്ലയിൽ പാർട്ടിയുടെ ആധിപത്യമുറപ്പിച്ചത്. ആകെയുള്ള 5,000 ബൂത്തുകളിൽ സംഘടനാസംവിധാനം ശക്തമാക്കി അധിർ പാർട്ടിക്ക്‌ കെട്ടുറപ്പ് നൽകി. മറ്റിടങ്ങളിൽ പുലികളായ തൃണമൂലുകാർ ഇവിടെ പൂച്ചകളാണ്.

ബെറാംപുരിലെ ജില്ലാ കോൺഗ്രസ് ഓഫീസ് ആകെ അധിർ മയം. അദ്ദേഹം ജില്ലാപര്യടനത്തിനുപയോഗിച്ച സൈക്കിൾ ഓഫീസിലെ പ്രധാന പ്രദർശനവസ്തുവാണ്. ജില്ലയിലെ കോൺഗ്രസ്സിന്റെ സ്വാധീനം ഓഫീസിലിരുന്നാൽത്തന്നെ അറിയാം. പലതരം ആവലാതികളുമായി ആൾക്കാർ വരുന്നു. തന്റെ മകളെ ബലാത്സംഗം ചെയ്തവനെതിരെയുള്ള പരാതിയുമായാണ് ഒരു വീട്ടമ്മ വന്നിരിക്കുന്നത്. പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണി മുഴക്കുന്നു. പാർട്ടിവക്താവ് കൂടിയായ അശോക് ഘോഷ് സ്ഥലത്തെ പാർട്ടിപ്രവർത്തകർക്ക് ഫോണിൽ നിർദേശം നൽകി. ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകണം. പ്രതിയുടെ ശല്യം തടയണം. മറ്റൊരാൾക്കുവേണ്ടത് ജില്ലാ ആസ്പത്രിയിൽ ഒരു മുറിയാണ്, നോക്കാമെന്ന് ഘോഷ്.

22 നിയമസഭാ മണ്ഡലങ്ങളുണ്ട് ജില്ലയിൽ. സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ്-സി.പി.എം. സഖ്യമുണ്ടെങ്കിലും മുർഷിദാബാദിലെ പത്തുസീറ്റുകളിൽ ഇരുപക്ഷവും തമ്മിൽ സൗഹൃദമത്സരത്തിലാണ്. ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. “ഇടതുപക്ഷം മോശം സ്ഥാനാർഥികളെയാണ് ഇവിടേക്ക് നിർദേശിച്ചത്. എന്തായാലും അവിടെ ഞങ്ങൾ ഉറപ്പായും ജയിക്കും”- ഘോഷ് പറഞ്ഞു. സന്ധ്യയോടെ ബെറാംപുരിൽനിന്ന് 35 കി.മീ. അകലെയുള്ള ലാൽഗോലയിലെ പൊതുസമ്മേളന വേദിയിലെത്തുമ്പോൾ അധിറിന്റെ വരവിനായി പുരുഷാരം കാത്തുനിൽക്കുന്നു. 25 വർഷമായി ഇവിടത്തെ എം.എൽ.എ.യായ മുതിർന്ന കോൺഗ്രസ് നേതാവ് അബു ജെനയാണ് ഇക്കുറിയും സ്ഥാനാർഥി. വേദിയിൽ സി.പി.എം. ജില്ലാ സെക്രട്ടറി തുഷാർ ഡേയുടെ പ്രസംഗം തകർക്കുന്നു. 

‘‘മറ്റൊരു കക്ഷിയെയും പ്രവർത്തിക്കാൻ വിടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേത്. കാട്ടുനീതിയാണിവിടെ നടക്കുന്നത്. വികസനവുമില്ല, തൊഴിലവസരങ്ങളുമില്ല. തൊഴിൽകിട്ടാത്തവർക്കായി ‘തേലാബാജ’(എണ്ണപ്പലഹാരം) ഫാക്ടറികൾ തുടങ്ങുമെന്ന് മമത പറയുന്നു. നമ്മുടെ ചെറുപ്പക്കാരെ ഈവിധം അപമാനിക്കാൻ ആരാണ് ഇവർക്ക് ലൈസൻസ് കൊടുത്തത്?’’ -ഡേ ചോദിക്കുന്നു. പ്രസംഗം പകുതിവഴിയായപ്പോഴേക്കും ജനക്കൂട്ടമിളകി. അധിർ എത്തിയിരിക്കുന്നു. ബെറാംപുരിൽ ഹെലികോപ്റ്ററിറങ്ങി അവിടെനിന്നു കാറിലാണ് വരവ്. ആർപ്പുവിളികളോടെ ജനം ആനയിച്ചുകൊണ്ടുവന്ന് വേദിയിലാക്കി. താമസിച്ചതിന് അധിർ കാരണംപറഞ്ഞു. “അസം അതിർത്തിക്കടുത്തുള്ള ആലിപുർദ്വാറിൽനിന്നാണ് വരുന്നത്. നമുക്കുശക്തിയുള്ള ഇവിടെ നിങ്ങളുടെ വികാരപ്രകടനം സ്വാഭാവികമാണ്. എന്നാൽ, ആലിപുർദ്വാറിലും ജനങ്ങൾ ഈ സർക്കാറിനെതിരെ പ്രതികരിക്കുന്നത് കണ്ടപ്പോൾ ആഹ്ലാദം തോന്നി. പണ്ട് ‘കസ്തേ ഹാഥൂരി താരാ’ (അരിവാൾ ചുറ്റിക നക്ഷത്രം) ചിഹ്നവുമായാണ് നമ്മൾ പോരടിച്ചിരുന്നത്.

എന്നാൽ,  ഇന്ന് ഹാഥുരി (ചുറ്റിക) ഹാഥിൽ (കൈ) എത്തിക്കഴിഞ്ഞു.”-ജനം കൂട്ടച്ചിരിയോടെ കൈയടിക്കുന്നു.ബി.ജെ.പി.-മമത പരസ്പരാശ്രിതത്വത്തെ വിമർശിക്കാനാണ് അധിർ കൂടുതലും സമയം വിനിയോഗിച്ചത്. മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ അവരെ വേട്ടയാടുകയാണ് ബി.ജെ.പി. ‘ഭാരത് മാതാ കീ ജയ്’ എന്നുവിളിക്കാത്തവരെല്ലാം പാകിസ്താനിൽ പോകണമെന്ന് പറയുന്നു. എനിക്ക് രാജ്യസ്നേഹമുണ്ട്. ഇടയ്ക്കിടെ ഭാരത് മാതാ കീ ജയ് വിളിക്കാതിരുന്നാൽ അത് ഇല്ലാതാകുമോ? ഇത്തരം അസഹിഷ്ണുതയ്ക്കെതിരെ മമത മിണ്ടുന്നേയില്ല. മോദിയെ കയറുകൊണ്ട് കെട്ടി ജയിലിലേക്ക് നടത്തുമെന്ന് പണ്ടുപറഞ്ഞയാളാണ്. പിന്നെ നമ്മൾ കാണുന്നത് ഷേഖ് ഹസീനയോടൊപ്പം ഇരുവരും ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ്”. ആദ്യം പ്രസംഗിച്ച തുഷാർ ഡേയുടേതുമായി താരതമ്യം ചെയ്താൽ മൂർച്ച കുറവാണ് അധിറിന്റെ പ്രസംഗത്തിന്. പ്രസംഗത്തേക്കാൾ സംഘാടനശേഷിയാണ് ഈ നേതാവിന്റെ കൈമുതലെന്ന് വ്യക്തം.